മഞ്ഞുമലയിടിഞ്ഞ് ആ ഗ്രാമം പൂർണമായും തകർന്നു;ഫോട്ടോയെടുക്കാനാളെത്തുന്നു; ഡിസാസ്റ്റർ ടൂറിസമെന്ന് ആളുകൾ

ബ്ലാറ്റൻ / Shutterstock
ബ്ലാറ്റൻ / Shutterstock

സ്വിറ്റ്‌സർലന്റിലെ മനോഹരമായ ഗ്രാമമായ ബ്ലാറ്റൺ. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ഗ്രാമത്തിന്. വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നുവിത്. ഹൈക്കിങ്, സ്‌കീയിങ് തുടങ്ങിയ അഡ്വഞ്ചർ വിനോദങ്ങൾക്ക് ഏറെ പ്രശസ്തമാണ് ഈ ഗ്രാമം.

എന്നാൽ, ഇക്കഴിഞ്ഞ മെയ് മാസത്തിനുശേഷം ഈ ഗ്രാമം പൂർണമായും ഭൂപടത്തിൽനിന്ന് മാഞ്ഞുപോയി. ശക്തമായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് ഇതിനു കാരണം.

മുകളിൽ നെസ്‌തോൺ പർവതമുള്ളതിനാൽ, മഞ്ഞിടിച്ചിൽ ഉണ്ടായേക്കാമെന്ന് അധികൃതർക്ക് ഉറപ്പായിരുന്നു. അവർ അത് സൂക്ഷ്മമായി നിരീക്ഷിക്കുകയുമായിരുന്നു. ആഴ്ചകൾ മുമ്പ് നെസ്തോൺ പർവതത്തിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയിരിക്കുന്നതായി അവർ കണ്ടെത്തി. അത് ബിർച്ച് മഞ്ഞുമലയുടെ മുകളിലേക്ക് വീഴുന്നതായും മഞ്ഞുപാളികളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നതായും മനസ്സിലാക്കി. ആഴ്ചകളോളം ബ്ലാറ്റൻ ഗ്രാമത്തിന് ഭീഷണിയായി അതങ്ങനെ നിന്നു.  

അതിനിടയിൽ ചെറിയ കല്ലുകളും മഞ്ഞുകഷണങ്ങളും താഴേക്ക് ഇടിഞ്ഞുവീഴാൻ തുടങ്ങി. എല്ലാ തവണയും ചെറിയ രീതിയിലുള്ള മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. എങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടാവില്ലെന്നായിരുന്നു അധികൃതർ ചിന്തിച്ചത്. പക്ഷേ, സംഭവിച്ചത് അതൊന്നുമല്ല.

പെട്ടെന്നൊരു ദിവസം എല്ലാ ചെറുത്തുനിൽപ്പും അവസാനിപ്പിച്ചുകൊണ്ട് മഞ്ഞുമലയുടെ ഭാഗങ്ങളും പാറക്കഷണങ്ങളും മണ്ണുമെല്ലാം താഴേക്ക് പതിച്ചു. ആ ശക്തിയിൽ ബ്ലാറ്റൻ ഗ്രാമം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. അവിടെയുള്ള പള്ളിയും രണ്ട് ഹോട്ടലുകളുമെല്ലാം അതിലുൾപ്പെടും.

വഴിയിലുള്ളതെല്ലാം തട്ടിനീക്കി, അവശിഷ്ടങ്ങളെല്ലാം ചെന്നുവീണത് ലോൻസ നദിയിലാണ്. അത് നദിയിൽ വെള്ളപ്പൊക്കത്തിനും കാരണമായി. അധികൃതർ ഉണർന്നുപ്രവർത്തിച്ചതിനാൽ, അവിടെയുണ്ടായിരുന്ന 300 ആളുകളെയും അവരുടെ വളർത്തുമൃഗങ്ങളെയുമെല്ലാം നേരത്തെ തന്നെ മാറ്റിത്താമസിപ്പിച്ചു. അതുകൊണ്ട് അവരെല്ലാം രക്ഷപ്പെട്ടു. എന്നാൽ, ഒരാളുടെ മാത്രം വിവരമില്ലെന്നാണ് അധികൃതർ പറയുന്നത്.

ഈ കൊച്ചുഗ്രാമത്തിൽ ഇപ്പോഴുള്ളത് കുറേ പാറക്കഷണങ്ങളും മണ്ണും മരങ്ങളും വെള്ളവും മാത്രമാണ്. അതിനുമുകളിൽ കാണുന്ന വീടുകളുടെ മേൽക്കൂരയും. ഒരു മണ്ണിടിച്ചിലിന്റെ ബാക്കിപത്രം പോലെ അതങ്ങനെ നിൽക്കുന്നു.

പ്രദേശം വൃത്തിയാക്കാനും വീണ്ടും ദുരന്തമുണ്ടായേക്കാമെന്ന സംശയത്താലും, അങ്ങോട്ടേക്കുള്ള വഴികളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. എങ്കിലും ഡിസാസ്റ്റർ ടൂറിസത്തിന്റെ പേരിൽ ആളുകളിപ്പോഴും ഇങ്ങോട്ട് പ്രവഹിക്കുന്നു. സ്ഥലം കാണുക, പറ്റിയാലൊരു ഫോട്ടോയെടുക്കുക...ഇതാണ് അങ്ങോട്ടേക്ക് എത്തുന്നവരുടെ മനസ്സിലുള്ള ആഗ്രഹം.

Content Highlights: avalanche wiped off this village in switzerland