ഉഴുന്നുവട, ഇനി വെറും ഉഴുന്നുവടയല്ല...

ഉഴുന്നുവട
ഉഴുന്നുവട

ബാക്കിയുള്ള ഉഴുന്നുവടയില്‍നിന്ന് പുതിയ കുറേ വിഭവങ്ങളുണ്ടാക്കാം. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പും വറ്റല്‍മുളകുമിട്ട് വഴറ്റണം. അതിലേക്ക് മൂന്ന് പച്ചമുളക് നുറുക്കിയതും ഒരു സവാള നുറുക്കിയതും കറിവേപ്പിലയും ഉപ്പുമിട്ട് വഴറ്റാം. നന്നായി വഴന്നുവരുമ്പോള്‍, നാല് വട നുറുക്കിയതുമിട്ട് വീണ്ടുമിളക്കുക. എന്നിട്ട് മൂടിവെച്ച് വേവിക്കുക. മൂന്ന് മിനിറ്റിനുശേഷം അടുപ്പില്‍നിന്നിറക്കാം.

അധികം പുളിയില്ലാത്ത രണ്ടുകപ്പ് തൈരില്‍ രണ്ട് പച്ചമുളക് അരച്ചുചേര്‍ത്തതും ഉപ്പുമിട്ട് നന്നായി അടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച്, കറിവേപ്പിലയും ചേര്‍ത്തിളക്കി തൈരിലേക്ക് ഒഴിക്കുക. ഇനി രണ്ടോ മൂന്നോ ഉഴുന്നുവടയുമിട്ട് കുറച്ചുനേരം ഫ്രിഡ്ജില്‍ വെക്കുക. തണുപ്പോടെ കഴിക്കുന്നതാണ് രുചികരം.

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, ജീരകം, കറുവാപ്പട്ട എന്നിവ വഴറ്റുക. അതിലേക്ക് ഒരു സവാള നുറുക്കിയതും കറിവേപ്പിലയുമിട്ട് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഒരു തക്കാളി നുറുക്കിയതും ചേര്‍ത്തിളക്കാം. ഇനി മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വേണമെങ്കില്‍ അതിലേക്ക് വെള്ളവും ഒഴിച്ചുകൊടുക്കാം. തിളയ്ക്കുമ്പോള്‍ മൂന്ന് വട ചെറുതായി നുറുക്കിയത് ചേര്‍ത്ത്, നന്നായി കുറുകുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം. 

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകമിട്ട് ഇളക്കുക. ശേഷം നിലക്കടലയും ഉഴുന്നുപരിപ്പും വറ്റല്‍മുളകും ചേര്‍ത്തിളക്കാം. അതിലേക്ക് ഗ്രേറ്റ് ചെയ്ത ഒരു കാരറ്റും ചെറുതായി നുറുക്കിയ അഞ്ച് ബീന്‍സും ശേഷം മുറിച്ച മൂന്ന് ഉഴുന്നുവടയും ചേര്‍ത്ത് നന്നായി ഇളക്കണം. അരക്കപ്പ് വേവിച്ച ബിരിയാണി അരിയുമിടുക. ഒരു തുള്ളി നാരങ്ങാനീരും ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കാം. വട ബിരിയാണി തയ്യാര്‍.

നന്നായി കുറുക്കിയുണ്ടാക്കിയ സാമ്പാറില്‍ മൂന്നോ നാലോ വടയിട്ടാല്‍, സാമ്പാര്‍ വടയായി. രസത്തില്‍, വടയിട്ട് കുറച്ചുനേരം വെച്ചശേഷം കഴിക്കാം.


 

Content Highlights: food items from leftover uzhunnu vada