സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധ; ചികിത്സ വൈകിപ്പിക്കരുത്

#ഡോ.ശ്രീദേവി പി. സീനി.കണ്‍സള്‍ട്ടന്റ്, ഗൈനക്കോളജിസ്റ്റ്, ആസ്റ്റര്‍മിംസ്,കണ്ണൂര്‍
പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് മൂത്രനാളിയിലെ അണുബാധ. മൂത്രനാളി ചെറുതായതിനാലും, ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ച് നില്‍ക്കേണ്ടി വരുന്നതിനാലും, ലൈംഗികബന്ധത്തിന് ശേഷം ശുചിത്വം പാലിക്കാത്തതിനാലും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാലുമൊക്കെയാണ് കൂടുതലായും അണുബാധ ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് ഈ അവസ്ഥ. എന്നാല്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുന്‍കരുതലെടുക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

ശ്രദ്ധയും കരുതലും
അതീവ ഗൗരവതരമായ രോഗാവസ്ഥയായി പൊതുവെ മൂത്രനാളിയിലെ അണുബാധയെ കണക്കാക്കാറില്ല. എന്നാല്‍ ഈ അവസ്ഥയെ നിസ്സാരമായി അവഗണിക്കുന്നതും, അശാസ്ത്രീയമായ ചികിത്സകള്‍ നടത്തുന്നതുമൊക്കെ രോഗത്തെ സങ്കീര്‍ണ്ണമാക്കുവാനേ സഹായിക്കുകയുള്ളൂ. അതുപോലെ തന്നെ പ്രമേഹരോഗബാധിതരായവരും ആര്‍ത്തവ വിരാമം ആയവരിലും രോഗസാധ്യത കൂടുതലാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 

ലക്ഷണങ്ങള്‍

  • ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന് തോന്നുക, ചെറിയ അളവില്‍ മൂത്രം ഒഴിക്കുക.
  • മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടുക. 
  • മൂത്രം കലങ്ങിയ നിറത്തില്‍ കാണപ്പെടുക
  • മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം, ചുവപ്പ്, പിങ്ക്, കോളയുടെ നിറം തുടങ്ങിയ അവസ്ഥയില്‍ കാണപ്പെടുക.
  • ഇടുപ്പിന്റെ ഭാഗത്ത് (വസ്തി പ്രദേശം), പ്രത്യേകിച്ച് മധ്യഭാഗത്തും അടിവയറ്റിലും ശക്തമായ വേദന അനുഭവപ്പെടുക.
  • പനിയും കുളിരും അനുഭവപ്പെടുക

എങ്ങനെ പ്രതിരോധിക്കാം

  • ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക എന്നത് തന്നെയാണ് പ്രധാനം. മരുന്ന് ഉപയോഗിച്ച് രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതും പ്രധാനമാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കണം.
  • ശുചിത്വം പാലിക്കുക എന്നതും പ്രധാനമാണ്. ലൈംഗികബന്ധത്തിന് ശേഷം ശുചിത്വം ഉറപ്പ് വരുത്തുകയും അതുപോലെ തന്നെ ലൈംഗിക ബന്ധത്തിന് മുന്‍പ് പങ്കാളിയുടെ ശുചിത്വം ഉറപ്പ് വരുത്തുകയും വേണം. ലൈംഗികബന്ധത്തിനുശേഷം മൂത്രമൊഴിക്കുന്നത് സൂക്ഷ്മാണുക്കള്‍ മൂത്രനാളിയിലേക്ക് കടക്കാതിരിക്കാന്‍ സഹായകരമാകും.
  • മൂത്രം ദീര്‍ഘനേരം പിടിച്ച് നിര്‍ത്തരുത്. 
  • ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന പാഡുകള്‍ ഇടയ്ക്കിടെ മാറ്റുകയും മെന്‍സ്ട്രല്‍ കപ്പാണെങ്കില്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം.
  • പ്രമേഹമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം നിയന്ത്രണവിധേയമാണ് എന്ന് ഉറപ്പുവരുത്തണം.

Content Highlights: Know urinary tract infections (UTIs), common in women. Symptoms, prevention, and treatments.