ഇന്ത്യയെപ്പറ്റിയുള്ള മുൻവിധികൾ ഇവിടെ വന്നപ്പോൾ മാറിയെന്ന് യൂറോപ്യൻ സഞ്ചാരി, ആദ്യം ഭയമായിരുന്നെന്നും

റോബേർട്ട് | Instagram
റോബേർട്ട് | Instagram

യാത്ര പോവാൻ തീരുമാനിച്ചാൽ ചെല്ലുന്നയിടത്തെ കൂടുതൽ വിവരങ്ങളറിയാനായി സോഷ്യൽ മീ‍ഡിയയിൽ തിരയുന്ന ശീലം മിക്കവർക്കുമുണ്ട്. യൂറോപ്യൻ കണ്ടന്റ് ക്രിയേറ്ററായ റോബർട്ടിനും അതുണ്ടായിരുന്നു. ഇന്ത്യ സന്ദർശിക്കാൻ പുറപ്പെടും മുമ്പ് റോബർട്ട് ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടു, എന്നാൽ അതിലെല്ലാം ഇന്ത്യയുടെ മോശം വശങ്ങൾ മാത്രമാണ് എടുത്തുകാണിച്ചിരുന്നത്. അതുകൊണ്ട് വളരെ സംശയിച്ചാണ് അദ്ദേഹം രാജ്യം കാണാനെത്തിയത്. എന്നാൽ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയപ്പോൾ തനിക്കുണ്ടായത് തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് പറയുകയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹമിപ്പോൾ. താൻ ഇന്ത്യയിലേക്ക് വരാതിരിക്കാൻ ഏറെക്കുറെ തീരുമാനിച്ചിരുന്നുവെന്ന് പോസ്റ്റിൽ റോബർട്ട് സമ്മതിക്കുന്നുണ്ട്. 'India, we need to talk' എന്ന തലക്കെട്ടിൽ തുടങ്ങുന്ന പോസ്റ്റിൽ, യാത്രയുടെ കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അൽഗോരിതം ഭയപ്പെടുത്തുന്ന ഒരു പ്രതിച്ഛായയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. "സന്ദർശിക്കാൻ ഭയപ്പെട്ടിരുന്ന ഒരു ഇന്ത്യയെയാണ് സോഷ്യൽ മീഡിയ സൃഷ്ടിച്ചത്."- എന്ന് ഒരു തുമ്പിയുടെ ക്ലോസ് അപ്പ് ചിത്രത്തിനൊപ്പം അദ്ദേഹമെഴുതി. ഞാൻ പ്രതീക്ഷിച്ചതും എന്നോട് പറഞ്ഞതുമെല്ലാം തെറ്റായിരുന്നു, മോശം പ്രതിച്ഛായയും വാർത്തകളും മുൻധാരണകളും മാത്രം വിശ്വസിച്ചത് എത്രത്തോളം തെറ്റാണെന്ന് ഇവിടെയെത്തിയപ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. 

കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ നാട്ടുകാരുമായുള്ള തന്റെ ഇടപെടലുകൾ റോബർട്ട് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും സൈക്കിളിൽ പുഞ്ചിരിയോടെയിരിക്കുന്ന ഒരാളും അതിൽ ഉൾപ്പെടുന്നു. "നിങ്ങളുടെ പുഞ്ചിരികൾ എന്റെ സംശയങ്ങളെ വേഗത്തിൽ ഇല്ലാതാക്കി," എന്നാണ് ഒരു ചിത്രത്തിന് അദ്ദേഹം നൽകിയ ക്യാപ്ഷൻ. മറ്റൊന്നിൽ "നിങ്ങളുടെ ദയയും ആതിഥ്യമര്യാദയും എന്നെ ശരിക്കും വിസ്മയിപ്പിച്ചു" എന്നും. 

അരാജകത്വത്തേക്കാൾ കൂടുതൽ ദയയാണ് താൻ കണ്ടെത്തിയത്. ഇന്ത്യയിലേക്കുള്ള ഭാവി യാത്രകൾക്കായി റൂട്ട് മാപ്പ് തയ്യാറാക്കി എത്രയും പെട്ടെന്ന് തിരികെ വരുമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്  അവസാനിക്കുന്നത്. "നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുക മാത്രമല്ല ചെയ്തത്. വിലയിരുത്തലുകൾ നടത്തുന്ന രീതിയെ നിങ്ങൾ മാറ്റിയെഴുതി. ചിലയിടങ്ങൾക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായത്തിന് അർഹതയുണ്ട്... എത്രയും പെട്ടെന്ന് ഞാൻ വീണ്ടും വരാം" റോബർട്ട് പറഞ്ഞവസാനിപ്പിച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: European content creator Robert initially feared visiting India due to negative stereotypes., Social media algorithms and Western media created an intimidating image of chaos., Real-life experiences in Karnataka and Goa revealed immense warmth and hospitality., Robert's story highlights the importance of judging a destination through personal experience rather than hearsay.