പ്രോട്ടീൻ സമ്പുഷ്ടമായ സ്വാദൂറും വിഭവങ്ങൾ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

സോയ ഇഡ്ഢലി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സോയ ഇഡ്ഢലി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പ്രാതലിന് കഴിക്കുന്ന ഭക്ഷണം ആ ദിവസത്തെ മുഴുവനും സ്വാധീനിക്കും. ദിവസം മുഴുവനും ഊര്‍ജ്ജസ്വലതയോടെ പ്രവർത്തിക്കാൻ പോഷകഗുണങ്ങളുള്ള ബ്രേക്ക്ഫാസ്റ്റ് കഴിക്കണം. ശരീരഭാരത്തിന് ആനുപാതികമായി ഒരാള്‍ക്ക് ഒരു ദിവസം 60-90 ഗ്രാം പ്രോട്ടീന്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സോയാബീന്‍, ചെറുപയര്‍, പീനട്ട് ബട്ടര്‍, മട്ടണ്‍, ചിക്കന്‍, പാല്‍, ഓട്‌സ്, മീന്‍...തുടങ്ങിയവയിലെല്ലാം പ്രോട്ടീനുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ചില ബ്രേക്ക്ഫാസ്റ്റുകള്‍ തയ്യാറാക്കാം.

മഷ്‌റൂം-പനീര്‍ മസാലദോശ

ചേരുവകള്‍
പച്ചരി: രണ്ട് കപ്പ്
ഉഴുന്ന്: അരക്കപ്പ്
ഉലുവ: ഒരു സ്പൂണ്‍
മഷ്‌റൂം: 200 ഗ്രാം
പനീര്‍: 100 ഗ്രാം
മല്ലിപ്പൊടി: ഒരു ടീസ്പൂണ്‍
സവാള: ഒരെണ്ണം
കാപ്‌സിക്കം: ഒരെണ്ണം
ജീരകം: ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി: കാല്‍ ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
മല്ലിയില: ഒരു തണ്ട്

തയ്യാറാക്കുന്ന വിധം
പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ കുതിര്‍ത്ത് അരച്ച് ദോശമാവ് തയ്യാറാക്കുക. (എട്ടുമണിക്കൂര്‍ പുളിക്കാന്‍ വെക്കണം). മഷ്‌റൂം കഴുകി, ആവികയറ്റി വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ചെറുതായി അരിഞ്ഞ സവാള, കാപ്‌സിക്കം എന്നിവ ചേര്‍ത്ത് വഴറ്റുക. ഉപ്പ് ചേര്‍ക്കുക. അതിലേക്ക് പനീര്‍ ഗ്രേറ്റ് ചെയ്ത് ചേര്‍ക്കുക. ഇനി മല്ലിപ്പൊടി, ജീരകം, ഗരംമസാല, എന്നിവകൂടി ചേര്‍ത്ത് ഇളക്കിയശേഷം മഷ്‌റൂം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അവസാനം മല്ലിയില വിതറുക. ഇനി ദോശക്കല്ലില്‍ വെളിച്ചെണ്ണ തടവി മാവൊഴിച്ച് പരത്തുക. മുകളില്‍ മഷ്‌റൂം-പനീര്‍ മസാല നിരത്തി ദോശചുട്ടെടുക്കുക.

മുട്ടദോശ

ചേരുവകള്‍
ദോശമാവ്: രണ്ട് കപ്പ്
സവാള, തക്കാളി, പച്ചമുളക്: രണ്ടെണ്ണം വീതം
മുട്ട: രണ്ടെണ്ണം
ക്യാരറ്റ്: ഒരെണ്ണം
കുരുമുളകുപൊടി, ഗരംമസാല, ഉപ്പ്, നെയ്യ്: ആവശ്യത്തിന്
മല്ലിയില

തയ്യാറാക്കുന്ന വിധം
മുട്ടയില്‍ സവാള, തക്കാളി, പച്ചമുളക്, ക്യാരറ്റ്, മല്ലിയില എന്നിവ അരിഞ്ഞതും, കുരുമുളകുപൊടി, ഉപ്പ്, ഗരംമസാല എന്നിവയും ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി മാവൊഴിക്കുക. മുകളില്‍ മുട്ടക്കൂട്ട് ഒഴിച്ച് പരത്തുക. ശേഷം നെയ്യ് തടവി മൊരിയിച്ചെടുക്കുക.

സോയ ഇഡ്ഢലി

ചേരുവകള്‍
സോയാബീന്‍: ഒരു കപ്പ്
ഉഴുന്ന്: ഒരു കപ്പ്
ഉലുവ: ഒരു ടീസ്പൂണ്‍
ഇഡ്ഢലി അരി: ഒരു കപ്പ്
കടലപ്പരിപ്പ്: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം
അരി, ഉഴുന്ന്, സോയാബീന്‍, എന്നിവ വെവ്വേറെയായി വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഉലുവയും കടലപ്പരിപ്പും ഉഴുന്നിനൊപ്പം കുതിര്‍ക്കാം. ഇനി ഇവയെല്ലാം അരച്ച് ഇഡ്ഢലി മാവ് തയ്യാറാക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക.  മാവ് പുളിക്കാനായി എട്ട് മണിക്കൂര്‍ മാറ്റിവെക്കുക. ഇനി ഇഡ്ഢലിത്തട്ടില്‍ മാവൊഴിച്ച് ആവികയറ്റുക. സാമ്പാര്‍, ചട്ണി എന്നിവയ്‌ക്കൊപ്പം വിളമ്പാം.

ഉലുവച്ചീര ചപ്പാത്തി

ചേരുവകള്‍
ഗോതമ്പുപൊടി: ഒന്നരക്കപ്പ്
ഉലുവച്ചീര അരിഞ്ഞത്: കാല്‍കപ്പ്
എണ്ണ, ഉപ്പ്: പാകത്തിന്
മഞ്ഞള്‍പ്പൊടി: ഒരുനുള്ള്
ജീരകപ്പൊടി: ഒരു ചെറിയ സ്പൂണ്‍
തൈര്: രണ്ട് ടേബിള്‍ സ്പൂണ്‍
പച്ചമുളക്: രണ്ടെണ്ണം
അയമോദകം: ഒരു നുള്ള്
മല്ലിയില

തയ്യാറാക്കുന്നവിധം
എല്ലാ ചേരുവകളും കുഴച്ച് ചപ്പാത്തിമാവ് തയ്യാറാക്കുക. അരമണിക്കൂറിന് ശേഷം കനത്തില്‍ പരത്തി നെയ്യില്‍ ചുട്ടെടുക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Start your day with these protein-packed breakfast recipes. Boost energy and manage weight with mushroom dosa, egg dosa, soy idli & spinach chapati.