സൂര്യന്‍ ആദ്യമെത്തുന്ന ഡോങ് താഴ്‌വര, സൂര്യനുദിക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന കാഞ്ചന്‍ജംഗ മലനിരകള്‍

ചെറിയ തണുപ്പിലും മുമ്പില്‍ ഉദിച്ചുവരുന്ന സൂര്യന്‍, കൈയിലൊരു കാപ്പി. കന്യാകുമാരിയുടെ ശാന്തമായ തീരങ്ങളിലിരുന്ന് സൂര്യന്‍ ഉദിച്ചുവരുന്നതും അകലെ കടലിന്റെ ആഴങ്ങളില്‍ പോയി പൊലിയുന്നതും...എത്ര മനോഹരമാണ് ആ സൂര്യോദയവും അസ്തമയവും. എന്നാല്‍ മൗണ്ട് അബുവിലിരുന്ന് സൂര്യന്റെ ആദ്യകിരണങ്ങളേറ്റു വാങ്ങുന്നത് വേറൊരു അനുഭവമാണ്. ഇങ്ങനെ സൂര്യന്‍ ഉദിച്ചുവരുന്നത് പല നഗരങ്ങളിലും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിലപ്പോള്‍ ചുറ്റിലുമുള്ള പ്രദേശം ആ പ്രകാശത്താല്‍ ഒന്നുകൂടി തിളങ്ങും.
1. ഡോങ് താഴ്‌വര
ഡോങ് താഴ്‌വരയില്‍ തലകാണിച്ചശേഷമേ സൂര്യന്‍ ഇന്ത്യയിലെ മറ്റിടങ്ങളിലേക്ക് പോവുകയുള്ളൂ. സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന സ്ഥലമെന്ന പ്രത്യേകത ഡോങ്ങിന് സ്വന്തം. അരുണാചല്‍ പ്രദേശിലെ വലോങ്ങിലാണ് ഡോങ് താഴ്‌വര. ഡോങ് താഴ്‌വരയില്‍നിന്ന് ഒന്നര മണിക്കൂര്‍ ട്രെക്ക് ചെയ്തുവേണം സൂര്യോദയം കാണുന്നിടത്തെത്താന്‍. സമുദ്രനിരപ്പില്‍നിന്ന് 1230 മീറ്റര്‍ ഉയരത്തിലാണിത്. അവിടെനിന്നാല്‍ ചൈനയിലെയും മ്യാന്‍മറിലെയും ചില പ്രദേശങ്ങളുടെ വിദൂരദൃശ്യം കാണാം. മൂന്ന് മണിക്ക് എങ്കിലും ട്രെക്കിങ് തുടങ്ങിയാലേ സൂര്യോദയം കാണാന്‍ കഴിയൂ. പുലര്‍ച്ചെ 4.30നാണ് ഇവിടെ സൂര്യനുദിക്കുന്നത്. മേഘങ്ങള്‍ വാരിപ്പുതച്ചുകിടക്കുന്ന മലനിരകളാണ് ഡോങ്ങിലെ പ്രത്യേകത. വലോങ് ആണ് ഡോങ്ങിനടുത്തുള്ള ടൗണ്‍. വലോങ്ങില്‍നിന്ന് ട്രെക്കിങ് തുടങ്ങുന്ന പോയിന്റ് വരെ വണ്ടിയില്‍ പോവാം. വലോങ് വാര്‍ മെമ്മോറിയല്‍, നമ്തി പ്ലെയിന്‍സ് വാര്‍ മെമ്മോറിയല്‍, ഡോങ് ഹാങ്ങിങ് ബ്രിഡ്ജ് എന്നിവയാണ് ഇവിടെ വരുന്നവരെ ആകര്‍ഷിക്കുന്ന ചിലയിടങ്ങള്‍. ദിബ്രുഗഡ് ആണ് അടുത്തുള്ള പ്രധാന വിമാനത്താവളം. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും ദിബ്രുഗഡിലേക്ക് ഫ്ളൈറ്റുകളുണ്ട്. അവിടെനിന്നും തെസു എന്ന പട്ടണത്തിലേക്ക് എപ്പോഴും ബസുണ്ട്. തെസുവില്‍നിന്നും വലോങ്ങിലേക്ക് പോവാം ബസിലോ ടാക്സിയിലോ പോവാം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് നല്ലത്. എങ്കിലേ സൂര്യനുദിക്കുന്നത് കാണാന്‍ കഴിയൂ. അല്ലെങ്കില്‍ മഞ്ഞ്, കാഴ്ച തടസ്സപ്പെടുത്താനിടയുണ്ട്.
2. കന്യാകുമാരി
ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന കന്യാകുമാരി. സൂര്യോദയവും അസ്തമയവും ഒരിടത്ത് കാണാവുന്ന ലോകത്തെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണിത്. അറബിക്കടലിന്റെ പശ്ചാത്തലത്തിലാണ് സൂര്യാസ്തമനകാഴ്ചകള്‍ കാണാനാവുക. പ്രാര്‍ഥനയുടെയും സ്വപ്നങ്ങളുടെയും വിരഹത്തിന്റെയുമെല്ലാം ഒരു സ്പര്‍ശമുണ്ട് ഇവിടുത്തെ ഉദയത്തിനും അസ്തമനത്തിനും. കാഴ്ച നല്‍കുന്ന സന്തോഷത്തേക്കാള്‍ അതൊരു അനുഭവമാണ്. കന്യാകുമാരി ക്ഷേത്രവും കടലിനു നടുവിലെ വിവേകാനന്ദപ്പാറയുമാണ് ഇവിടുത്തെ ആകര്‍ഷണം. വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സര്‍വീസുണ്ട്. ഗാന്ധി മണ്ഡപം (ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്ഥലം), കന്യാകുമാരി ക്ഷേത്രം (രാവിലെ നാലര മുതല്‍ ഉച്ച രണ്ടേകാല്‍, വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് മണി വരെ) വിവേകാനന്ദപ്പാറ, വാക്സ് മ്യൂസിയം, തിരുവള്ളുവര്‍ പ്രതിമ, ത്രിവേണി സംഗമം എന്നിവയും സന്ദര്‍ശിക്കാം.
3. ടൈഗര്‍ ഹില്‍, ഡാര്‍ജിലിങ്
മഞ്ഞ് വാരിപ്പുതച്ചുനില്‍ക്കുന്ന കാഞ്ചന്‍ജംഗ പര്‍വതനിരകള്‍. സൂര്യനുദിച്ചു വരുമ്പോള്‍ അതിന്റെ മുകള്‍ഭാഗത്ത് വെട്ടിത്തിളങ്ങുന്ന പിങ്ക് നിറമായിരിക്കും. പിന്നെയത് മഞ്ഞനിറവും സ്വര്‍ണനിറവുമാകും. ഈ കാഴ്ച അടുത്തുനിന്ന് കാണണമെങ്കില്‍, നേരെ ഡാര്‍ജിലിങ്ങിലെ ടൈഗര്‍ ഹില്ലിലേക്ക് പോവാം. ഇവിടെ നിന്നാല്‍ കാഞ്ചന്‍ ജംഗയും മൗണ്ട് എവറസ്റ്റും മനോഹരമായി കാണാം. സമുദ്രനിരപ്പില്‍നിന്ന് 2590 മീറ്റര്‍ ഉയരത്തിലാണ് ടൈഗര്‍ ഹില്‍. കാഞ്ചന്‍ ജംഗയ്ക്ക് മുകളിലൂടെ കാണുന്ന സൂര്യോദയമാണ് ഇവിടുത്തെ പ്രത്യേകത. ഡാര്‍ജിലിങ് പട്ടണത്തില്‍നിന്ന് 13 കിലോമീറ്റര്‍ ദൂരത്തിലാണ് ടൈഗര്‍ ഹില്‍. ടൗണില്‍നിന്ന് ടൈഗര്‍ ഹില്ലിലേക്ക് പോവാന്‍ വാഹനങ്ങള്‍ കിട്ടും. സദാ മഞ്ഞു മൂടിക്കിടക്കുന്ന ഇവിടുത്തെ കാലാവസ്ഥ കൂടി കനിഞ്ഞാലേ സൂര്യോദയം നന്നായി കാണാന്‍ പറ്റൂ. സെന്‍ചല്‍ വന്യജീവി സങ്കേതം, ബറ്റാസിയ ലൂപ്, ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക്, ഹിമാലയന്‍ മൗണ്ടനീറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഘൂം മൊണാസ്ട്രി, റോക്ക് ഗാര്‍ഡന്‍, ഗംഗാമയ പാര്‍ക്ക്, ഓറഞ്ച് വാലി ടീ പ്ലാന്റേഷന്‍ എന്നിവയും കാണാന്‍ പോകാം. ഡാര്‍ജിലിങ്ങിലെ ടോയ് ട്രെയിന്‍ യാത്രയും മനോഹരമായ അനുഭവമായിരിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ഡാര്‍ജിലിങ്ങില്‍ പോവാം. ഡാര്‍ജിലിങ്ങില്‍ വേനല്‍ക്കാലമാണത്. പക്ഷേ താപനില 25 ഡിഗ്രിയില്‍ കൂടാന്‍ സാധ്യത കുറവാണ്. മഞ്ഞുകാലത്തും മഴക്കാലത്തും സൂര്യോദയം നന്നായി കാണാന്‍ കഴിയണമെന്നില്ല.
4. റാന്‍ ഓഫ് കച്ച്
നോക്കെത്താദൂരത്തോളം വെള്ള വിരിച്ചുകിടക്കുന്ന ഉപ്പ് മരുഭൂമി. ഉദിച്ചുവരുന്ന സൂര്യന്റെ നേര്‍ത്ത കിരണങ്ങള്‍ പതിക്കുമ്പോള്‍, വെളുത്ത കല്ലുകള്‍ സ്വര്‍ണനിറം പൊഴിക്കും. വൈകുന്നേരമാവുമ്പോള്‍ നേര്‍ത്ത ഓറഞ്ച്നിറം അവശേഷിപ്പിച്ചുകൊണ്ട്, ഉപ്പിലേക്ക് അമര്‍ന്നുപോകുന്ന സൂര്യന്‍. ഇവിടുത്തെ സൂര്യനും നിങ്ങള്‍ക്കുമിടയില്‍ ആകാശം മുട്ടുന്ന പര്‍വതനിരകളില്ല, കടലിലെ തിരമാലകളുമില്ല. ഇത് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ സൂര്യോദയവും അസ്തമയവുമാണ്. ലോകത്തെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയാണിത്. ഒട്ടകവണ്ടിയിലാണ് സൂര്യാസ്തമയം കാണാന്‍ പോവുന്നത്. ഫുള്‍മൂണ്‍ ദിവസം പൂര്‍ണചന്ദ്രനെ കണ്ട് വെളുത്ത മരുഭൂമിയില്‍ കഴിച്ചുകൂട്ടാനും ധാരാളം ആളുകള്‍ കച്ചില്‍ എത്തുന്നു. ഉപ്പിലേക്ക് നിലാവെട്ടം വീഴുമ്പോള്‍, രത്നക്കല്ലുകള്‍ പോലെ അവ തിളങ്ങും. എല്ലാ വര്‍ഷവുമുള്ള റാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ആളുകള്‍ കച്ചിലേക്ക് വരുന്നു. ലാഖ്പട്ട്, കച്ച് മ്യൂസിയം, സിയോട്ട് ഗുഹകള്‍, ബണ്ണി ഗ്രാസ് ലാന്‍ഡ്, നാരായണ്‍ സരോവര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
5. താജ് മഹല്‍
താജ് മഹലിന് ഓരോ സമയത്തും ഓരോ നിറമാണ്, പ്രത്യേകിച്ച് സൂര്യന്റെ കിരണങ്ങള്‍ പതിക്കുമ്പോള്‍. സൂര്യവെളിച്ചത്തിനനുസരിച്ച് നിറം മാറുന്ന ആ വെണ്ണക്കല്‍കൊട്ടാരം ഒരു മനോഹരചിത്രമാണ് ആളുകള്‍ക്ക് നല്‍കുന്നത്. താജ് മഹലിന്റെ മുകളിലെ മകുടത്തില്‍ നേരിയ വെയില്‍ പതിക്കുമ്പോള്‍, അതിനെ കടും സ്വര്‍ണവര്‍ണം മൂടും. പിന്നീട് നിറം മാറിക്കൊണ്ടേയിരിക്കും. ഒടുവില്‍ സൂര്യന്റെ അവസാനകിരണവും തഴുകിക്കടന്നുപോകുമ്പോള്‍, താജ് നേര്‍ത്ത ചുവപ്പില്‍ കുളിക്കും. അതിനൊപ്പം പ്രശാന്തസുന്ദരമായ ആകാശത്തിലൂടെ അതിവേഗം കൂടുകളിലേക്ക് പറന്നകലുന്ന പക്ഷിക്കൂട്ടം. പ്രണയാനുഭവാണ് താജ്മഹലിലെ ഈ സൂര്യാസ്തമയം നല്‍കുന്നത്. താജ് മഹല്‍ കണ്ടശേഷം ആഗ്ര ഫോര്‍ട്ട്, ഫത്തേപൂര്‍ സിക്രി, മെഹ്താബ് ബാഗ് ഉദ്യാനം എന്നിവിടങ്ങളിലേക്കും പോവാം.
6. ദാല്‍ തടാകം, ശ്രീനഗര്‍
ഹിമാലയ മലനിരകളുടെ മടിത്തട്ടില്‍ ശാന്തമായി കിടക്കുന്ന തടാകം, അതിലൂടെ കുണുങ്ങിക്കുണുങ്ങി നീങ്ങുന്ന ചെറുവള്ളങ്ങള്‍, ചിലതിലെല്ലാം വില്‍ക്കാന്‍ വെച്ചിരിക്കുന്ന പലനിറത്തിലുള്ള പൂക്കള്‍, അതിനെല്ലാമിടയിലൂടെ മലനിരകളിലേക്ക് ഒളിക്കാനൊരുങ്ങുന്ന സൂര്യന്‍...ശരിക്കും ഏതോ കലാകാരന്റെ കാന്‍വാസ് പോലെ മനോഹരം. ഇത്രയും കാവ്യാത്കമായി സൂര്യന്‍ അസ്തമിക്കുന്നത് ശ്രീനഗറിലെ ദാല്‍ തടാകത്തിലാണ്. തടാകത്തിലെ ഹൗസ് ബോട്ടുകളിലോ ഷിക്കാരയിലോ ഇരുന്ന് ആ കാഴ്ച മനസ്സിലേക്ക് പതിപ്പിക്കാം. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ് ഗാര്‍ഡന്‍, മുഗള്‍ ഗാര്‍ഡന്‍, ഹസ്രത്ത്ബാല്‍ പള്ളി, ശങ്കരാചാര്യ ക്ഷേത്രം, ദച്ചിഗാം നാഷണല്‍ പാര്‍ക്ക്, പരി മഹല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും സന്ദര്‍ശിക്കാം. മെയ്- മുതല്‍ നവംബര്‍ വരെയാണ് നല്ല സമയം. തെളിഞ്ഞ ആകാശവും പ്രസന്നമായ കാലാവസ്ഥയുമായിരിക്കും ഈ സമയത്ത്.
7. ഉമിയം തടാകം, മേഘാലയ
ഗുവാഹാട്ടി- ഷില്ലോങ് ദേശീയപാതയിലാണ് ഉമിയം തടാകം. സൂര്യോദയത്തിലും അസ്തമനത്തിലും തടാകം ഒരു ദൃശ്യവിസ്മയം തന്നെയാണ്. സൂര്യന്‍ ഉദിച്ചുവരുമ്പോള്‍, തടാകത്തിലെ വെള്ളത്തിനും നേരിയ ചുവപ്പ് പടരാന്‍ തുടങ്ങും. അസ്തമസമയത്ത് വെളളം സൂര്യനെ നെഞ്ചിലേറ്റി ജ്വലിക്കാന്‍ തുടങ്ങും. ആദ്യം സ്വര്‍ണനിറത്തിലും പിന്നെ ഓറഞ്ച് നിറത്തിലും. സൂര്യന്‍ പിന്‍വാങ്ങുന്നതിനനുസരിച്ച് തടാകത്തിലെ നിറവും മങ്ങും. ശാന്തമായി ഇരുന്ന് സൂര്യാസ്തമനം കാണാന്‍ ഇതിലും നല്ലൊരു സ്ഥലമില്ല. കയാക്കിങ്, കനോയിങ്, ബോട്ടിങ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ചിറാപുഞ്ചി, എലിഫെന്റ് വെള്ളച്ചാട്ടം, വാര്‍ഡ്സ് തടാകം, നീളം കൂടിയ വെള്ളച്ചാട്ടമായ നൊഹ് കലികൈ എന്നിവയാണ് അതിനോട് ചേര്‍ന്ന് കാണാനുള്ളത്.
8. സണ്‍ സെറ്റ് പോയിന്റ് മൗണ്ട് അബു
ഒരു ഹീറോ പരിവേഷമുണ്ട് മൗണ്ട് അബുവിലെ സൂര്യാസ്തമനത്തിന്. ഖയാമത്ത് സെ ഖയാമത്ത് തക് ഉള്‍പ്പെടെ കുറേ ബോളിവുഡ് സിനിമകളില്‍ മുഖം കാണിക്കുന്നുണ്ട്, ഇവിടുത്തെ സൂര്യാസ്തമനം. ആരവല്ലി മലനിരകള്‍ക്കിടയിലേക്ക് വിടപറയുന്ന സൂര്യന്‍...മൗണ്ട് അബുവിലെ സണ്‍സെറ്റില്‍ നിന്നാല്‍, ഈ മനോഹരകാഴ്ച കാണാം. ഇവിടെയുള്ള വെണ്ണക്കല്ലില്‍ തീര്‍ത്ത ക്ഷേത്രങ്ങളില്‍ സൂര്യകിരണങ്ങള്‍ പതിക്കുമ്പോഴുള്ള ഭംഗിയും പറഞ്ഞറിയിക്കാനാവില്ല. അഛല്‍ഗാഡ് കോട്ട, നക്കി തടാകം, അഛലേശ്വര്‍ മഹാദേവ് ക്ഷേത്രം, ട്രിവേഴ്സ് ടാങ്ക്, വന്യജീവിസങ്കേതം തുടങ്ങിയവ ഇതിനടുത്താണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് മൗണ്ട് അബു സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
9. ഫോര്‍ട്ട് കൊച്ചി
ചീനവലകള്‍ക്കിടയിലൂടെ കടലിലേക്ക് മെല്ലെമെല്ലെ മായുന്ന സൂര്യനെ കാണണോ? എങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവാം. ഈ ദൃശ്യത്തിന് കൂടുതല്‍ ഭംഗി പകരാനായി അങ്ങകലെ വെള്ളത്തിലൂടെ ചാഞ്ചാടി ഉലയുന്ന കൂറ്റന്‍ കപ്പലുകളും. ഫോര്‍ട്ട് കൊച്ചിയിലെ സൂര്യാസ്തമനത്തിന്റെ ഭംഗി കണ്ടുതന്നെ അറിയണം. വറുത്തകടല കൊറിച്ച് ഉപ്പിലിട്ട മാങ്ങയും പേരയ്ക്കയും കടിച്ച്, ഈ സൂര്യാസ്തമനം ആസ്വദിക്കാം. ഫോര്‍ട്ട് കൊച്ചിയിലെത്തിയാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി, ജൂതത്തെരുവ്, കേരള ഫോക് ലോര്‍ തിയേറ്റര്‍-മ്യൂസിയം, മട്ടാഞ്ചേരി, സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്ക എന്നിവയും കാണാം.
10. സണ്‍സെറ്റ് പോയിന്റ്, അഗുംബെ
വനത്തിന്റെ നിശ്ശബ്ദതയില്‍ നിന്നുകൊണ്ട് അറബിക്കടലിലേക്ക് വീണുമറയുന്ന സൂര്യനെ കാണാന്‍, അഗുംബെയില്‍ പോവാം. ഉഡുപ്പിയില്‍നിന്ന് അഗുംബെയിലേക്കുള്ള പാതയിലെ പതിനാലാം ഹെയര്‍പിന്‍ വളവിലാണ് ഈ സണ്‍സെറ്റ് പോയിന്റ്. ജോഗിഗുണ്ടി വെള്ളച്ചാട്ടം, ബര്‍ക്കാനാ വെള്ളച്ചാട്ടം, ശൃംഗേരി മഠം, കൂഡ്ലു തീര്‍ഥ വെള്ളച്ചാട്ടം, സോമേശ്വര വന്യജീവിസങ്കേതം എന്നിവയാണ് അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കേരളത്തില്‍നിന്ന് ഗോവ വഴി പോവുന്ന ട്രെയിനുകള്‍ക്കെല്ലാം ഉഡുപ്പിയില്‍ സ്റ്റോപ്പുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് അഗുംബെ സന്ദര്‍ശിക്കാന്‍ പറ്റിയത്.
Content Highlights: ten best places to see sunrise and sunset