ചിക്കൻ മപ്പാസും പോർക്ക് പിരളനും കൂട്ടി കള്ളപ്പം കഴിക്കാം

കള്ളപ്പം
പച്ചരി- രണ്ട് കപ്പ്
കള്ള്- മുക്കാൽ കപ്പ്
തേങ്ങ- ഒരു കപ്പ്
ചെറിയുള്ളി- മൂന്നെണ്ണം
ജീരകം- അര ടീസ്പൂൺ
പഞ്ചസാര- ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്- അര ടീസ്പൂൺ
പച്ചരി നാലു മണിക്കൂർ കുതിർത്ത് ഉള്ളിയും ജീരകവും കള്ളും തേങ്ങയും ചേർത്ത് നേർമയായി അരച്ചെടുക്കുക. ഇത് എട്ടു മണിക്കൂർ വെയ്ക്കണം. ശേഷം പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. മാവ് റെഡിയായി. ഇനി അപ്പം ചുട്ടെടുക്കാം.
ചിക്കൻ മപ്പാസ്
ചിക്കൻ- ഒരു കിലോ
പച്ചമുളക്- ആറെണ്ണം നെടുകെ മുറിച്ചത്
സവാള- രണ്ടെണ്ണം അരിഞ്ഞത്
കാരറ്റ്- ഒരെണ്ണം വട്ടത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി- ഒരു കഷണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത്
കറിവേപ്പില- മൂന്ന് തണ്ട്
ഒന്നും രണ്ടും തേങ്ങാപ്പാൽ- ഒരു മുറി തേങ്ങയുടെ
വെളിച്ചെണ്ണ- ആവശ്യത്തിന്
ഗരംമസാല- ഒരു ടീസ്പൂൺ
ഏലയ്ക്ക, പട്ട ചതച്ചത്- ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
ചിക്കൻ കഴുകി വൃത്തിയാക്കി വലിയ പീസുകളാക്കി ഗരംമസാല, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടുക. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള, ഉരുളക്കിഴങ്ങ്, കാരറ്റ്, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി വാങ്ങിവെക്കുക. ഇനി അതേ പാനിൽ ചിക്കൻ ചേർത്ത് വഴറ്റി വാങ്ങാം (അധികം മൊരിയരുത്). അടുത്തതായി എണ്ണയൊഴിച്ച് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ബാക്കി ഗരംമസാല, ചതച്ച ഏലയ്ക്ക, പട്ട എന്നിവ പാകത്തിന് ഉപ്പ് ചേർത്തിളക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ച ചിക്കനും വഴറ്റിവെച്ച ചേരുവകളും രണ്ടാം പാലും ചേർത്ത് വീണ്ടും വരട്ടുക. ശേഷം മൂടിവെക്കുക. ചിക്കൻ പാകമായാൽ ഒന്നാം പാലൊഴിച്ച് ഇളക്കുക. പാലപ്പം, കള്ളപ്പം, ഇടിയപ്പം എന്നിവയ്‌ക്കൊപ്പം വിളമ്പാം.
പോർക്ക് പിരളൻ
പോർക്ക്- ഒരുകിലോ
ചുവന്നുള്ളി- 15 എണ്ണം
ഇഞ്ചി- വലിയ കഷണം
വെളുത്തുള്ളി- 20 അല്ലി
കറിവേപ്പില- രണ്ട് തണ്ട്
കടുക്- അര ടീസ്പൂൺ
മുളകുപൊടി- ഒന്നര ടേബിൾ സ്പൂൺ
കുരുമുളകുപൊടി- രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
ഗരംമസാല- രണ്ട് ടീസ്പൂൺ
ഏലയ്ക്ക ചതച്ചത്- ആെറണ്ണം
പോർക്ക് ചെറുതായി നുറുക്കി കഴുകി വൃത്തിയാക്കുക്കുക. ഇതിലേക്ക് ഉപ്പ്, പകുതി ഗരം മസാല, പകുതി കുരുമുളക് പൊടി ഇവ ചേർത്ത് മിക്‌സ് ചെയ്ത് കുക്കറിൽ മൂന്ന് വിസിൽ വരുംവരെ വേവിക്കുക. പത്തുമിനിട്ടിന് ശേഷം മൂടി തുറക്കുക. ഒരുപാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി, ചുവന്നുള്ളി, വെളുത്തുള്ളി ഇവയിട്ട് നന്നായി വഴറ്റുക. ശേഷം മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല ഇവ ഇട്ട് വരട്ടി മൂപ്പിക്കുക. ഇതിലേക്ക് വെന്ത ഇറച്ചി ഇടുക. കുരുമുളകുപൊടി, കറിവേപ്പില എന്നിവ ഇട്ട് വരട്ടി പത്തുമിനുറ്റ് അടച്ച് വയ്ക്കുക. ശേഷം ഏലയ്ക്ക ചതച്ചത് ഇട്ട് ഇളക്കി വാങ്ങുക.
താറാവ് മപ്പാസ്
താറാവ് ഇറച്ചി- അരക്കിലോ
സവാള- 100 ഗ്രാം
ഉള്ളി- 100 ഗ്രാം
പച്ചക്കുരുമുളക്- ഒന്നര ടേബിൾ സ്പൂൺ
പച്ചമുളക്- ആറെണ്ണം
തക്കാളി- രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിൾ സ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങയുടെ ഒന്നാം പാൽ- ഒരു കപ്പ്
രണ്ടാം പാൽ- മൂന്ന് കപ്പ്
വെളിച്ചെണ്ണ- ഒന്നര ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
ഉപ്പ്, കുരുമുളക് ചതച്ചത്- ആവശ്യത്തിന്
ഗരംമസാലപ്പൊടി- ഒരു ടീസ്പൂൺ
വിനാഗിരി- ഒന്നര ടീസ്പൂൺ
പഞ്ചസാര- അര ടീസ്പൂൺ
താറാവിറച്ചി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, ചതച്ച കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. പാൻ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ചതച്ച പച്ചക്കുരുമുളക്, തക്കാളി എന്നിവ ക്രമത്തിൽ വഴറ്റണം. മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് എണ്ണ തളിയ്ക്കുമ്പോൾ വേവിച്ച താറാവും രണ്ടാം പാലും ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം ഒന്നാംപാലും ഗരംമസാലപ്പൊടിയും വിനാഗിരിയും പഞ്ചസാരയും ഇട്ട് തിളച്ചശേഷം കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേർക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn to make delicious Kallappam, Chicken Mappas, Pork Piralan, and Duck Mappas with easy-to-follow instructions.