'വാള വറുത്തതും ചോറും കറികളും ചോറ്റുപാത്രത്തിലാക്കിയാണ് കക്ഷി വരിക, മുറിയാകെ വീട്ടുമണം നിറയും'

എന്റെ കൂടെ ചോറ്റുപാത്രം പങ്കിട്ടു കഴിച്ച ഒരുപാടു കൂട്ടുകാര്‍ ഉണ്ട്. സ്‌കൂള്‍ കാലത്തെ കൂട്ടുകാരില്‍ ഒരാളെ മാത്രമേ ഇപ്പോള്‍ കാണാറുള്ളു, പക്ഷേ ഹോസ്റ്റല്‍ ജീവിതത്തില്‍ ഡേ സ്‌കോളേഴ്‌സ് കൊണ്ട് വരുന്ന ഉച്ചയൂണ് എനിക്കൊരിക്കലും മറക്കാന്‍ ആവില്ല. എം.എ കാലത്ത് നിഷയുടെയും ശ്രീജയുടെയും ചോറ്റുപാത്രത്തിലെ ചെമ്പാവരിച്ചോറും തേങ്ങാച്ചമ്മന്തിയും വാഴക്കാത്തോരനും എന്തോരും കഴിച്ചിരിക്കുന്നു, സ്റ്റീല്‍ ചോറ്റുപാത്രത്തിന്റെ അടപ്പില്‍ എല്ലാ കൂട്ടാനും ഇട്ട് ചോറുമായി അവര്‍ തരുന്ന ഒരു കാഴ്ച എനിക്ക് നല്ല രുചിയുള്ള ഓര്‍മ്മയാണ്. നിഷയുടെ സുകേഷേട്ടന്‍ കൊണ്ടുത്തരുന്ന തേന്‍കുഴലും, സോറി ഞാന്‍ അതിനെ അങ്ങനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നു എങ്കിലും അതിന്റെ പേര് ജാന്‍ഗ്രീന്‍ എന്നാണെന്നു പിന്നീട് നിഷ പഠിപ്പിച്ചു തന്നിട്ടുണ്ട്. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്‌നോളജിയില്‍ പഠിക്കുന്ന സുകേഷേട്ടന്റെ പ്രാക്ടിക്കല്‍ പാഠങ്ങള്‍ പലപ്പോഴും ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു). ശുദ്ധമാതൃകാപ്രണയത്തിന്റെ ഉപജ്ഞാതാക്കള്‍ ആയിരുന്നു, നിഷയും സുകേഷേട്ടനും.
എം.എ കാലത്തു സച്ചിന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്നിരുന്ന പൊതിച്ചോറാണ് മറ്റൊരു രുചിയോര്‍മ്മ, വാട്ടിയ വാഴയിലയില്‍ ചോറും ചമ്മന്തീം കൂര്‍ക്കമെഴുക്കുപുരട്ടിയും മറ്റു കൂട്ടാനുകളും ഒക്കെയായി അങ്ങ് കോലഞ്ചേരി കടയിരുപ്പില്‍ നിന്നും അതിരാവിലത്തെ ട്രെയിനില്‍ യാത്രയാകുന്ന മകന് അമ്മ കൊടുത്തുവിടുന്നത് ഞങ്ങളെല്ലാവരും കൂടെ കഴിക്കുമായിരുന്നു.
വൈ.ഡബ്ല്യു.സി.എ.യില്‍ എന്റെ റൂംമേറ്റ് ആയിരുന്നു കാട്ടാക്കടയില്‍ നിന്നും വരുന്ന ഷമീമ. ഷമീമ കാര്യവട്ടത്താണ് പഠിക്കുന്നത്, പക്ഷെ പുള്ളിക്കാരി മിക്കവാറും ഞായറാഴ്ച വൈകിട്ട് തന്നെ വരും. അതൊരു ഒന്നൊന്നര വരവാണ്. വാള വറുത്തതും ചോറും കറികളും ഒരു ചോറ്റുപാത്രത്തിലാക്കിയാണ് കക്ഷി വരുന്നത്. അത് തുറക്കുമ്പോള്‍ തന്നെ മുറിയാകെ വീട്ടുമണം നിറയും. അത് കൊണ്ട് എല്ലാ ആഴ്ചയിലും ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഷമീമയെ വീട്ടില്‍ പറഞ്ഞു വിടുമായിരുന്നു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലായിരുന്നപ്പോള്‍ ആദ്യമൊക്കെ ചോറ്റുപാത്രക്കമ്പനി തന്നിരുന്നത് രാജന്‍ സാറും സതിചേച്ചിയുമായിരുന്നു. പിന്നീട് മിനിചേച്ചിയുടെ കൂടെ മാത്രമായി കൂട്ട്. ഒരു പനോപ്റ്റികോണ്‍ സ്‌റ്റൈലിലാണ് അവിടുത്തെ ലൈബ്രറിയില്‍ ചേച്ചിയിരിക്കുന്ന ക്യാബിന്‍. ചേച്ചി നടുക്കും ചുറ്റും പുസ്തകമുറികളും. ഞങ്ങളുടെ ഓരോ ഊണും രുചിയൂണാണ്. എല്ലാ പുസ്തകങ്ങളും കഥകളും വായിക്കുന്ന ചേച്ചിയുടെ കൂടെ ഊണ് കഴിക്കുമ്പോള്‍ രുചി കൂടും. വളരെ കുറച്ചു ചോറ് മാത്രം കഴിക്കുന്ന ചേച്ചിയുടെ ചോറ്റുപാത്രവും കറിപ്പാത്രങ്ങളും എപ്പോഴും നല്ല വൃത്തിയായിരുന്നു, കറിയൊന്നും ഒലിച്ചിറങ്ങാതെ നന്നായി ഇറുക്കിയടച്ചാണ് ചേച്ചി ഊണ് കൊണ്ട് വരുന്നത്.
തിരുവനന്തപുരത്തു വന്നപ്പോള്‍ പിന്നെയും കിട്ടി കുറെ ഊണുകൂട്ടുകാര്‍. ബബിയുടെ കൂടെ ഊണ് കഴിക്കുമ്പോള്‍ അങ്ങ് മേഘാലയയില്‍ നിന്നും കടത്തി കൊണ്ട് വന്ന രുചികളെല്ലാം സെങ്ച്ചി (ബബി നോര്‍ത്ത് ഈസ്റ്റില്‍ നിന്നും സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് വന്ന സഹായി ) വഴി ഇങ്ങു കോളേജില്‍ കൊണ്ട് വരും. ഇത്രയും രുചിയുള്ള രാജ്മ കറി, കടലക്കറി, എന്ന് വേണ്ട എനിക്കൊരിക്കലും പകര്‍ത്താന്‍ പറ്റാത്ത ഒരുപാടു കറികള്‍ സെങ്ച്ചി ഉണ്ടാക്കുമായിരുന്നു, അവരൊരു രുചിറാണിയാണ്. നല്ല പാചകം ഒരു മാജിക്കാണെന്നു ബബി പറയുമായിരുന്നു.
ചോറ്റുപാത്രത്തില്‍ ചോറും തൈരും കറികളും ചേര്‍ത്ത് കൊണ്ട് വരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. എല്ലാവരും കറികള്‍ കൂട്ടി ഇളക്കി കഴിക്കുമ്പോള്‍ ഈ കൂട്ടുകാരി ഓരോ ഉരുള ഉരുട്ടി ചോറ് കഴിക്കുന്നത് കാണാം, ഒരു ദിവസം ഞാന്‍ ചോദിച്ചു,' ഇതെന്തേ മാം, കറികളൊന്നും വേണ്ടേ', 'വേണ്ടടോ, കറിയും തൈരും ചേര്‍ത്ത് കുഴച്ച ചോറാണ് അമ്മ തന്നു വിടുന്നത്.' ആ അമ്മയെയും എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്, പ്രത്യേകിച്ചും അമ്മ ഉണ്ടാക്കി തന്നിട്ടുള്ള ചക്കവരട്ടിയും, അച്ചാറും ഒക്കെ രുചിസ്മൃതിയില്‍ എന്നും തങ്ങി നില്‍ക്കും.
Content Highlights: dr.gigi j alex share her memories about lunch and sharing pothichor