മാങ്ങയണ്ടി വട്ടയപ്പം, മുരിങ്ങസൂപ്പ്, ഈന്തങ്ങ പുഴുക്ക്-തനിനാടന്‍ വിഭവങ്ങള്‍ പരീക്ഷിക്കാം

മുരിങ്ങസൂപ്പ്
ചേരുവകള്‍
മുരിങ്ങക്കായ : രണ്ട്
മുരിങ്ങയില : അരക്കപ്പ്
വെള്ളം : മൂന്നുകപ്പ്
ഉള്ളി : ഒന്ന്
നെയ്യ് : ഒരു ടേബിള്‍ സ്പൂണ്‍
ജീരകം : അര ടീസ്പൂണ്‍
ചെറുപയര്‍ പരിപ്പ് : ഒരു ടീസ്പൂണ്‍
തക്കാളി : ഒന്ന് (ചെറുത്)
ഉപ്പ് : പാകത്തിന്
കുരുമുളകുപൊടി : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മുരിങ്ങക്കായ തൊലികളഞ്ഞ് രണ്ടിഞ്ചുവലിപ്പത്തില്‍ മുറിക്കുക. ഇത് രണ്ടുകപ്പ് വെള്ളത്തില്‍ വേവിച്ച് അകത്തെ കാമ്പ് വേര്‍തിരിച്ചെടുക്കുക. വെന്തവെള്ളം മാറ്റിവയ്ക്കുക. മുരിങ്ങയില വൃത്തിയാക്കി ഒരുകപ്പ് വെള്ളത്തില്‍ അല്പം ഉപ്പും ഉള്ളി പൊടിയായി അരിഞ്ഞതും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. തണുത്തശേഷം മുരിങ്ങയില വേവിച്ചതും മുരിങ്ങക്കായ കാമ്പുംകൂടി മുരിങ്ങയില വേവിച്ച വെള്ളംചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് മുരിങ്ങക്കാ വെന്തവെള്ളവുമായി യോജിപ്പിക്കുക.
മറ്റൊരുപാത്രത്തില്‍ നെയ്യൊഴിച്ച് ജീരകമിട്ടശേഷം ചെറുപയര്‍പരിപ്പുചേര്‍ത്തിളക്കി ഇതിലേക്ക് തക്കാളി പൊടിയായി അരിഞ്ഞതും ചേര്‍ത്ത് അഞ്ചുമിനിറ്റ് വഴറ്റുക. ഇത് മുരിങ്ങക്കായ, മുരിങ്ങയില മിശ്രിതത്തിലേക്ക് ഒഴിച്ച് പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ വിളമ്പുക. കറിവേപ്പില കൂടി ചേര്‍ത്താല്‍ നന്നായിരിക്കും.
ചക്കക്കുരു മുരിങ്ങക്കായ മാങ്ങാക്കറി
ചേരുവകള്‍
ചക്കക്കുരു തൊലികളഞ്ഞ് ആറായി കീറിയത് : 250 ഗ്രാം
മുരിങ്ങക്കായ : ഒന്ന്
പച്ചമുളക് : ഒന്ന്
മുളകുപൊടി : അര ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
പുളിയുള്ള മാങ്ങ തൊലി കളഞ്ഞത്: പകുതി
തേങ്ങ : അരക്കപ്പ്
വറവലിന്
വെളിച്ചെണ്ണ : രണ്ട് ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് : ഒന്ന്
കറിവേപ്പില : ഒരു തണ്ട്
ചുവന്നുള്ളി : രണ്ട്
കടുക്
ഉണ്ടാക്കുന്ന വിധം
മുരിങ്ങക്കായയും ചക്കക്കുരുവും പച്ചമുളകും മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ പച്ചമാങ്ങ ചേര്‍ക്കുക. ഇതിലേക്ക് തേങ്ങ അരച്ചതും ചേര്‍ത്തിളക്കി വാങ്ങി കടുക് വറുത്തിടുക.
ചെറുപയര്‍ അട
ചേരുവകള്‍
ചെറുപയര്‍ : 100 ഗ്രാം
തൈര് : രണ്ടുടേബിള്‍ സ്പൂണ്‍
കടലമാവ് : ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് : നാല്
കായം : ഒരു നുള്ള്
മല്ലിയില അരിഞ്ഞത് : ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര : ഒരു നുള്ള്
നാരങ്ങാനീര് : ഒരുടേബിള്‍ സ്പൂണ്‍
ഉപ്പ് : പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചെറുപയര്‍ രണ്ടുമണിക്കൂര്‍ കുതിര്‍ക്കുക. പയറും പച്ചമുളകും തൈരും ചേര്‍ത്തരയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. വാഴയിലയില്‍ അല്പം വെളിച്ചെണ്ണ പുരട്ടി ചെറുപയര്‍ മിശ്രിതം അതില്‍ പരത്തുക. ഇത് മറ്റൊരു വാഴയിലകൊണ്ട് മൂടി ചൂടായ തവയില്‍ രണ്ടുവശവും തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.
മാങ്ങയണ്ടി വട്ടയപ്പം
ചേരുവകള്‍
ഉണങ്ങിയ മാങ്ങയണ്ടിയുടെ പരിപ്പ് : ഒരുകിലോ
തേങ്ങ : ഒന്നര മുറി
കള്ള് : ഒരു കപ്പ്
പഞ്ചസാര : ആവശ്യത്തിന്
ഉപ്പ് : ഒരുനുള്ള്
ഏലയ്ക്കാപ്പൊടി : ഒരു ടീസ്പൂണ്‍
വെള്ളം : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മാങ്ങയണ്ടി ഉണക്കിപ്പൊടിച്ച് പരിപ്പെടുത്ത ശേഷം കട്ട് മാറാന്‍ മൂന്നുദിവസം വെള്ളത്തിലിടുക. എല്ലാ ദിവസവും വെള്ളം മാറ്റണം. ഈ പരിപ്പ് കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ നിന്ന് ഏകദേശം ഒരുകപ്പ് ഭാഗം പരന്ന ഉരുളിയില്‍ ചെറുതീയില്‍ കുറുക്കിയെടുക്കുക. ഇതിലേക്ക് പഞ്ചസാരയും കള്ളും ചേര്‍ക്കുക. തേങ്ങ അരച്ചതും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ബാക്കി പരിപ്പ് അരച്ചതും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. 8 മുതല്‍ 9 മണിക്കൂര്‍വരെ ഇത് മാറ്റി വയ്ക്കാം.
വട്ടയപ്പം ഉണ്ടാക്കാനുള്ള പാത്രത്തില്‍ എണ്ണപുരട്ടി പകുതിയോളം മാവൊഴിച്ച് അപ്പച്ചെമ്പില്‍ ആവിയില്‍ വേവിക്കുക.
മിശ്രിതം പാത്രത്തിലൊഴിക്കുമ്പോള്‍ മാവ് അടിചേര്‍ത്തിളക്കരുത്. ഓരോ പ്രാവശ്യവും പൊന്തിനില്‍ക്കുന്ന മാവ് മാത്രം (പത) കോരിയെടുക്കുന്നതാണ് നല്ലത്.
ഈന്തങ്ങ പുഴുക്ക്
ചേരുവകള്‍
ഈന്തങ്ങാബോള്‍ ഉണ്ടാക്കുന്നതിന്
വറുത്ത ഈന്തങ്ങപ്പൊടി : രണ്ടുകപ്പ്
തേങ്ങ : മുക്കാല്‍ കപ്പ്
ജീരകം: കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
തിളച്ച വെള്ളം : ഏകദേശം രണ്ടുകപ്പ്
ഗ്രേവിക്ക്
ചേന : 250 ഗ്രാം
കാച്ചില്‍ : 250 ഗ്രാം
ചേമ്പ് : 250 ഗ്രാം
മത്തങ്ങ : 250 ഗ്രാം
വന്‍പയര്‍ : 250 ഗ്രാം
തേങ്ങ : രണ്ട് കപ്പ്
പച്ചമുളക് : മൂന്ന്
ചെറിയ ഉള്ളി : രണ്ട്
വെളുത്തുള്ളി : രണ്ട് അല്ലി
ജീരകം : കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
ഉണ്ടാക്കുന്ന വിധം
തേങ്ങയും ജീരകവും തരിയായി അരയ്ക്കുക. ഈന്തങ്ങപ്പൊടി ഒരു പാത്രത്തിലെടുത്ത് പാകത്തിന് ഉപ്പും അരച്ച തേങ്ങയും ചേര്‍ത്തിളക്കുക. ഇതിലേക്ക് തിളയ്ക്കുന്ന വെള്ളം ഒഴിച്ച് ഒരു മരത്തവികൊണ്ട് ഇളക്കി യോജിപ്പിക്കുക. അല്പസമയം മൂടിവെച്ചശേഷം കൈകൊണ്ട് കുഴച്ച് യോജിപ്പിക്കുക. ഇതില്‍നിന്ന് ഒരേ വലുപ്പത്തിലുള്ള ഉരുളകള്‍ ഉരുട്ടി അരിപ്പൊടി വിതറിയ ഒരു പാത്രത്തില്‍ വയ്ക്കുക.
ചേന, ചേമ്പ്, കാച്ചില്‍, മത്തങ്ങ എന്നിവ ചെറിയ കഷണങ്ങളാക്കിയതും കുതിര്‍ത്ത വന്‍പയറും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ഇത് നല്ലതുപോലെ മരത്തവികൊണ്ട് ഉടയ്ക്കുക.
തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി. വെളുത്തുള്ളി, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ നല്ലതുപോലെ അരച്ചതും ചേര്‍ത്ത് അല്പസമയം മൂടിവയ്ക്കുക. അരപ്പ് വെന്തതിനുശേഷം ഉരുട്ടിവെച്ചിരിക്കുന്ന ഉരുളകള്‍ സാവധാനം ഇതിലേക്ക് ഇടുക. ഇളക്കിയശേഷം പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് തിളച്ചശേഷം അടുപ്പില്‍നിന്ന് വാങ്ങുക.
(ഈന്ത് കേരളത്തില്‍കാണുന്ന പനവര്‍ഗത്തില്‍പെട്ട ഒരു മരമാണ്. ഇതിന്റെ കായ് രണ്ടായി പിളര്‍ന്ന് വെയിലത്ത് ഉണക്കുക. തോടില്‍നിന്ന് വിട്ടുപോരുന്ന കാമ്പിനെ വീണ്ടും ഉണക്കുക. മൂന്നു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ജലാംശം നീക്കി പൊടിച്ചെടുത്ത് സൂക്ഷിക്കാം)
മുളപ്പിച്ച പയര്‍ സലാഡ്
ചേരുവകള്‍
മുളപ്പിച്ച പയര്‍ : 100 ഗ്രാം
തക്കാളി : ഒന്ന്
കാരറ്റ് : ഒന്ന്
പച്ചപപ്പായ : ഒരു കഷണം
തൈര് : ആവശ്യത്തിന്
ഉപ്പ്, കുരുമുളകുപൊടി : പാകത്തിന്
ഉണ്ടാക്കുന്ന വിധം
പയര്‍ 12 മണിക്കൂര്‍ വെള്ളത്തിലിട്ടശേഷം വൃത്തിയുള്ള തുണിയില്‍ കിഴികെട്ടി വീും12 മണിക്കൂര്‍ വയ്ക്കുക. രണ്ടുമൂന്ന് പ്രാവശ്യം നനയ്ക്കുക. അരയിഞ്ച് മുളവരുമ്പോള്‍ എടുക്കാം.
തക്കാളി ചെറുതായി അരിയുക. കാരറ്റ്, പപ്പായ എന്നിവ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്‌തെടുക്കാം. ഒരു ബൗളില്‍ എല്ലാ ചേരുവകളും ഇട്ട് മിക്‌സ് ചെയ്‌തെടുക്കുക.
(തയ്യാറാക്കിയത്
ലില്ലി ബാബുജോസ്, ഇടപ്പള്ളി)
Content Highlights: nadan food muringasoup vattayappam malayali food keralafood