മാറാത്ത നടുവേദനയും നെഞ്ചുവേദനയും; ബ്രെസ്റ്റ് ഇംപ്ലാന്റുകൾ എടുത്തുമാറ്റി ഷെർലിൻ ചോപ്ര

ഷെർലിൻ ചോപ്ര / AFP, Wikipedia
ഷെർലിൻ ചോപ്ര / AFP, Wikipedia

ബ്രെസ്റ്റ് ഇംപ്ലാന്റുകൾ നീക്കം ചെയ്ത് നടിയും മോഡലുമായ ഷെർലിൻ ചോപ്ര. ഒരു വീഡിയോയിലൂടെയാണ് ഷെർലിൻ ഇക്കാര്യമറിയിച്ചത്. സോഷ്യൽ മീഡിയയുടെ സമ്മർദം മൂലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തരുതെന്ന് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓർമിപ്പിക്കുകയും ചെയ്തു.

''നെഞ്ചിൽനിന്ന് ആ വലിയ ഭാരം എടുത്തുമാറ്റി. ഇപ്പോൾ ഒരു പൂമ്പാറ്റയെ പോലെ ഭാരക്കുറവ് തോന്നുന്നു'', എന്നാണ് ഷെർലിൻ ശസ്ത്രക്രിയയ്ക്കുശേഷം പറഞ്ഞത്.

''നിങ്ങൾ എന്ത് ചെയ്യുമ്പോഴും അതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വ്യക്തമായി അറിയുക. നിങ്ങളുടെ കുടുംബവുമായും മെഡിക്കൽ വിദഗ്ധരുമായും ആഴത്തിൽ സംസാരിക്കുക. തീരുമാനമെടുക്കാൻ തിരക്കുകൂട്ടരുത്. ആളുകൾ പറയുന്നതിനെ പൂർണമായും വിശ്വസിക്കുകയും ചെയ്യരുത്''. 825 ഗ്രാം വീതം ഭാരമുള്ള ഇംപ്ലാന്റുകളാണ് ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റിയത്.

സിലിക്കോൺ ഇംപ്ലാന്റുകൾ തനിക്ക് നിരന്തരമായ അസ്വസ്ഥതയും വിട്ടുമാറാത്ത വേദനയും ഉണ്ടാക്കിയതായി അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിട്ടുമാറാത്ത പുറംവേദനയും നെഞ്ചുവേദനയും തോൾവേദനയുമായിരുന്നു അവരുടെ പ്രശ്‌നം. ഡോക്ടർമാരെ കണ്ടപ്പോൾ വർഷങ്ങൾക്ക് മുമ്പ് ശരീരത്തിൽ പിടിപ്പിച്ച സിലികോൺ ഇംപ്ലാന്റുകളാണ് വേദനയുണ്ടാക്കുന്നതെന്ന് മനസ്സിലാക്കി. ഭാരമേറിയ ഇംപ്ലാന്റുകൾ അവരുടെ ശരീരത്തിൽ സമ്മർദം ഏൽപിക്കുകയായിരുന്നു. ഇത്തരം ഇംപ്ലാന്റുകൾ നെഞ്ചിലെ പേശികളിലും നട്ടെല്ലിലും അധികഭാരം ചെലുത്തുമെന്നും ഇത് വിട്ടുമാറാത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞതായും ഷെർലിൻ വെളിപ്പെടുത്തി. അങ്ങനെയാണ് അത് നീക്കംചെയ്യാൻ തീരുമാനിക്കുന്നത്.

മോന എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ശരീരത്തിൽ ഒട്ടേറെ കോസ്‌മെറ്റിക് സർജറികളും നടത്തിയിട്ടുണ്ട് ഷെർലിൻ. എന്നാൽ അതിൽ പലതും പരാജയപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. ''എന്റെ താടിക്ക് കൂടുതൽ നീളം വരാൻ കാരണം ഒരു കോസ്മെറ്റോളജിസ്റ്റിന്റെ അറിവില്ലായ്മയാണ്. ചുണ്ടുകൾ ഇങ്ങനെ വീർത്തുനിൽക്കുന്നതിന് കാരണവും അതുതന്നെ''. 2023-ലാണ് ഫേഷ്യൽ ഫില്ലേഴ്‌സ് എടുത്തുമാറ്റാൻ ഷെർലിൻ തീരുമാനിച്ചത്.

തെലുഗുസിനിമയിലൂടെയാണ് ഷെർലിൻ വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ അമേരിക്കയിലെ 'പ്ലേബോയ്' മാഗസിനിൽ കവർഗേളായി വന്നപ്പോഴാണ് അവരുടെ പ്രശസ്തി വർധിക്കുന്നത്. ഇപ്പോൾ വെബ്‌സീരീസുകളിലും സജീവമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Sherlyn Chopra shares her experience of removing breast implants after suffering from chronic back and chest pain