ഫ്രാൻസിൽ ഈസ്റ്ററിന്റെ വരവറിയിക്കുന്നത് ഈ ചോക്ലേറ്റ് ഫിഷാണ്

ഹോട്ട് ക്രോസ് ബൺ / Freepik
ഹോട്ട് ക്രോസ് ബൺ / Freepik

പല രാജ്യങ്ങളും പല രീതിയിലാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും ആ വ്യത്യസ്തത കാണാം. ചില രാജ്യക്കാർക്ക് അവരുടേതായ പരമ്പരാഗതവിഭവങ്ങളുമുണ്ട് ഈസ്റ്ററിന്. അത്തരം ചില ഈസ്റ്റർ വിഭവങ്ങൾ പരിചയപ്പെടാം. പരമ്പരാഗതവിഭവങ്ങളാണ് ഇവയിലേറെയും. ചില സ്ഥലങ്ങളിൽ ഇത്തരം വിഭവങ്ങൾ, പുതിയ കാലത്തെ വിഭവങ്ങൾക്ക് വഴിമാറി.

ഷൂറെക് (Zurek)
ഷൂറെക് ആണ് പോളണ്ടിലെ പരമ്പരാഗത ഈസ്റ്റർ വിഭവം. പോളണ്ടുകാരുടെ ഈസ്റ്റർ ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെ. പുളിപ്പും ചവർപ്പുമുള്ള ഒരുതരം ക്രീമി സൂപ്പാണിത്. സോസേജിനും പുഴുങ്ങിയ മുട്ടയ്ക്കുമൊപ്പമാണ് ഇത് വിളമ്പുക.

ഹോട്ട് ക്രോസ് ബൺ (Hot Cross Bun)
ലോകമെമ്പാടുമുള്ളവർക്കും ഇത് പ്രിയമാണെങ്കിലും, ബ്രിട്ടീഷുകാർക്കിടയിലാണ് ഇത് കൂടുതൽ ജനകീയം. പഴങ്ങൾ ചേർത്താണിത് ഉണ്ടാക്കുന്നത്. ഹോട്ട് ക്രോസ് ബണ്ണുകളുടെ ഉത്ഭവം പന്ത്രണ്ടാം നൂറ്റാണ്ടിലേയ്ക്കുവരെ നീളാം. കാലക്രമേണ അവ ജനപ്രീതി നേടുകയും ഒടുവിൽ ഈസ്റ്റർ വാരാന്ത്യത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.

അസാഡോ (Asado)
അർജന്റീനിയൻ ഈസ്റ്റർ വിരുന്നിൽ വളരെ പ്രധാനപ്പെട്ട വിഭവമാണ് അസാഡോ. ബീഫ് അല്ലെങ്കിൽ മട്ടൻ, ചിക്കൻ എന്നിവയിലേതെങ്കിലും കൽക്കരിയിൽ വേവിച്ചാണ് തയ്യാറാക്കുന്നത്. ചീസ്, സോസേജ് എന്നിവയ്‌ക്കൊപ്പമാണ് ഇത് കഴിക്കുന്നത്.

സ്‌ളൈസ്ഡ് മീറ്റ്-ചീസ് ( Sliced meat and cheese)
ഡാനിഷ് ഈസ്റ്റർ വിരുന്നിൽ സ്വാദിഷ്ടമായ വിഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട്. ഈസ്റ്റർ ഞായറാഴ്ച, സാധാരണയായി കുടുംബാംഗങ്ങൾ മുഴുവൻ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. റോസ്റ്റ് ചെയ്ത മാംസം, അരിഞ്ഞ മാംസം (sliced meats), ചീസ് എന്നിവയുമായി അവർ മേശയ്ക്ക് ചുറ്റും ഒത്തുകൂടുന്നു.

ഫ്രീറ്റൂർ (friture)
ഫ്രാൻസിൽ ഈസ്റ്ററിന്റെ വരവറിയിക്കുന്നത് ചെറിയ ചോക്ലേറ്റ് ബെല്ലുകളുടെ വരവോടെയാണ്. അതിനൊപ്പം മറ്റൊന്നു കൂടിയുണ്ട്. ഫ്രീറ്റൂർ എന്നറിയപ്പെടുന്ന ചോക്ലേറ്റ് ഫിഷും. 

മായേറീറ്റ്‌സ (Magiritsa)
ഒരു പ്രത്യേകതരം സൂപ്പാണിത്. ഗ്രീസിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് മായേറീറ്റ്‌സയിലൂടെയാണ്. ആട്ടിൻകുട്ടിയുടെ ശരീരഭാഗങ്ങളാണ് ഈ സൂപ്പിനായി പ്രധാനമായും ഉപയോഗിക്കുന്നത്. അതിനൊപ്പം മുട്ട, ചെറുനാരങ്ങാനീര്, ബ്രോത്ത്, ലെറ്റിയൂസ്, സവാള എന്നിവയും ചേർത്താണ് സൂപ്പുണ്ടാക്കുന്നത്.

ഫോലർ (Folar)
പോർച്ചുഗലിലെ ഏറ്റവും പ്രശസ്തമായ ഈസ്റ്റർ ഭക്ഷണങ്ങളിലൊന്നാണ് ഫോലർ. ഒരുതരം ബ്രെഡാണിത്. മുട്ട, പഞ്ചസാര, മാവ്, പാൽ, വെണ്ണ എന്നിവ ചേർത്താണ് ഫോലർ ഉണ്ടാക്കുന്നത്. പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പമാണ് ഇത് കഴിക്കുന്നത്. ചിലയിടങ്ങളിൽ ഫോലർ കൂടുതൽ സ്വാദിഷ്ടമായിരിക്കും. അതിനുള്ളിൽ സോസേജും മറ്റ് മാംസവും നിറയ്ക്കും. ചിലയിടങ്ങളിൽ അതിനുപകരം മധുരമായിരിക്കും ഉള്ളിൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Overview of diverse Easter culinary customs across different countries. Detailed list of traditional dishes like Zurek, Hot Cross Buns and Asado.