കപ്പയും ചമ്മന്തിയും ഒന്ന് വിട്ടുപിടിക്കാം, കപ്പയെ കൂട്ടുപിടിച്ച് തയ്യാറാക്കാം കിടിലന്‍ വിഭവങ്ങള്‍

വൈകുന്നേരത്തെ ചായയ്ക്ക് ഉപ്പിട്ട് വേവിച്ച കപ്പയും കാന്താരിയും ചെറിയുള്ളിയുമിട്ട ചമ്മന്തിയും അടിപൊളി കോമ്പിനേഷനാണ്. പിന്നെയുമുണ്ട് കുറച്ച് കപ്പ ബാക്കി. അത് വെറുതെ കളയുന്നതെങ്ങനെ? പകരം രുചികരമായ ചില വിഭവങ്ങളുണ്ടാക്കിയാലോ?
കാല്‍ കിലോ വേവിച്ച കപ്പ നന്നായി ഉടയ്ക്കുക. അതിലേക്ക് രണ്ട് സവാള നുറുക്കിയതും നാല് പച്ചമുളക് നുറുക്കിയതും ഒരു കഷണം ഇഞ്ചിയും കറിവേപ്പിലയും അരക്കപ്പ് അരിപ്പൊടിയും ഉപ്പുമിട്ട് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളവുമൊഴിച്ച് കൊടുക്കാം. വടയുടെ പരുവത്തില്‍ വേണം മാവ്. ഇനി കൈയില്‍ അല്പം എണ്ണമയം പുരട്ടി, അല്പാല്പമായി വടയുടെ പരുവത്തില്‍ പരത്തുക. എന്നിട്ട് ചൂടായ എണ്ണയിലിട്ട് വറുത്തുകോരാം. ഇതിനൊപ്പം പച്ചമുളകും തേങ്ങയും അരച്ചുചേര്‍ത്ത ചമ്മന്തിയാണ് നല്ലത്.
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള, നാല് പച്ചമുളക് എന്നിവ അരിഞ്ഞത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി, ഒരു തക്കാളി നുറുക്കിയതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ശേഷം ഒരുനുള്ള് ഗരംമസാലയും രണ്ട് ടീസ്പൂണ്‍ ബിരിയാണി മസാലയും ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ ഇളക്കണം. ഇനി കാല്‍ കപ്പ് ഗ്രീന്‍പീസ് വെള്ളത്തിലിട്ടതും കാല്‍ കപ്പ് കാരറ്റ് ചെറുതായി നുറുക്കിയതും ചേര്‍ക്കണം. വെന്തുവരുമ്പോള്‍ അതിലേക്ക് കാല്‍ കിലോ കപ്പ വേവിച്ചത് ചേര്‍ക്കാം. ഇനി ആവശ്യത്തിന് ഉപ്പുമിട്ട് ബിരിയാണിയുടെ പരുവത്തിലാകുമ്പോള്‍, മല്ലിയില നുറുക്കിയതും ചേര്‍ക്കാം.
ചപ്പാത്തിയുണ്ടാക്കുമ്പോള്‍ കപ്പ വേവിച്ചത് ചേര്‍ത്താല്‍ വ്യത്യസ്തമായ രുചി കിട്ടും. ചപ്പാത്തിക്കായി എടുക്കുന്ന മാവിന്റെ തുല്യ അളവില്‍ തന്നെ വേണം കപ്പയുമെടുക്കാന്‍. എന്നിട്ട് സാധാരണ പോലെ തന്നെ കുഴച്ച് മാവ് തയ്യാറാക്കാം.
കപ്പ കൊണ്ട് ദോശയുമുണ്ടാക്കാം. ഒരു കപ്പ് അരിപ്പൊടിയും അരക്കപ്പ് കപ്പ വേവിച്ചതും കാല്‍ കപ്പ് തേങ്ങ ചിരവിയതും ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശ ചുട്ടെടുക്കാം.
അരക്കിലോ കപ്പ വേവിച്ചതില്‍ കാല്‍ കിലോ തുവരപ്പരിപ്പ് കുതിര്‍ത്ത് അരച്ചതും രണ്ട് സവാള നുറുക്കിയതും അഞ്ച് പച്ചമുളക് നുറുക്കിയതും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വേണമെങ്കില്‍ കുറച്ചുകൂടി വെള്ളമൊഴിച്ചുകൊടുക്കാം. ഇനി അരക്കപ്പ് അരിപ്പൊടിയും കൂടിയിട്ട് നന്നായി ഇളക്കുക. ഇതില്‍നിന്ന് അല്പാല്പമായി എടുത്ത് ചൂടായ എണ്ണയിലിട്ട് വറുത്തുകോരാം.
Content Highlights: snacks from leftover kappa (boiled tapioca)