അഞ്ച് ഗോവന്‍ ഗൈഡഡ് ടൂറുകള്‍;ഗോവയുടെ ചരിത്രവും പ്രകൃതിയും രുചിയും പരിചയപ്പെടാം

ഗോവ വെറും വെയിലും മണലും വിലകുറഞ്ഞ ബിയറും മാത്രമല്ല. ബീച്ച് ഷാക്കുകളില്‍ നിന്ന് മാറി ചിന്തിച്ചാല്‍ ഗോവയിലെ ശാന്തമായ ഇടങ്ങള്‍ ഇനിയും ധാരാളമുണ്ട്. ഹെറിറ്റേജ് വാക്ക്, മനോഹരമായ ദ്വീപുകള്‍, ഫാമുകള്‍, കായലുകള്‍, തുടങ്ങി രസകരമായ ഗോവന്‍ കാഴ്ചകള്‍ നീളുന്നു...കുറുക്കുവഴികളും മറഞ്ഞിരിക്കുന്ന കഥകളും അറിയാവുന്ന പ്രാദേശിക ഗൈഡുകളോടൊപ്പം യാത്ര ചെയ്താല്‍ ഇത്തരത്തില്‍ ആരും അധികം എത്തിപെടാത്ത ഇടങ്ങളിലൂടെ സവാരി ചെയ്യാം. അത്തരത്തിലൊരു ഗോവന്‍ യാത്രയിലേക്ക് ഒരെത്തിനോട്ടം.
1.ഫോണ്ടെയ്ന്‍ഹാസ് ഹെറിറ്റേജ് വാക്ക്
ഫോണ്ടൈന്‍ഹാസ് ഹെറിറ്റേജ് വാക്ക് പോര്‍ച്ചുഗീസ് സ്വാധീനമുള്ള യുനെസ്‌കോ അംഗീകരിച്ച പൈതൃക മേഖലയാണ്. മനോഹരമായ 2.5 മണിക്കൂര്‍ നടത്ത യാത്രയാണിത്. പനാജിയിലെ പാസ്റ്റല്‍ പാതകളിലൂടെയുള്ള നടത്തം വളരെ രസകരമാണ്. പ്രാദേശിക ചരിത്രകാരന്മാരും പൈതൃകപ്രേമികളും നയിക്കുന്ന ഫോണ്ടൈന്‍ഹാസ് ഹെറിറ്റേജ് വാക്ക് ലാറ്റിന്‍ ക്വാര്‍ട്ടറിലൂടെ കടന്നുപോകുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പൈതൃക കെട്ടിടങ്ങള്‍, പരമ്പരാഗത പോര്‍ച്ചുഗീസ് വീടുകള്‍, പനാജിയിലെ പഴക്കം ചെന്ന ബേക്കറി, പഴയ പള്ളികള്‍ എന്നിവയിലൂടെയുള്ള നടത്തം ഗോവന്‍ മനുഷ്യരെ കണ്ടുമുട്ടാനും അവരുമായി ഇടപഴകാനുമുള്ള ഒരു അവസരം കൂടിയാണ്.
2.സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍
ഗോവന്‍ ബീച്ചുകള്‍ പേരുകേട്ടതാണെങ്കിലും അവിടുത്തെ സുഗന്ധവ്യഞ്ജന തോട്ടങ്ങളും അവിടേയ്ക്കുള്ള മികച്ച യാത്രാനുഭവം നല്‍കുന്നു. ഗോവയിലെ സഹകാരി സ്പൈസ് ഫാമിലോ പാസ്‌കോള്‍ സ്പൈസ് വില്ലേജിലോ സന്ദര്‍ശനം നടത്താം. കൃഷി രഹസ്യങ്ങള്‍, ആയുര്‍വേദ നുറുങ്ങുകള്‍ എന്നിവ മനസ്സിലാക്കാം.
3.ദിവാര്‍ ദ്വീപിലെ സൈക്കിള്‍ സവാരി
ഓള്‍ഡ് ഗോവയിലെ ദിവാര്‍ ദ്വീപിലൂടെയുള്ള സൈക്കിള്‍ സവാരി മറ്റൊരു അനുഭവമാണ്.
ദിവാര്‍ ദ്വീപിലെ ഗ്രാമങ്ങളിലൂടെയും നെല്‍പ്പാടങ്ങളിലൂടെയും, പോര്‍ച്ചുഗീസ് കാലഘട്ടത്തിലെ ചാപ്പലുകളിലൂടെയും സൈക്കിള്‍ ചവിട്ടുക. പല കമ്പനികളും അവിടെ ഗ്രൂപ്പ് റൈഡുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ ശാന്തമായ അന്തരീക്ഷത്തിലൂടെയുള്ള യാത്ര നിങ്ങള്‍ ഗോവയിലാണെന്നുപോലും മറന്നുപോയേക്കാം.
4.കണ്ടല്‍ക്കാടുകളിലൂടെയുള്ള കയാക്കിങ്
ദക്ഷിണ ഗോവയിലെ ചോറാവോയിലെ കണ്ടല്‍ക്കാടുകളിലൂടെയുള്ള കയാക്കിങ് മറ്റൊരു അനുഭവം തരുന്നു. പ്രകൃതിയുടെ ശാന്തമായ ഒളിത്താവളത്തിലൂടെ ഇഷ്ടമുള്ളവരോടൊപ്പം കായലിന്റെ മനോഹാരിത ആസ്വദിക്കാനാകും. സൂര്യോദയത്തിലോ സൂര്യാസ്തമയത്തിലോ കയാക്കിങ് ചെയ്യുന്നതാണ് നല്ലത്.
5. ഫുഡ് ട്രെയില്‍
ഗോവയിലേക്കുള്ള ഒരു യാത്രയും ഫെനി രുചിച്ചു നോക്കാതെ പൂര്‍ത്തിയാകില്ല. ഈ ഫുഡ് ട്രെയിലിലൂടെ ഗോവയിലെ ഭക്ഷണപാനീയങ്ങളുടെ ചരിത്രവും, പോര്‍ച്ചുഗീസ് സ്വാധീനവും, പ്രാദേശിക ഭക്ഷണരീതികളും പരിചയപ്പെടാം. കശുവണ്ടിയില്‍ നിന്നോ തേങ്ങയില്‍ നിന്നോ ഉണ്ടാക്കുന്ന പ്രാദേശിക മദ്യമാണ് ഫെനി. എന്നാല്‍ നല്ലൊരു ഗൈഡഡ് ഫെനി ട്രെയില്‍ മികച്ച ഫെനികലവറയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിലൂടെ പലതരം ഫെനികളും ടാപ്പാസുകളും രുചിക്കാനുള്ള അവസരം ലഭിക്കുന്നു.
ഓള്‍ഡ് ഗോവയിലെ താവളങ്ങളിലൂടെയും ഭക്ഷണശാലകളിലൂടെയും പോര്‍ച്ചുഗീസ് ഭരണകാലത്ത് പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്ന കഫേകളിലൂടെയും ഈ ട്രെയില്‍ നിങ്ങളെ കൊണ്ടുപോകുന്നു. ഗോവയുടെ പ്രാദേശിക രുചി ആസ്വദിച്ച് എരിവുള്ള സോസേജുകള്‍, റെച്ചെഡോ ചെമ്മീന്‍, ടാംഗി മാമ്പഴ സലാഡുകള്‍ എന്നിവ നുണയാം. ഭക്ഷണപ്രിയര്‍ക്ക് അനുയോജ്യമായ ഒന്നായിരിക്കും ഇത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Five unforgettable guided tours to experience the Goa