രാവിലത്തെ ഉപ്പുമാവ് ബാക്കിയുണ്ടോ? എളുപ്പത്തില്‍ തയ്യാറാക്കാം കട്‌ലെറ്റും ഊത്തപ്പവും ചീസ് ബോള്‍സും

ഉപ്പുമാവ്‌
ഉപ്പുമാവ്‌

രാവിലത്തെ ഉപ്പുമാവ് ബാക്കിയുണ്ടെങ്കില്‍, അതുപയോഗിച്ച് കുട്ടികള്‍ക്ക് വ്യത്യസ്തമായ നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. ഒരു കപ്പ് ഉപ്പുമാവില്‍ രണ്ട് ടീസ്പൂണ്‍ അരിപ്പൊടിയും രണ്ട് ടീസ്പൂണ്‍ കോണ്‍ ഫ്‌ളോറും ഉപ്പും മല്ലിയിലയും മൂന്ന് പച്ചമുളക് നുറുക്കിയതും അര സവാള നുറുക്കിയതും എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മാവ് നന്നായി കട്ടിയായിട്ടുണ്ടെങ്കില്‍, അതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ചേര്‍ക്കാം. ആവശ്യമെങ്കില്‍ ഗ്രേറ്റ് ചെയ്ത പച്ചക്കറികളും ഇട്ടുകൊടുക്കാം. കൈയില്‍ ഇത്തിരി മയം പുരട്ടിയശേഷം, മാവില്‍നിന്ന് അല്പാല്പമായെടുത്ത് വടയുടെ പരുവത്തില്‍ അമര്‍ത്തുക. എന്നിട്ട് ചൂടായ വെളിച്ചെണ്ണയില്‍ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാം. തേങ്ങാ ചട്ണി കൂടിയുണ്ടെങ്കില്‍, കൂടുതല്‍ രുചികരമാണ്. 
 
കാരറ്റും ബീന്‍സും ഗ്രീന്‍പീസുമെല്ലാമിട്ട് തയ്യാറാക്കിയ ഉപ്പുമാവ് ഒന്നര കപ്പ് എടുത്ത് മാറ്റിവെക്കുക. ആവശ്യമെങ്കില്‍ വളരെ കുറച്ച് വെള്ളം ചേര്‍ത്ത് ചെറുതായിട്ടൊന്ന് ഉടയ്ക്കുക. എന്നിട്ട് കട്‌ലെറ്റിന്റെ രൂപത്തില്‍ കൈയില്‍വെച്ച് പരത്തുക. മറ്റൊരു ബൗളില്‍ കാല്‍ കപ്പ് കോണ്‍ഫ്‌ളോര്‍, മുളകുപൊടി എന്നിവ വെള്ളമൊഴിച്ച് കലക്കുക. കട്‌ലെറ്റുകള്‍ ആദ്യം കോണ്‍ഫ്‌ളോര്‍ മാവിലും പിന്നീട് ബ്രെഡ് പൊടിയിലും മുക്കി, എണ്ണയില്‍ വറത്തുകോരാം. ടൊമാറ്റോ സോസിനൊപ്പം കഴിക്കാം. 

ഉപ്പുമാവില്‍നിന്ന് പത്തിരിയുമുണ്ടാക്കാം. ഒന്നര കപ്പ് ഉപ്പുമാവ്, മിക്‌സിയിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും നുറുക്കിയതും അര കപ്പ് അരിപ്പൊടിയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. എന്നിട്ട് ഓരോ ചെറിയ ഉരുളകളായെടുത്ത് മയംപുരട്ടിയ പ്രതലത്തില്‍വെച്ച് പരത്തുക. എന്നിട്ട് എണ്ണപുരട്ടിയ ചപ്പാത്തിക്കല്ലിലിട്ട് ഇരുവശവും വേവിച്ചെടുക്കാം.

രണ്ട് ഇടത്തരം ഉരുളക്കിഴങ്ങ് ഉടച്ചത്, ബ്രെഡ് പൊടി, അല്പം കുരുമുളകുപൊടി, വെളുത്തുള്ളിയും ഇഞ്ചിയും നുറുക്കിയത്, മല്ലിയില നുറുക്കിയത് എന്നിവ നന്നായി യോജിപ്പിക്കുക. ഇവ ചെറിയ ഉരുളകളായി മാറ്റിവെക്കുക. ചീസ് തുല്യ അളവില്‍ പത്ത് ഭാഗങ്ങളായി മുറിക്കുക. കുരുമുളകുപൊടി, നുറുക്കിയ ഉണക്കമുളക് എന്നിവ ആവശ്യത്തിനെടുത്ത് ചീസിനു മുകളില്‍ വിതറുക. നേരത്തെ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ടിലേക്ക് ഒരു കപ്പ് ഉപ്പുമാവ് നന്നായി കുഴച്ച് ചേര്‍ക്കുക. ഇതില്‍നിന്ന് ഓരോ ഉരുളകളായെടുത്ത് നടുവില്‍ ചീസ് വെച്ച് ഉരുട്ടിയെടുക്കാം. ശേഷം കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കിയതിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയില്‍ വറത്തുകോരാം. വ്യത്യസ്തമായ ചീസ് ബോള്‍സ് റെഡി. 

ഒരു കപ്പ് ഉപ്പുമാവ് എടുക്കുക. കട്ടപിടിച്ച് കിടക്കുന്നതെല്ലാം വേര്‍തിരിച്ചെടുക്കണം. ഇവ വെള്ളമൊഴിച്ച് കലക്കിയ കടലമാവില്‍ മുക്കി, എണ്ണയില്‍ വറത്തുകോരാം. 

ഒന്നര കപ്പ് ഉപ്പുമാവ് മൂന്ന് സ്പൂണ്‍ വെള്ളമൊഴിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് മുക്കാല്‍ കപ്പ് അരിപ്പൊടി, ഒരു സവാള നുറുക്കിയതും മൂന്ന് പച്ചമുളകും നുറുക്കിയതും ഉപ്പും ചേര്‍ത്തിളക്കുക. എന്നിട്ട് ദോശയ്ക്കുള്ള മാവിലും ഇത്തിരികൂടി കട്ടിയായി ഇളക്കിയെടുക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ത്തുകൊടുക്കാം. ഇതില്‍നിന്ന് ഓരോ സ്പൂണില്‍ മാവെടുത്ത് ദോശക്കല്ലിലൊഴിച്ച് ഊത്തപ്പം ഉണ്ടാക്കാം.  

Content Highlights: snacks from leftover upma