മുതലകളെ ദൈവതുല്യരായി ആരാധിക്കുന്ന നൂബിയക്കാരുടെ നാട്ടിലേക്ക്

#രാജന്‍ കോശി
വീടിന് പുറത്തുള്ള മുതല മമ്മി /ചിത്രങ്ങൾ: രാജൻ കോശി
വീടിന് പുറത്തുള്ള മുതല മമ്മി /ചിത്രങ്ങൾ: രാജൻ കോശി

നൂബിയന്‍ ഭാഷയിലെ പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ടിരുന്ന മഹ്മൂദിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ അലിയെയും വഹിച്ചുകൊണ്ട് ഞങ്ങളുടെ മോട്ടോര്‍ ബോട്ട് അസ്വാന്‍ നഗരത്തിന്റെ തീരം വിട്ട് നൈല്‍ നദിയിലൂടെ നീങ്ങി. ഈജിപ്ത് സന്ദര്‍ശനത്തിലെ പ്രധാന പരിപാടികളിലൊന്നായ നൂബിയന്‍ ഗ്രാമസന്ദര്‍ശനമാണ് ഞങ്ങളുടെ ലക്ഷ്യം. നൂബിയന്‍ ഗോത്ര വര്‍ഗ്ഗക്കാരനും മഹ്മൂദിന്റെ സുഹൃത്തുമായ അലി ഞങ്ങളോട് തന്റെ ഗ്രാമത്തിന്റെ കഥകള്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

ആദിമ മനുഷ്യ സംസ്‌കാരത്തിന്റെ ജന്മ സ്ഥലങ്ങളിലൊന്നായ നൈല്‍ നദീതടത്തില്‍ ആവസിച്ചിരുന്നവരായിരുന്നു നൂബിയന്‍ ഗോത്രക്കാര്‍. ഇന്നത്തെ വടക്കന്‍ സുഡാനിലെയും തെക്കന്‍ ഈജിപ്തിലെയും മനുഷ്യരുടെ പൂര്‍വികരായിരുന്ന ഇവര്‍ കൃഷിക്കുവേണ്ടി നൈല്‍ നദീതീരത്ത് താമസമുറപ്പിക്കുകയും പിന്നീട് വലിയൊരു ജനതയായി വളരുകയുമായിരുന്നു. ബി.സി. 2500 മുതല്‍ ഏകദേശം ആയിരം വര്‍ഷത്തോളം സര്‍വപ്രതാപങ്ങളോടും കൂടെ നിലനിന്ന നൂബിയന്‍ സാമ്രാജ്യം ഒടുവില്‍ ഈജിപ്ഷ്യന്‍ ഫറവോമാരുടെ അധീനതയിലാവുകയായിരുന്നു.

വടക്കന്‍ ആഫ്രിക്കയുടെ ചരിത്രത്തില്‍ പ്രധാനമായിരുന്ന അറബ് അധിനിവേശത്തെ സധൈര്യം പ്രതിരോധിച്ചുനിന്ന പോരാട്ടത്തിന്റെ കഥയും നൂബിയന്‍ ഗോത്രക്കാര്‍ക്ക് സ്വന്തമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറം അവരുടെ സ്വാധീനത്തിലായിപ്പോയ നൂബിയന്‍ വംശം പിന്നീട് മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. 1953-ല്‍ ഈജിപ്ത് സ്വതന്ത്രരാഷ്ട്രമായി മാറിയപ്പോള്‍ അവര്‍ അവിടുത്തെ പൗരന്മാരായി മാറി.

ഗ്രാമക്കാഴ്ച

സ്വതന്ത്രരാഷ്ട്രമായതിന് പിന്നാലെ ഈജിപ്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഊര്‍ജോത്പാദത്തിനുമായി അസ്വാനില്‍ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചു. അതിനോട് ചേര്‍ന്ന് 250 മൈല്‍ നീളത്തില്‍ ഒരു ജലസംഭരണിയും. നാസര്‍ തടാകം എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകത്തിന് സൗകര്യമൊരുക്കാന്‍ ആയിരക്കണക്കിന് നൂബിയന്‍ വംശജര്‍ തങ്ങളുടെ ജന്മസ്ഥലം വിട്ടു ഇന്ന് കാണുന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. ഈ കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി നൂബിയക്കാര്‍ ഈജിപ്തിന്റെ മറ്റു പ്രവിശ്യകളിലേക്ക് തങ്ങളുടെ ജീവിതം പറിച്ചുനടേണ്ടി വന്നു. 

എങ്കിലും തങ്ങളുടെ പൂര്‍വികസംസ്‌കാരത്തിന്റെ സര്‍വാംശങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് നൂബിയന്‍കാര്‍ സ്വന്തം ഗ്രാമങ്ങളെ ഇപ്പോഴും മനോഹരമായി സംരക്ഷിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ കാഴ്ചയുടെ നവാനുഭവമൊരുക്കി, നൈല്‍ നദിയിലെ ജലം പോലെ മനസ്സിനെ തണുപ്പിക്കുന്നു.

മണല്‍ക്കൂനകളുടെ മഹാസാമ്രാജ്യമായ ഈജിപ്തിലെ കാഴ്ചകള്‍ എല്ലാം തന്നെ മരുഭൂമിയുടെ മഞ്ഞനിറം കലര്‍ന്നിരിക്കുന്നു. നൈല്‍ നദിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ നൂബിയന്‍ ഗ്രാമത്തിന്റെ വിദൂരദൃശ്യങ്ങള്‍ തെളിഞ്ഞുവന്നു. മഞ്ഞനിറമുള്ള ഒരു കാന്‍വാസില്‍ തെളിമയുള്ള ഛായാചിത്രം പോലെ, ബഹുവര്‍ണത്തില്‍ നൂബിയന്‍ ഭവനങ്ങളുടെ മേല്‍ക്കൂരകള്‍ നിറഞ്ഞുനില്‍ക്കുന്നു. തനത് ആഫ്രിക്കന്‍ ശൈലിയിലുള്ള നിര്‍മാണ രൂപ കല്പനയും വിവിധ നിറങ്ങളുടെ സാന്നിധ്യവും നമ്മളെ കാഴ്ചയുടെ മറ്റൊരു ലോകത്തെത്തിക്കും.
 

കടലോരത്ത്

ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ബോട്ട് യാത്രയ്ക്ക് ശേഷം നൂബിയനിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ നിറപുഞ്ചിരിയോടെ തദ്ദേശീയരായ ഗ്രാമവാസികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പച്ചയും, മഞ്ഞയും ചുവപ്പും നീലയുമൊക്കെ വാരിപ്പൂശിയിരിക്കുന്ന ചുമരുകള്‍, കവാടങ്ങള്‍, മതിലുകള്‍, മണല്‍ നിറഞ്ഞു കിടക്കുന്ന നടവഴികള്‍, തനത് കരകൗശല വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളുമൊക്കെ നിരത്തിവെച്ചിരിക്കുന്ന വാണിഭശാലകള്‍. മുഴങ്ങിക്കേള്‍ക്കുന്ന ആഫ്രിക്കന്‍ സംഗീതത്തിന്റെ ത്രസിപ്പിക്കുന്ന താളം. ഒട്ടകത്തിന്റെ ചുമലിലേറി കാഴ്ചകള്‍ കണ്ടുപോകുന്ന വിദേശസഞ്ചാരികള്‍, കഴുതപ്പുറത്ത് കടന്നുപോകുന്ന നാട്ടുകാര്‍, വഴിയുടെ ഇരുവശത്തും മാലയും വളയുമൊക്കെ വില്‍ക്കാന്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ സ്ത്രീകള്‍. 

പൊതുവെ ശാന്തശീലരും സഹൃദയരുമാണ് നൂബിയക്കാര്‍. മോടി കൂട്ടിയ സ്വന്തം ഭവനങ്ങള്‍ കോഫി ഷോപ്പുകളായും ഹോംസ്റ്റേകളായും മാറ്റിക്കൊണ്ട് വിനോദസഞ്ചാരത്തിലൂടെ നല്ലൊരു വരുമാനം അവര്‍ കണ്ടെത്തുന്നുണ്ട്. ഈജിപ്തിലെ മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് നൂബിയന്‍ വംശജരെ വ്യത്യസ്തരാക്കുന്ന കാര്യം അവരുടെ ജീവിതത്തില്‍ മുതലകള്‍ക്കുള്ള സാന്നിധ്യമാണ്. നൈല്‍ നദിയുടെ ആഴങ്ങളില്‍ പതിയിരുന്ന ഈ ഉരഗ പ്രമുഖന്മാരില്‍ നിന്നും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സധൈര്യം പോരാടിയ ചരിത്രം ഇവര്‍ക്കുണ്ട്. ജീവന് ഭീഷണിയായതിനെ ദൈവമായി ആരാധിച്ചിരുന്ന പുരാതന ഈജിപ്ത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ പിന്നീടവര്‍ മുതലകളെ ദൈവതുല്യമായി ആരാധിക്കാന്‍ തുടങ്ങി. മനുഷ്യന്റെ ഉടലും മുതലയുടെ തലയുമുള്ള സോബേക് (sobek) എന്ന ഈജിപ്ത് മൂര്‍ത്തിയുടെ ഉത്ഭവം ഇത്തരത്തിലുള്ള ആരാധനകളായിരുന്നുവെന്ന് ചരിത്രം പറയുന്നു.

മണ്‍ മറഞ്ഞുപോയ മഹാ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കണം അവര്‍ മുതലകളെ അനുഗ്രഹങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നത്. നൈല്‍ നദിയുടെ തീരത്തുനിന്ന് പിടിക്കുന്ന മുതലക്കുഞ്ഞുങ്ങളെ വളര്‍ത്തുമൃഗങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഇവര്‍ വീടുകളില്‍ വളര്‍ത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയുമായി അടുത്തിടപഴകാനും, കാണാനുമുള്ള സൗകര്യം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ലോകത്തിന്റെ മറ്റൊരുഭാഗത്തും കാണാന്‍ സാധിക്കാത്തത്ര സവിശേഷതയോടെ, പല തരത്തിലും വലിപ്പത്തിലുമുള്ള മുതലകള്‍ വിവിധ നൂബിയന്‍ ഭവനങ്ങളില്‍ മനുഷ്യര്‍ക്കൊപ്പം സഹവസിക്കുന്നു.
 

നൂബിയൻ വീടുകൾ

ആയുര്‍രേഖയുടെ അവസാനത്തില്‍ ഇഹലോക വാസം വെടിയുന്ന മുതലകളെ സംസ്‌കരിക്കാതെ, മമ്മികളാക്കി ഇവര്‍ സൂക്ഷിക്കുന്നു. പുനര്‍ജന്മം പ്രതീക്ഷിച്ച് ശവക്കല്ലറകളില്‍ കാത്തുകിടന്ന ഈജിപ്ത് ഫറവോമാരെപ്പോലെ, നൂബിയന്‍ ഭവനങ്ങളുടെ ചുമരുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന മുതലകളെ നമുക്ക് കാണാന്‍ കഴിയും. ഏതെങ്കിലും ഭവനത്തിന്റെ പുറത്ത് ഇത്തരത്തില്‍ മുതല മമ്മികളെ കണ്ടാല്‍ ആ വീട്ടിനുള്ളില്‍ മുതലകളെ വളര്‍ത്തുന്നുവെന്ന് സാരം.

അന്താരാഷ്ട്ര വിപണിയില്‍ വലിയ വാണിജ്യ മൂല്യമുണ്ടെങ്കിലും മുതലകളുടെ തോല്‍ വില്‍ക്കുന്നതിനോ, മുതലകളെ ഏതെങ്കിലും തരത്തില്‍ വേട്ടയാടാനോ ഇവര്‍ ശ്രമിക്കുന്നില്ല. തങ്ങളുടെ പൂര്‍വികര്‍ക്ക് ജീവന്റെ ഉറവിടമായിരുന്ന നൈല്‍ നദിയെയും അതിലെ സര്‍വ ജീവജാലങ്ങളെയും ദൈവിക സമാനമായ ആദരവോടെ നൂബിയക്കാര്‍ സംരക്ഷിച്ച് പോരുന്നു. അതുപോലെ നൂബിയന്‍ ഭാഷയെയും സംരക്ഷിക്കുന്നു. തങ്ങളുടെ ഗോത്രത്തിനു പുറത്തുള്ള ഒരാള്‍ക്ക് അവര്‍ നൂബിയന്‍ ഭാഷ പഠിപ്പിച്ചുകൊടുക്കാറില്ല. അസ്വാന്‍ അണക്കെട്ടിനുവേണ്ടി ചെയ്ത മഹാത്യാഗങ്ങള്‍ കാലക്രമേണ മറന്നുകളഞ്ഞ ഈജിപ്തിലെ മുഖ്യധാരാ സമൂഹത്തോടുള്ള നിശബ്ദമായ പ്രതികാരമെന്നോണം സ്വന്തം ഭാഷയെയും, ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് നൂബിയന്‍ ഗ്രാമങ്ങള്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
 

വീടിനുള്ളിലെ മുതലക്കൂട്

നീല നിറം വാരിപ്പൂശിയ ഒരു നൂബിയന്‍ ഭവനത്തിന്റെ അകത്തളങ്ങളിലൊന്നില്‍, അനുസരണയില്ലാതെ ചീറിക്കൊണ്ടിരുന്ന മുതലക്കുഞ്ഞിന്റെ കൂട്ടിനരികില്‍ വിറയലോടെ കുറച്ചുസമയം ചെലവഴിച്ചശേഷം ഞങ്ങള്‍ വൈദ്യുത ദീപങ്ങള്‍ മനോഹരമാക്കിയ ആ ഗ്രാമവഴികളിലൂടെ തിരികെ നടന്നു. ഞങ്ങള്‍ക്കു മടങ്ങാനുള്ള ബോട്ട് കടവില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.
 

Content Highlights: nubia and its ancient culture