ചാന്ദ്ര പുതുവത്സരത്തിൽ ഗ്രാമം ചുവപ്പും പിങ്കും കൊണ്ട് നിറയും; ദശലക്ഷക്കണക്കിന് സുഗന്ധമുള്ള ചന്ദനത്തിരികൾ ചുറ്റും നിരക്കും

വടക്കൻ മേഖലയിലെ സാഹസികത ലക്ഷ്യമിട്ടാണ് മിക്ക സഞ്ചാരികളും വിയറ്റ്നാമിലെ, ഹാനോയിലെത്തുന്നത്. എന്നാൽ വടക്കൻ വിയറ്റ്നാമിലെ ക്വാങ് ഫു കാവു ഗ്രാമത്തിലേക്കുള്ള ഒരു മണിക്കൂർ യാത്ര നിങ്ങളെ വിയറ്റ്നാമിന്റെ കൂടുതൽ മനോഹരമായ ഒരു കോണിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
വിയറ്റ്നാമിൽ ടെറ്റ് എന്നറിയപ്പെടുന്ന ചാന്ദ്ര പുതുവത്സരത്തിന് മുന്നോടിയായി ഡാങ് തി ഹോവയുടെ കുടുംബത്തിലെ മൂന്ന് തലമുറകൾ പുതുതായി ഉണക്കിയ ചന്ദനത്തിരികളുടെ കെട്ടുകളുണ്ടാക്കാറുണ്ട്. ഈ അവസരത്തിൽ, ദശലക്ഷക്കണക്കിന് സുഗന്ധമുള്ള ചന്ദനത്തിരികൾ ഉണക്കുന്നതിനാൽ ഗ്രാമം മുഴുവൻ ചുവപ്പും പിങ്കും നിറങ്ങൾകൊണ്ട് നിറയും.
യാത്രയോടൊപ്പം മനോഹരമായ ഫോട്ടോകൾകൊണ്ട് തങ്ങളുടെ സോഷ്യൽമീഡിയ നിറയ്ക്കുന്ന സഞ്ചാരികൾക്ക് ഇതൊരു മികച്ച സ്പോട്ടാണ്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും, വിയറ്റ്നാമിന്റെ ഈ ധൂപവർഗ്ഗ ഗ്രാമം മനോഹരമായ കാൻവാസ് തീർക്കുന്നു.
ഹനോയിയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിരവധി ചന്ദനത്തിരി ഫാക്ടറികളുടെ കേന്ദ്രമാണ്. നൂറുകണക്കിന് തൊഴിലാളികൾ മുളയിൽ പെയിന്റ് ചെയ്ത് ഉണക്കി ചന്ദനത്തിരികൾ ഉണ്ടാക്കുന്നത് സന്ദർശകർക്ക് കാണാൻ കഴിയും. മുളന്തണ്ടുകൾ ചുവന്ന ചായത്തിൽ മുക്കുന്നതും ആയിരക്കണക്കിന് തിരികൾ അടുക്കിവെയ്ക്കുന്നതും വിചിത്രമായൊരു കാഴ്ചയാണ്.
വിനോദസഞ്ചാരികൾ എത്തുന്നതിനും വളരെ മുൻപേ ക്വാങ് ഫു കാവുവിൽ ചന്ദനത്തിരി നിർമ്മാണം തുടങ്ങിയിരുന്നു. ക്വാങ് ഫു കാവുവിലെ ഗ്രാമവാസികൾ ഈ കല, അവരുടെ കുടുംബസ്വത്തുപോലെ കൈമാറി വരുന്നു. ഓരോ കുടുംബവും ഓരോ നിർമാണഘട്ടങ്ങള് ഏറ്റെടുക്കുന്നു. മുള പിളർക്കുക, സുഗന്ധമുള്ള കൂട്ട് ഉരുട്ടിയെടുക്കുക, തണ്ടുകൾക്ക് നിറം നൽകുക, കെട്ടുകൾ വെയിലത്ത് ഉണക്കുക തുടങ്ങിയ ഓരോ ഘട്ടങ്ങളും നമുക്കവിടെ കാണാനാകും. ഇതിനായി ഗ്രാമവാസികൾ അവരവരുടെ വീട്ടുമുറ്റം തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോട്ടോ എടുക്കാൻ അനുമതി ഉണ്ടെങ്കിലും ചില കുടുംബങ്ങൾ ഒരു ചെറിയ ഫീസ് ഈടാക്കാറുണ്ട്. ഫോട്ടോയെടുക്കാൻ, മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലമാണ് ഏറ്റവും അനുയോജ്യം. എങ്കിലും ഡിസംബർ, ജനുവരി മാസങ്ങളിൽ ഉത്പാദനം കൂടുതലായിരിക്കും. അതിനാൽ ശൈത്യകാല യാത്രയും ആസൂത്രണം ചെയ്യാം.
ഇക്കൂട്ടത്തിൽ ചന്ദനത്തിരി നിർമാണം പഠിപ്പിക്കുന്ന ചില വർക്ക്ഷോപ്പുകളുമുണ്ടാകും. ചെറിയ തുക നൽകി അതിൽ പങ്കെടുക്കുകയും ചെയ്യാം.
കൂടുതല് ഫീച്ചറുകള് വായിക്കാന് ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില് അംഗമാകൂ:https://mbi.page.link/grihalakshmiകയുമാകാം.
Content Highlights: Discover Quang Phu Cau, a vibrant incense village near Hanoi.