“നിങ്ങള്‍ക്ക് പാമ്പിന്റെ ഇറച്ചി കഴിക്കണോ? കൊന്നയുടനെ പാമ്പിന്‍റെ ഹൃദയവും രക്തവും ഒരു ഷോട്ട് ഗ്ലാസില്‍ തരും. ഒറ്റവലിക്ക് കുടിച്ചാല്‍ മതി”

വിയറ്റ്‌നാമിലെ ഹനോയിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നൊരു ഗ്രാമമുണ്ട്- ലെ മാറ്റ്. പുറമെ നിന്നു നോക്കുമ്പോള്‍ ശാന്തസുന്ദരമായൊരു ഗ്രാമം. വൈകുന്നേരം ആറു മണികഴിഞ്ഞാല്‍ സൊറ പറഞ്ഞിരിക്കുന്ന കുറച്ച് അപ്പൂപ്പന്മാര്‍ ഒഴികെ അധികം ആരെയും പുറത്തു കാണാന്‍ സാധിക്കില്ല. പഞ്ചപാവംപോലെ തോന്നുന്ന ഈ ഗ്രാമം പുറംലോകത്തില്‍ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്- Snake village അഥവാ പാമ്പുകളുടെ ഗ്രാമം. ഇവിടെയുള്ള മിക്ക വീടുകളിലും 'പാമ്പ് കൃഷി' ഉണ്ട്. മിക്ക വീടുകളിലും പലതരം പാമ്പുകളെ വളര്‍ത്തും. ഭക്ഷിക്കാനും, മരുന്നായും, ലഹരിയായുമെല്ലാം.
ഞാന്‍ വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ ലെ മാറ്റില്‍ എത്തി. മിസ്റ്റര്‍ ലാപ് എന്ന മനുഷ്യനുമായി ഫോണില്‍ നേരത്തെ സംസാരിച്ച പ്രകാരമാണ് അഞ്ചു മണിക്കെത്തിയത്. ലാപ് ആ ഗ്രാമത്തിലെ പ്രധാന പാമ്പു വളര്‍ത്തുകാരനാണ്. ലാപ് പറഞ്ഞ സ്ഥലത്ത് എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. കണ്ട പാടെ ചോദിച്ചു, 'നിങ്ങള്‍ ഇന്ത്യന്‍ ആണോ?' 'അതേ!'
Content Highlights: Discover Le Mat, Vietnam`s famous Snake Village. Learn about snake farming, snake wine, and the unique culture of this fascinating community near Hanoi. A must-visit for adventurous travelers.