ക്രിസ്മസ് കാലത്ത് 'ടോം ക്രൂസ് കേക്ക്' കാത്തിരിക്കുന്ന ഹോളിവുഡ് താരങ്ങള്‍

എന്നും സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ അയച്ചുകൊടുക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഹോളിവുഡ് നടന്‍ ടോം ക്രൂസ്. ചില സുഹൃത്തുക്കളുടെ പിറന്നാള്‍ ഓര്‍ത്തുവെച്ച് എല്ലാ വര്‍ഷവും അവര്‍ക്ക് ഷൂസ് സമ്മാനമായി അയക്കാറുണ്ട് അദ്ദേഹം. എന്നാല്‍, ക്രിസ്മസ് അടുക്കുമ്പോള്‍ തന്റെ ഹോളിവുഡ് സുഹൃത്തുക്കള്‍ക്ക് ടോം ക്രൂസ് കൊടുക്കുന്നത് മറ്റൊരു സമ്മാനമാണ്, ഒരു ക്രിസ്മസ് കേക്ക്.
കാലിഫോര്‍ണിയയിലെ ഡോന്‍ ബേക്കറിയില്‍നിന്നുള്ള വൈറ്റ് ചോക്ലേറ്റ് കോക്കനട്ട് കേക്കാണ് തന്റെ സുഹൃത്തുക്കള്‍ക്ക് അദ്ദേഹം അയക്കുന്നത്. നൂറിലേറെ കേക്കുകളാണ് ആ ബേക്കറിയില്‍നിന്ന് ടോമിന്റെ നിര്‍ദേശപ്രകാരം പ്രത്യേകം തയ്യാറാക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള സുഹൃത്തുക്കള്‍ക്ക് കേക്ക് കൊടുത്തയക്കുന്നത് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിലാണ്. ക്രൂസ് കേക്ക് എന്നാണിത് അറിയപ്പെടുന്നത്. ഓരോന്നിനും 126 ഡോളറാണ് വില. ഏകദേശം 10,000 രൂപയ്ക്ക് മുകളില്‍.
ടോം ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2008-ല്‍ 'മാഡ് മണി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ടോമിന്റെ സഹതാരങ്ങളായ ഡയാന്‍ കീറ്റണും കാറ്റി ഹോംസും ഏതാണ് നല്ല കേക്ക് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. പല കേക്കുകളും അവര്‍ അതിന്റെ ഭാഗമായി രുചിച്ചുനോക്കി. അവര്‍ക്കൊപ്പം ടോമും കൂടി. ടോം ആണെങ്കില്‍ ചോക്ലേറ്റ് കേക്കിനോട് മാത്രം താത്പര്യമുള്ളയാളും. ഒടുവിലാണ് ഡോന്‍ ബേക്കറിയിലെ വൈറ്റ് ചോക്ലേറ്റ് കോക്കനട്ട് കേക്ക് രുചിച്ചത്. അതു കഴിച്ചതോടെ ടോമിന്റെ ചോക്ലേറ്റ് കേക്ക് പ്രേമവും അവസാനിച്ചു. ഈ കേക്ക് എല്ലാവര്‍ക്കും പങ്കുവെക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് എല്ലാ വര്‍ഷവും സുഹൃത്തുക്കള്‍ക്ക് കേക്ക് അയക്കാന്‍ തുടങ്ങിയത്.
ക്രീം ചീസ്, ഷ്രെഡഡ് കോക്കറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയാണ് ഈ കേക്കിന്റെ രുചി കൂട്ടുന്നത്. ടോം ക്രൂസ് ഇവിടുന്ന് കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങിയതോടെ, ഈ കേക്ക് മാത്രം അന്വേഷിച്ച് ബേക്കറിയിലെത്തുന്നത് ധാരാളം പേരാണ്.
Content Highlights: story behind tom cruise christmas cake