'ഫെറോസ് ദാരുവാല- 84 വയസ്സ്. മരണാനന്തര ചടങ്ങുകൾ വൈകീട്ട് നാലിന്', നസ്സേസലാർ ശവത്തിനായി കാത്തിരുന്നു

പാർസികളെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് അച്ഛനിൽനിന്നാണ്. 'ക്വീൻ' എന്ന അതിപ്രശസ്തമായ ബാൻഡിന്റെ പ്രധാനഗായകൻ ഫ്രഡ്ഡി മെർക്കുറി, ഗുജറാത്തി പാർസിയാണ്, അതുകൊണ്ട് ഇന്ത്യക്കാരൻ ആണെന്ന് അഭിമാനത്തോടെ അച്ഛൻ ഒരു ദിവസം പറഞ്ഞു. 'അയാളെക്കണ്ടാൽ വെള്ളക്കാരനെ പോലുണ്ടല്ലോ അതെങ്ങനെ ശരിയാകും?' എന്ന് ചോദിച്ചപ്പോൾ അതിന് മറുപടിയായി അച്ഛൻ ഇങ്ങനെ പറഞ്ഞു, 'അവർ സത്യത്തിൽ ഇറാനികളാണ്. അതാണ് ഇങ്ങനെ വെളുത്തു തുടുത്തിരിക്കുന്നത്. നമ്മുടെ രത്തൻ റ്റാറ്റാ ഇല്ലേ? മൂപ്പര് പാർസി ആണ്!' അന്ന് അവരെപ്പറ്റി കുറേ അന്വേഷിച്ചെങ്കിലും പിൽക്കാലത്ത്, മുംബൈയിൽ ആദ്യമായി യാത്ര പോയപ്പോഴാണ് പാഴ്‌സികളെ നേരിട്ട് കാണുന്നതും ഇടപെടുന്നതുമൊക്കെ. മഹാരാഷ്ട്രയിലെ മുംബൈലയിലും പൂണെയിലുമൊക്കെയാണ് പാഴ്‌സികളെ കൂടുതൽ കാണാൻ സാധിക്കാറുള്ളതെങ്കിലും പാഴ്‌സികൾ ആദ്യമായി കുടിയേറുന്നത് ഗുജറാത്തിലേക്കാണ്. ഇറാനിൽ അറബികളുടെ അധിനിവേശത്തോടെ മതപീഡനം ഭയന്ന് ഏകദേശം പതിനാറാം നൂറ്റാണ്ടിൽ കടൽമാർഗമാണ് അവർ ഗുജറാത്തിലേക്കെത്തുന്നത്. ഇന്ന് ഏകദേശം അറുപതിനായിരത്തിലധികം പാഴ്‌സികൾ ഇന്ത്യയിലുണ്ട്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം നമ്മളിൽ നിന്ന് വ്യത്യസ്തമാണ്. പ്രത്യേകിച്ചും മരണാനന്തരചടങ്ങുകൾ. അത് നേരിൽകാണാനും അറിയാനും മുംബൈയിൽ എത്തിയ ആദ്യ ദിവസം തന്നെ പുറപ്പെട്ടത് 'ഡാഖ്മ'യിലേക്കാണ്. പാഴ്‌സികളെ മരണശേഷം കൊണ്ടുവരുന്നത് ഇവിടെയ്ക്കാണ്. ഇവിടെ അവരെ മണ്ണിൽ അടക്കുകയോ ദഹിപ്പിക്കുകയോ ഇല്ല. പകരം വലിയ ഉയരമുള്ളൊരു കെട്ടിടത്തിന്റെ മുകളിലേക്ക് ശരീരം എത്തിക്കും. ആ കെട്ടിടത്തെ ടവർ ഓഫ് സൈലെൻസ് എന്നാണ് വിളിക്കുന്നത്. അവിടെ അവരെ കഴുകന്മാർ കൊത്തിവലിക്കും. ഏകദേശം ഒരു വർഷത്തോളം സൂര്യതാപവും കാറ്റും മഴയുമൊക്കെ കൊള്ളുന്ന ശരീരാവശിഷ്ടങ്ങൾ പിന്നീട് നീക്കം ചെയ്യും.
മുംബൈയിലെ തിരക്കുകളിൽ നിന്നെല്ലാം മാറി സിംലാ നഗറിലാണ് ഡാഖ്മ സ്ഥിതി ചെയ്യുന്നത്. ലോക്കലുകൾ ഡോങ്കേർവാടി എന്ന് വിളിക്കുന്ന ഈ സ്ഥലം പുറമെ നിന്ന് നോക്കിയാൽ മനോഹരമായ ഒരു പാർക്കോ ഉദ്യാനമോ ആണെന്നേ തോന്നൂ. ഇരുവശങ്ങളിലായി ഇടതൂർന്ന മരങ്ങളും പൂച്ചെടികളും. ഒത്ത നടുക്ക് ടാറിട്ട വഴി. മുന്നോട്ട് അല്പം നടക്കുമ്പോൾ ഇടതുവശത്തായി വെള്ള നിറത്തിൽ ഒറ്റനില കെട്ടിടം. കെട്ടിടത്തിന്റെ വാതിലിനു തൊട്ടുമുന്നിൽ ഒരു കറുത്ത ബോർഡുണ്ട്. 'ഫെറോസ് ദാരുവാല- 84 വയസ്സ്. മരണാനന്തര ചടങ്ങുകൾ വൈകീട്ട് നാലിന്'. ദാരു എന്നാൽ ഹിന്ദിയിൽ മദ്യം എന്നാണ്. നമുക്ക് കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും പാഴ്‌സികൾക്കിടയിൽ ഇത്തരം പേരുകൾ സർവസാധാരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ചെയ്തിരുന്ന തൊഴിൽ, താമസസ്ഥലം എന്നിവയൊക്കെ പേരിന്റെ അവസാനം, കുടുംബപ്പേരുപോലെ കൊടുക്കുന്ന പതിവ് ചില പാഴ്‌സികൾക്കിടയിലുണ്ടായിരുന്നു. ഈ ദാരുവാല അപ്പൂപ്പന്റെ പൂർവികർ മദ്യവിൽപ്പനക്കാർ ആയിരുന്നിരിക്കണം പണ്ട്. ഇതുപോലെ സ്‌ക്രൂവാല (സ്‌ക്രൂ വിൽക്കുന്നവൻ), ബാട്ട്‌ലിവാല (ബോട്ടിൽ വിൽപ്പനക്കാരൻ), ടയർവാല (ടയർ വിൽക്കുന്നവൻ), സോഡാവാട്ടർവാല (സോഡാ കച്ചവടക്കാരൻ), താരാപ്പൂർവാല (താരാപ്പൂർ സ്വദേശി) എന്നിങ്ങനെപോകുന്നു പാഴ്‌സിപ്പേരുകൾ. ഇതൊക്കെ ആലോചിച്ചു ഞാൻ പ്രധാനവാതിൽ കയറിയതും കുരച്ചുകൊണ്ട് ഒരു പട്ടി എന്റെ നേർക്ക് ചാടി. നാടനാണ്. തുടലിട്ട് കെട്ടിയിട്ടുണ്ട്. വല്ലാത്തൊരു വെറി അതിന്റെ മുഖത്തുണ്ട്. എന്റെ നേർക്കുള്ള മുരളൽ നിർത്തുന്നില്ല ആശാൻ. ഞാൻ ഐസ് പോലെ മരവിച്ചുനിന്നു. അതിന് മുൻപോ ശേഷമോ ഇതുപോലെ ഒരു നായയെ കണ്ട് ഞാൻ പേടിച്ചിട്ടില്ല.
Content Highlights: Parsi migration to India and their unique cultural identity. Detailed explanation of the Dakhma (Tower of Silence) and funerary rites., Insight into the role of the 'Nasse-salar' in performing final rituals., The environmental impact of Diclofenac on vulture populations and burial practices., The significance of dogs in Parsi death rituals.