വിവേകാനന്ദനിൽ നിന്ന് തിരുവള്ളുവരിലേക്ക് ഒരു ചില്ലുപാലം!

#വിപിൻ വിൽഫ്രഡ്

കന്യാകുമാരിയിലെ ചില്ലുപാലത്തിലൂടെ നടക്കുമ്പോൾ കാൽക്കീഴിൽ മാത്രമല്ല ഉള്ളിലും കേൾക്കാം ഒരു കടലിരമ്പം. അത് അലയടിക്കുന്ന കടലിനുമീതേ നടക്കുമ്പോൾ സ്വാഭാവികമായ ഭീതിയുടെ മാത്രമല്ല തത്ത്വചിന്താപരവും സാംസ്‌കാരികവുമായ ഒരു സമന്വയത്തിന്റെ കൂടി കടലിരമ്പമാണ്. 'സഹോദരീ സഹോദരന്മാരേ...' എന്ന ഏറ്റവും ലളിതവും എന്നാൽ, അത്യഗാധവുമായ അഭിസംബോധനയിലൂടെ ഇന്ത്യൻ അദ്വൈതചിന്തയെ കടലുകൾക്കപ്പുറത്തേക്ക് പ്രകാശിപ്പിച്ച സ്വാമി വിവേകാനന്ദന്റെയും രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറം ഈ ഭൗമമുനമ്പിലെ മനുഷ്യർക്ക് ജീവിതത്തിന്റെ നൈതികതയും സജ്ജീവനപാതകളും തെളിയിച്ചുകൊടുത്ത തിരുവള്ളുവർ എന്ന മഹാമനുഷ്യന്റെയും ചിന്തകളെ സമന്വയിപ്പിക്കുന്ന പ്രതീകം കൂടിയാണ് കടലിനുമീതെയുള്ള ഈ ചില്ലുപാലം. ഇന്ത്യൻ ഉപഭൂഗണ്ഡത്തിന്റെ തെക്കേ മുനമ്പിൽ, ഇരുകടലുകളുടെയും ഒരു മഹാസമുദ്രത്തിന്റെയും സംഗമതീരമായ കന്യാകുമാരിയിലെ ഏറ്റവും വലിയ ആകർഷണമാണ് വിവേകാനന്ദപ്പാറയും അൽപ്പമകലെ മറ്റൊരു പാറയിൽ മാനത്തേക്ക് ശിരസ്സുയർത്തി നിൽക്കുന്ന തിരുവള്ളുവർ പ്രതിമയും. രാജ്യത്തെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി. തീരത്തുനിന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് യാത്രയാണ് ഏറ്റവും വലിയ ആകർഷണം. ഇപ്പോൾ, അതുപോലെയോ അതിനപ്പുറമോ ഉള്ള മറ്റൊരാകർഷണമായി മാറിയിരിക്കുകയാണ് വിവേകാനന്ദപ്പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് നീളുന്ന ചില്ലുപാലം. സുതാര്യമായ കണ്ണാടി പ്രതലത്തിലൂടെ അലകളിരമ്പുന്ന കടലിനെ കാൽക്കീഴിൽ കണ്ടുകൊണ്ടുള്ള നടത്തം ആരിലും ഉൾക്കിടിലം ജനിപ്പിക്കും. നെഞ്ചിടിപ്പു കൂടുമ്പോൾ ചില്ലുപ്രതലത്തിൽ നിന്നും മാറിനടക്കാനും കഴിയുന്ന തരത്തിലാണ് നിർമ്മിതി. ഇന്ത്യയിലെ ആദ്യത്തെ കണ്ണാടി കടൽപ്പാലം കൂടിയാണിത്. ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് മാതൃകയിൽ നിർമ്മിച്ച ഈ ചില്ലുപാലത്തിന് 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട്.

സാങ്കേതികത്തികവോടെയാണ് ചില്ലുപാലം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ, വിവേകാനന്ദപ്പാറയിൽനിന്ന് തിരുവള്ളുവർ പ്രതിമ സ്ഥിതിചെയ്യുന്ന പാറയിലേക്ക് ബോട്ടുമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയിരുന്നത്. കാറ്റും തിരമാലകളും അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ തിരുവള്ളുവർ പ്രതിമയ്ക്ക് സമീപം ബോട്ട് അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായിരുന്നു. ചില്ലുപാലത്തിന്റെ വരവോടെ ഈ ബുദ്ധിമുട്ട് ഒഴിവായിട്ടുണ്ട്.

സ്വാമി വിവേകാനന്ദൻ കടൽ നീന്തിക്കടന്ന് ഈ പാറയിലെത്തി ധ്യാനസ്ഥനായി എന്നാണ് കരുതപ്പെടുന്നത്. കരയിൽ നിന്ന് അരക്കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പാറയിൽ 1970-ലാണ് വിവേകാനന്ദ സ്മാരകം പണികഴിപ്പിച്ചത്. ഭാരതീയ വാസ്തുശിൽപ്പശൈലികൾ കൂട്ടിയിണക്കി നിർമ്മിച്ച വിവേകാനന്ദ മന്ദിരത്തിനുള്ളിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ വെങ്കലപ്രതിമ കാണാം. ഏകാഗ്രമായി ധ്യാനിക്കുവാൻ താത്പര്യമുള്ളവർക്കായി താഴെ ഒരു ധ്യാനമന്ദിരവുമുണ്ട്. പ്രകാശിതമായ ഓങ്കാര ചിഹ്നത്തിൽ കണ്ണുകൾ ഏകാഗ്രമാക്കി നിരവധി സഞ്ചാരികളാണ് ഇവിടെ ധ്യാനനിമഗ്‌നരാകുന്നത്. വിശാലമായ പാറപ്പുറത്തുനിന്ന് ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അറബിക്കടലും സംഗമിക്കുന്ന കടൽക്കാഴ്ച ഹൃദ്യവും അവിസ്മരണീയവുമാണ്.

വിവേകാനന്ദപ്രതിമയ്ക്ക് അൽപ്പമകലെയായി കടലിൽ സ്ഥിതിചെയ്യുന്ന പാറയിൽ രണ്ടായിരാമാണ്ടിലെ പുതുവത്സരപ്പിറവിയിലാണ് തിരുവള്ളുവർ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്. രണ്ടായിരമാണ്ടുകൾക്കപ്പുറം ജീവിച്ചിരുന്ന മഹർഷിവര്യനും തത്ത്വചിന്തകനും കവിയുമായിരുന്നു തിരുവള്ളുവർ. ദക്ഷിണേന്ത്യൻ ദ്രാവിഡ തത്ത്വചിന്തയെ വാനോളമുയരത്തിൽ പ്രതിഷ്ഠിച്ച തിരുക്കുറലാണ് തിരുവള്ളുവരുടെ ശ്രദ്ധേയമായ കൃതി. മതാചാരങ്ങൾക്കപ്പുറം മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ നൈതികതയുടെയും നന്മയുടെയും സന്ദേശങ്ങൾ പകർന്നുകൊണ്ട് ഒരു ജനതയ്ക്കാകെ വഴിവിളക്കായിത്തീർന്നു. തിരുക്കുറലിലെ 133 അധ്യായങ്ങളുടെ സ്മരണ എന്ന നിലയിൽ പീഠമുൾപ്പെടെ 133 അടി ഉയരത്തിലാണ് തിരുവള്ളുവരുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. വി. ഗണപതി സ്ഥപതിയാണ് ഈ മനോഹര ശിൽപത്തിന്റെ സ്രഷ്ടാവ്. തിരുവള്ളുവർ പകർന്ന ജ്ഞാനസാഗരത്തെ സ്മരിക്കുമാറ് ജ്ഞാന ശിൽപ്പം (Statue of Wisdom) എന്നാണ് ഇപ്പോൾ പ്രതിമയ്ക്ക് നൽകിയിരിക്കുന്ന പേര്.

ദ്രാവിഡ വാസ്തുശിൽപ്പശൈലിയുടെ ആധുനികകാലത്തെ ശ്രദ്ധേയ മാതൃകയായ തിരുവള്ളുവർ പ്രതിമയ്ക്ക് നിരവധി സവിശേഷതകളുണ്ട്. ഒരുകയ്യിൽ ചിന്മുദ്രയും മറുകൈയിൽ താളിയോലയുമേന്തിയ തരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ശിലാശില്പം തമിഴ് ജ്ഞാനത്തിന്റെ ശക്തിയെയും സ്ഥൈര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. മൂന്നു വിരലുകൾ ഉയർത്തിയ ശൈലിയിലുള്ള വലതുകയ്യിലെ ചിന്മുദ്ര തിരുക്കുറലിന്റെ മൂന്ന് വിഭാഗങ്ങളായ സദ്ഗുണം (അരം), സമ്പത്ത് (പൊരുൾ), സ്‌നേഹം (ഇൻപം) എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇടതുകൈയിലെ താളിയോല ഗ്രന്ഥം അറിവിന്റെ സൂചകമാണ്. തമിഴ് സംസ്‌കാരത്തിലെ വിശുദ്ധിയുടെയും ദിവ്യജ്ഞാനത്തിന്റെയും പ്രതീകമായ താമരയുടെ മാതൃകയിലാണ് പീഠം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവേകാനന്ദനിൽനിന്ന് തിരുവള്ളുവരിലേക്ക് നീളുന്ന ചില്ലുപാലം തത്ത്വശാസ്ത്രപരവും സാംസ്‌കാരികവുമായ ഒരു സമന്വയത്തിന്റെ സൂചകം കൂടിയാണ്. ആഗോള മാനവസാഹോദര്യത്തിന്റെ ഉപാസകനും പ്രചാരകനുമായ സ്വാമി വിവേകാനന്ദനെയും മാനവികമൂല്യങ്ങളുടെയും സജ്ജീവന പാതകളുടെയും വഴിതെളിച്ച് തമിഴ് സംസ്‌കാരത്തിന്റെ ദീപശിഖയായി മാറിയ മഹാമുനി തിരുവള്ളുവരെയും ഈ ചില്ലുപാലം കൂട്ടിയിണക്കുന്നു.

TRAVEL INFO:

By Road: Buses ply from major cities like Thiruvananthapuram, Madurai, Coimbatore, Puducherry and Chennai to Kanyakumari Bus Stand.

By Rail: Kanyakumari Railway Station, Nagercoil Junction Railway Station (17 kms).

By Air: Trivandrum International Airport (76 kms), Madurai International Airport (240 kms).

Best Time to Visit:

The perfect time to experience Kanyakumari is from November to March as the weather would be cool and pleasant.Summers can be really hot as the destination has a tropical climate.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Walk across India`s first glass sea bridge in Kanyakumari connecting Vivekananda Rock and Thiruvalluvar Statue. Experience breathtaking views and a unique blend of philosophy.