ഉപ്പ് ചേര്‍ക്കാന്‍ മറന്നുപോയ മീന്‍ കറി, ചോറ് വെയ്ക്കാന്‍ മറന്ന സദ്യ... ചില അടുക്കളമറവികള്‍

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
പ്രതീകാത്മക ചിത്രം/ shutter stock
പ്രതീകാത്മക ചിത്രം/ shutter stock

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ വാമഭാഗത്തിനൊരാഗ്രഹം, ഒരു സദ്യ കഴിക്കണം, അതും വീട്ടില്‍ തന്നെ ഉണ്ടാക്കിയത്. 'ഓ പിന്നെന്താ ഇപ്പോള്‍ തന്നെ ശരിയാക്കാമല്ലോ എന്നും പറഞ്ഞു വിഭവങ്ങള്‍ ആലോചിച്ച് തുടങ്ങി, സാമ്പാര്‍, പരിപ്പ്, പുളിശ്ശേരി, തോരന്‍, കൂട്ടുകറി, പച്ചടി, അവിയല്‍, ഓലന്‍, പാവയ്ക്കാ കൊണ്ടാട്ടം... മതി, ഇത്രയും മതി. അച്ചാര്‍ സ്റ്റോക്കുണ്ട്, ചിപ്‌സ് ഉണ്ട്, പപ്പടം കാച്ചാം, ഒരു പയറ് പായസവും വെക്കാം. സദ്യ കേമമാക്കണം.

രാവിലത്തെ കാപ്പികുടി കഴിഞ്ഞപ്പോള്‍ തന്നെ സദ്യവട്ടങ്ങള്‍ തുടങ്ങി, പച്ചക്കറി നുറുക്കല്‍, വൃത്തിയാക്കല്‍ പരിപാടികള്‍ അപ്പനും മക്കളും ചേര്‍ന്ന് ചെയ്തു തന്നതിനാല്‍ വലിയ പ്രയാസം ഒന്നും തോന്നിയില്ല. പെട്ടെന്ന് പെട്ടെന്ന് ജോലിയും തീരാന്‍ തുടങ്ങി. പന്ത്രണ്ടു മണി ആയപ്പോഴേക്കും എല്ലാ കറികളും റെഡി. എല്ലാം പാത്രത്തില്‍ പകര്‍ന്നു മേശപ്പുറത്തു വെച്ചു. അയല്പക്കത്തെ ആളില്ലാ പറമ്പിലെ വാഴയിലകള്‍ വെട്ടിയെടുത്തു കഴുകി തുടച്ചു മേശമേല്‍ നിരത്തി. വന്നോളിന്‍, ഇരുന്നോളിന്‍ എന്ന് വിളിച്ചു കൂവി, വീട്ടുകാരും വന്നിരുന്നു. കറികളോരോന്നായി വിളമ്പി വെള്ളവും പകര്‍ന്നു തുടങ്ങിയപ്പോള്‍ മകളുടെ ആജ്ഞ, ' മമ്മാ എനിക്കിച്ചിരി ചോറ് മതിയെ ' അയ്യോ ഈശ്വരന്മാരെ ചോറ് വെച്ചില്ലല്ലോ. ദാണ്ടെ വിളിക്കേണ്ട താമസം, കയ്യും കഴുകി എല്ലാരും വന്നിരുന്നു, ഭവ്യത കുറച്ചു കൂടുതലിട്ടു ഇങ്ങനെ പറഞ്ഞു, ' എല്ലാരും അല്‍പ്പം ക്ഷമിക്കണം, ഞാന്‍ ചോറ് വെക്കാന്‍ മറന്നു പോയി, ഒരു ഇരുപതു മിനിറ്റു സമയം തരണം, ഞാന്‍ കുക്കറില്‍ പെട്ടെന്ന് ചോറ് റെഡിയാക്കാം.'

ഇത് കേട്ട് അപ്പനും മക്കളും ചിരിക്കാന്‍ തുടങ്ങി. ഈ മമ്മയുടെ ഒരു കാര്യം, ചോറ് വെയ്ക്കാന്‍ മറക്കുന്ന വീട്ടമ്മയോ എന്ന് സൈഡിലൂടെ ആരോ നൈസായി ഒരു കുത്തും തന്നു. കറികള്‍ അല്‍പ്പം തണുത്തെങ്കിലും ചൂട് ചോറ് കറികളുടെ ഉന്മേഷം കൂട്ടി. ഈ സംഭവം നടന്നിട്ടു രണ്ടു മൂന്നു വര്‍ഷങ്ങളായി എങ്കിലും അടുക്കളയില്‍ സാധാരണ സംഭവിക്കുന്ന ചില ഓര്‍മ്മപ്പിശകുകള്‍ അത്യാവശ്യം ചിരിക്കു വക നല്‍കുന്നതാണ്. കാര്യമായി എന്തോ എടുക്കുവാനായി ഫ്രിഡ്ജ് തുറന്നതിനുശേഷം എന്തെടുക്കാനാണ് ഫ്രിഡ്ജ് തുറന്നതെന്ന് ആലോചിച്ചു നില്‍ക്കുക, ചേര്‍ത്ത മസാല തന്നെ വീണ്ടും ചേര്‍ക്കുക തുടങ്ങിയ അബദ്ധങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതാണ്. ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോയ മീന്‍ കറികള്‍ എത്രമാത്രം ഉണ്ടാക്കിയിരിക്കുന്നു. മറവി പലപ്പോഴും അടുക്കളമൂലകളില്‍ പതുങ്ങിയിരിക്കുന്ന
ഒരു ചാത്തന്‍കുട്ടിയാണോ എന്ന് പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്.

അടുത്തിടെ അപാരമായ ഒരു മറവി സംഭവിച്ചു. തണുത്ത വെള്ളമോ, നാരങ്ങാ വെള്ളമോ, സോഡയോ, ഒന്നും മതിയാകുന്നില്ല, ചൂടകറ്റാന്‍. എരിപൊരി വെയിലത്ത് അലഞ്ഞുക്ഷീണിച്ചുവന്ന ഭര്‍ത്താവു നാരങ്ങായുണ്ടെങ്കില്‍ ഒരു നാരങ്ങാ വെള്ളമെടുക്കൂ എന്ന് മാത്രമേ എന്നോട് ആവശ്യപ്പെട്ടുള്ളു. പപ്പുച്ചേട്ടന്‍ പറഞ്ഞത് പോലെ ' ഇപ്പൊ ശരിയാക്കിത്തരാം' എന്നും പറഞ്ഞു നേരെ അടുക്കളയിലേക്കുനടന്നു. ഇന്നീ ദാഹം ഞാനങ്ങു ശമിപ്പിക്കും എന്ന് വിചാരിച്ചു ചെടിച്ചട്ടിയില്‍ വളര്‍ന്നു നില്‍ക്കുന്ന പുതിനയില്‍നിന്നും രണ്ടുമൂന്നില പൊട്ടിച്ചെടുത്തു. ഒരു മുഴുത്ത നാരങ്ങാ ഫ്രിഡ്ജില്‍ നിന്നും എടുത്തു വെളിയില്‍ വെച്ചു. മിക്‌സിയുടെ ജാറില്‍ നാരങ്ങാനീരും, ഉപ്പും പഞ്ചസാരയും, പുതിനയിലയും, ഐസ്‌ക്യൂബ്‌സും ഇട്ട് അല്‍പ്പം വെള്ളം കൂടെ ചേര്‍ത്തടിച്ച് അടിപൊളി നാരങ്ങാജ്യൂസ് ഉണ്ടാക്കി. അപ്പോള്‍ തന്നെ, അടിച്ചു പതപ്പിച്ച നാരങ്ങാവെള്ളം ഒരു വലിയ ഗ്ലാസ്സിലാക്കി ഒരു തവി സ്‌നേഹവും രണ്ടു സ്പൂണ്‍ കരുതലും കൂടുതലിട്ട്, ' ദാ നാരങ്ങാവെള്ളം, ഒറ്റയടിക്കങ്ങു കുടിച്ചേ' എന്നും പറഞ്ഞു എന്റെ പ്രിയതമനു കൊടുത്തു, ജാറില്‍ ബാക്കിയിരുന്ന നാരങ്ങാവെള്ളം ഞാനും കുടിച്ചു, സ്‌നേഹവും കരുതലും കൂടിപ്പോയത് കൊണ്ടാണോ എന്നറിയില്ല, വിചാരിച്ച ഒരു ഗും (വീര്യം) ആ നാരങ്ങാവെള്ളത്തിനില്ലായിരുന്നു. ചേട്ടായിക്കും ഇതേ അഭിപ്രായം തന്നെയാണെങ്കിലോ, വെറുതെ വായിലിരിക്കുന്നതു കേള്‍ക്കണ്ട എന്ന് കരുതി ഞാന്‍ അഭിപ്രായം ഒന്ന് ചോദിക്കാതെ അടുക്കളയിലേക്കു നടന്നു.

'എന്നാലും എന്തായിരിക്കും കാരണം, നാരങ്ങാവെള്ളം ഒരു മാതിരി വാട്ടവെള്ളം പോലിരിക്കുന്നത്. ദൈവമേ മര്യാദക്ക് ഒരു നാരങ്ങാവെള്ളം പോലും ഉണ്ടാക്കാന്‍ വയ്യാതായല്ലോ.' ഇങ്ങനെയൊക്കെ കുറച്ചു നേരം അത് ആലോചിച്ചു ആകുലപ്പെട്ടെങ്കിലും അടുക്കള ജോലിക്കിടയില്‍ നെരങ്ങാവെള്ളയജ്ഞം ഞാന്‍ മറന്നു. ജോലിയെല്ലാം തീര്‍ന്ന ശേഷം അടുക്കള വൃത്തിയാക്കുന്നതിനിടയില്‍ മിക്‌സി തുടക്കാനായി അത് നീക്കി വെച്ചപ്പോള്‍ ദാ ഇരിക്കുന്നു ഒരു നാരങ്ങ, നേരത്തെ പ്രിയതമന്‍ ആവശ്യപ്പെട്ട പ്രകാരം നാരങ്ങാവെള്ളം ഉണ്ടാക്കാനായി എടുത്തു വെച്ച നാരങ്ങ. ഇതെന്തു മറിമായം അപ്പോള്‍ നേരത്തെ നാരങ്ങാ ചേര്‍ക്കാത്ത നാരങ്ങാവെള്ളമാണോ ഞാന്‍ പിഴിഞ്ഞതു. ചുമ്മാതല്ല നാരങ്ങാവെള്ളം ജീവനില്ലാതിരുന്നത്. മധുരമല്‍പ്പം കൂടിപ്പോയി എന്നല്ലാതെ എനിക്ക് മറ്റൊന്നും തോന്നിയില്ല എന്നതാണ് മഹാശ്ചര്യം. 

സാധാരണ അടുക്കളയില്‍ എനിക്ക് പറ്റുന്ന അബദ്ധങ്ങള്‍ എല്ലാം എന്റെ ഭര്‍ത്താവിന്റെ കണ്ണില്‍ അപ്പപ്പോള്‍ പെടാറുണ്ടായിരുന്നു. ചിരിക്കണോ കരയണോ എന്നറിയാതെ നാരങ്ങയും പിടിച്ചു വിജൃംഭിതയായി നില്‍ക്കുന്ന എന്നെ കണ്ടു കൊണ്ട് അടുക്കളയിലേക്കു കടന്നു വന്ന ഭര്‍ത്താവിന് കൂടുതല്‍ വിശദീകരിക്കാതെ കാര്യം പിടികിട്ടി. അപ്പൊ അതാണ് കളി നാരങ്ങാവെള്ളം കുടിച്ചപ്പോഴേ എനിക്ക് സംശയം തോന്നി. നാരങ്ങാവെള്ളത്തിനു ഒരു ബലഹീനത, ഇത്രയും മറവിയോ. 

Content Highlights: dr.gigi j alex share some funny kitchen and cooking experience