പൈന്‍മരങ്ങളിലും കാപ്പിയുടെ പൂക്കളിലും പറ്റിപ്പിടിച്ച മഞ്ഞില്‍ കുളിരാം; ഇതാണ് ആന്ധ്രയുടെ കശ്മീര്‍

ആന്ധ്ര പ്രദേശിലെ ഒരു ചെറുപട്ടണം. ചുറ്റുമുള്ള സ്ഥലങ്ങളേക്കാള്‍ തണുപ്പ് കൂടുതലാണ്, നേര്‍ത്ത മഞ്ഞും. അതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. അധികദിവസവും കാപ്പിയുടെ പൂക്കളിലും പൈന്‍ മരങ്ങളിലും പറ്റിപ്പിടിച്ച നേര്‍ത്ത മഞ്ഞിന്‍കണങ്ങളാണ് ആളുകളെ സ്വാഗതം ചെയ്യുക. പറഞ്ഞുവരുന്നത് ലംബസിംഗിയെക്കുറിച്ചാണ്.
ആന്ധ്രയുടെ കാശ്മീരെന്നാണ് ഇവിടം അറിയപ്പെടുന്നത്. തെക്കിന്റെ കാശ്മീര്‍ എന്നും ഈ സ്ഥലത്തിന് വിളിപ്പേരുണ്ട്. അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ഈ തണുപ്പന്‍ പ്രദേശം. സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.
കാപ്പിത്തോട്ടങ്ങളാലും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാലും മനോഹരമാണിവിടം. ഇടയ്ക്കിടെ ആപ്പിള്‍ത്തോട്ടങ്ങളും കാണാം. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. സ്ഥിരമായി എപ്പോഴും മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന സ്ഥലമല്ല. എങ്കിലും ഭാഗ്യമുണ്ടെങ്കില്‍ മഞ്ഞുപെയ്യുന്നതും കാണാം. മിക്ക സമയങ്ങളിലും നേര്‍ത്ത കോടമഞ്ഞ് മൂടിക്കിടക്കും, ഇവിടെയാകെ. ചില ദിവസങ്ങളില്‍ താപനില പൂജ്യം വരെയെത്തും.
നിറയെ പൈന്‍മരങ്ങളുള്ള വഴികളിലൂടെ നേര്‍ത്ത മഞ്ഞിന്റെ കുളിരേറ്റ്, കോടയില്‍ കുളിച്ച് നടക്കുന്നതും മനോഹരമായൊരു അനുഭവം നല്‍കും. നിരവധി വെള്ളച്ചാട്ടങ്ങളും ലംബസിംഗിയോട് ചേര്‍ന്നുണ്ട്. ട്രെക്കിങ്ങില്‍ താത്പര്യമുള്ളവര്‍ക്കും ഈ സ്ഥലം ഇഷ്ടപ്പെടും.
കോത്തപ്പള്ളി വെള്ളച്ചാട്ടം
32 കിലോമീറ്റര്‍ അകലെയാണിത്. മഴക്കാലം കഴിഞ്ഞാണ് ഇത് കാണാന്‍ പറ്റിയ സമയം. അപ്പോള്‍ വെള്ളച്ചാട്ടത്തിന് ഭംഗി കൂടുതലായിരിക്കും. ട്രെക്കിങ്ങിന് പറ്റിയ സ്ഥലം കൂടിയാണിത്.
സൂസന്‍ ഗാര്‍ഡന്‍
മനോഹരമായ പൂക്കള്‍ നിറഞ്ഞിരിക്കുന്ന സ്ഥലമാണിത്. അധികവും സൂര്യകാന്തിപ്പൂക്കളാണ് ഇവിടുള്ളത്. വെറുതെ നടക്കാനും ബഹളങ്ങളൊന്നുമില്ലാതെ സ്വസ്ഥമായിരിക്കാനും പറ്റിയ സ്ഥലം കൂടിയാണിത്. രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളൂ.
തജംഗി റിസര്‍വോയര്‍
മൂടല്‍മഞ്ഞുള്ള പര്‍വതങ്ങള്‍ക്കിടയിലുള്ള മനോഹരമായ ജലസംഭരണി. ചുറ്റുമുള്ള പുല്‍മേടുകളിലിരുന്ന് എത്ര നേരം വേണമെങ്കിലും അതിന്റെ ഭംഗിയാസ്വദിക്കാം. ചുറ്റുമുള്ള പര്‍വതങ്ങളിലേക്കും ജലസംഭരണിയിലേക്കും കോട വന്നിറങ്ങുന്ന കാഴ്ചയും കാണാം. ലംബസിംഗിയില്‍നിന്ന് ആറു കിലോമീറ്റര്‍ പോയാല്‍ തജംഗിയിലെത്താം.
Content Highlights: lambasingi famous for snowfall