താത്കാലികമായി നിര്‍മിച്ച ഈഫല്‍ ടവര്‍; 135 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ലോകത്തെ വിസ്മയിപ്പിക്കുന്നു

ഈഫല്‍ ടവര്‍ / AP
ഈഫല്‍ ടവര്‍ / AP

പാരീസിലെ ഈഫല്‍ ടവര്‍ ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അവിടുത്തെ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്നാണ്. ആറുദിവസത്തെ സമരം ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, അത് സാമ്പത്തികമായും അല്ലാതെയുമുണ്ടാക്കിയ നഷ്ടം ചെറുതല്ല. പ്രത്യേകിച്ച് 2024-ലെ സമ്മര്‍ ഒളിമ്പിക്‌സ് പാരീസില്‍ നടക്കാനിരിക്കുന്നതിനിടെയുണ്ടായ സമരം, അത് ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കുകയും ചെയ്തു. 

1889-ലാണ് ഈ ലോകാദ്ഭുതം പണിതത്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനത്തില്‍ ഒരു മുഖ്യാകര്‍ഷണം വേണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതാണ് ഈഫല്‍ ടവറിന്റെ നിര്‍മാണത്തിലെത്തുന്നത്. ഗുസ്‌തേവ് ഈഫല്‍ എന്ന എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരുന്നു രൂപരേഖ തയ്യാറാക്കിയതും പണി തുടങ്ങിയതും. ശുദ്ധമായ ഇരുമ്പ് കൊണ്ട് പല ഭാഗങ്ങളായി നിര്‍മിച്ച്, ഒടുവില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. താത്കാലികമായിട്ടുള്ള ഒരു നിര്‍മാണം, അത്രമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. 

മാത്രമല്ല, അന്ന് ഗുസ്‌തേവ് ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടിയും വന്നു. അസ്ഥികൂടം പോലുള്ള ഇത് ആര് കാണാനെന്നായിരുന്നു പ്രധാനമായുള്ള ആക്ഷേപം. അതെല്ലാം തട്ടിമാറ്റി, ഈഫല്‍ ടവര്‍ ലോകപ്രശസ്തിയിലേക്കെത്തുന്ന കാഴ്ചയാണ് വരുംവര്‍ഷങ്ങളില്‍ കണ്ടത്. ഓരോ വര്‍ഷവും കോടിക്കണക്കിന് ആളുകളാണ് ഈ ഗോപുരം സന്ദര്‍ശിക്കാനെത്തുന്നത്. ദിവസവും വരുന്നവരുടെ എണ്ണം ഏകദേശം 25,000 വരും. 

Photo: AFP

312 മീറ്ററായിരുന്നു ഇതിന്റെ ഉയരം. അക്കാലത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിര്‍മിത ഘടനയുമായിരുന്നു ഇത്. എന്നാല്‍ 1930-ല്‍ അമേരിക്കയിലെ ക്രിസ്ലെര്‍ ബില്‍ഡിങ് നിര്‍മിച്ചതോടെ, ഐഫല്‍ ടവര്‍ പിന്തളളപ്പെട്ടു. മുകളില്‍ സ്ഥാപിച്ച ആന്റിന ഉള്‍പ്പെടെ 330 മീറ്ററാണ് ഈഫലിന്റെ ഉയരം. 1964-ലാണ് ഇത് യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംനേടുന്നത്. ഒന്നും രണ്ടും നിലകളില്‍ റെസ്റ്റോറന്റുകളാണുള്ളത്. മുകളിലേക്ക് പോവാന്‍ ലിഫ്റ്റുമുണ്ട്. 

ശക്തിയായ മഞ്ഞുവീഴ്ചയും തണുപ്പും മൂലവും പണികള്‍ക്കായും ഈഫല്‍ ഇടയ്ക്ക് അടയ്ക്കാറുണ്ട്. എന്നാല്‍, പണിമുടക്കിനെത്തുടര്‍ന്ന് ഈഫല്‍ അടച്ചിടേണ്ടത് ഇത് രണ്ടാം തവണയാണ്. അതും മൂന്നുമാസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ പണിമുടക്ക്. 

ടവറിന്റെ അറ്റക്കുറ്റപ്പണികള്‍ വേഗം തീര്‍ക്കുക, വരുമാനത്തിനനുസരിച്ച് ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്.
 

Content Highlights: strike in eiffel tower