അമ്മച്ചിയുടെ കൈപ്പുണ്യവും നാവിലെ കോഴിക്കറിയും

#അക്ഷര അര്‍ജുന്‍
രുചിയോർമ
രുചിയോർമ

പ്രത്യാശയുടെ നക്ഷത്രവിളക്കുകള്‍ തെളിയുന്ന  മറ്റൊരു ക്രിസ്മസ് രാവിനെക്കൂടി വരവേല്‍ക്കുകയാണ് ലോകം. ഓര്‍മകള്‍ക്ക് സുഗന്ധവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹര കാലം. വാരാന്തയില്‍ കൊതി നുണഞ്ഞിരുന്ന മധുരമുള്ള രുചിയോര്‍മ്മകളായിരിക്കും പലരുടെയും ക്രിസ്മസ്. അമ്മച്ചിയുണ്ടാക്കിത്തന്ന കേക്കും ലഹരിപിടിപ്പിച്ച വീഞ്ഞും മനസ്സിനെ രുചിക്കൂട്ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എത്ര കഴിച്ചാലും മതിവരാത്ത, എന്നും നാവിനെ മാടിവിളിക്കുന്ന, കപ്പലോടിക്കുന്ന ചില വിഭവങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാകും. അത്തരം ചില രുചിയോര്‍മ്മയിലേക്കൊരെത്തി നോട്ടം...

തീ കാഞ്ഞ് കുടിച്ച കട്ടന്‍ ചായയും പിടിയും കോഴിക്കറിയും ; മഞ്ജു പത്രോസ്


ക്രിസ്മസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മഞ്ജുവിന്റെ മനസ്സ് കിഴക്കമ്പലത്തെ പഴയ തറവാട്ടിലേക്ക് പോകും. പിടിയും കോഴിക്കറിയും നിറഞ്ഞ അടുക്കളയും ആള്‍ക്കൂട്ടവും. അന്ന് കിട്ടിയ സ്വാദിനിന്നോളം പകരം വെക്കാന്‍ മറ്റൊന്നില്ലെന്നവരുടെ വാക്കുകളില്‍  തെളിയുന്നു. ഗൃഹാതുരയുടെ പാചകക്കൂട്ടിലേക്ക് ഒരു നിമിഷം മഞ്ജു തിരിച്ചുപോയി....

'വലിയ കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് നാട്ടിലെ പ്രധാന ആഹാരമാണ് പിടിയും കോഴിക്കറിയും. ക്രിസ്മസിന്റെ പ്രധാന വിഭവം അതുതന്നെയായിരുന്നു. ഇത്രയും പേര്‍ക്ക് ആഹാരം ഉണ്ടാക്കുന്നത് ചില്ലറക്കാര്യമല്ല. രാത്രി കിടക്കുമ്പോള്‍തന്നെ പപ്പയുടെ അമ്മ പറയും 'പിലാലേ' (പുലര്‍ച്ചെ) എഴുന്നേല്‍ക്കണം. അപ്പനും അനിയമ്മാരും എല്ലാരും കാലത്തെഴുന്നേറ്റ് പിടിക്ക് കുഴയ്ക്കും. രാവിലെ നല്ല തണുപ്പായിരിക്കും. തീ കായാന്‍ തലേന്ന് തന്നെ കരിയില കൂട്ടി മഞ്ഞ് കൊള്ളാതെ മൂടിവെക്കും. രാവിലെ തീ കാഞ്ഞ് ഓരോ കട്ടനും തരും. കുഞ്ഞുമക്കളെല്ലാം തീ കാഞ്ഞിരിക്കും. അപ്പയും അമ്മയും അമ്മച്ചിയും അഞ്ച് കിലോ പൊടി ഉരുട്ടിയെടുക്കും. അന്ന് കൂട്ടിയ പിടിയുടെയും കോഴിക്കറിയുടെയും സ്വാദ് പിന്നെ എന്ത് കഴിച്ചിട്ടും കിട്ടിയിട്ടില്ല. വിറകടുപ്പില്‍ ഉണ്ടാക്കിയെടുത്ത ആ രുചിക്കൂട്ടിന്റെ സ്വാദ് ഇന്നും നാവിലുണ്ട്. അതിനേക്കാള്‍ നല്ല സാധനങ്ങളും ഒക്കെ ഇന്ന് ഉണ്ടാക്കുന്നുണ്ടെങ്കിലും ആ രുചിയോര്‍മതരുന്ന മധുരം മറ്റൊന്നാണ്. 
 
ഓര്‍മയിലെ മെലിഞ്ഞ ക്രിസ്മസ് ; പി. എഫ് മാത്യൂസ്


രചനാവഴികളില്‍ വേറിട്ട സഞ്ചാരങ്ങള്‍ നടത്തിയ എഴുത്തുകാരന്‍. വളരെ അപൂര്‍വ്വമായി കിട്ടിയ പുത്തന്‍ ടെര്‍ലിന്‍ കുപ്പായമണിഞ്ഞ് പാതിരാക്കുര്‍ബാനയുടെ നേരത്ത് സിനിമ കാണാന്‍ പോയ പി.എഫ് മാത്യൂസ്. ഓട്ട വീണ കൂപ്പായത്തില്‍ നോക്കിക്കരഞ്ഞ ബാലന്റെ നനവാര്‍ന്ന ക്രിസ്മസ് ഓര്‍മകളാണ് അദ്ദേഹത്തിന് പങ്കുവെക്കാനുള്ളത്...

'കൊച്ചിയിലെ ഒരു  ഇടത്തരം കുടുംബത്തിലെ ക്രിസ്മസ്‌ക്കാഴ്ചകളായിരുന്നു എന്റേത്. വെളുത്ത ഐസില്‍ ചുമന്ന റോസാപ്പൂ ക്രീം പതിപ്പിച്ച പ്ലം കേക്കായിരുന്നു അന്നത്തേത്. മുറിച്ചെടുക്കുമ്പോള്‍ റോസാപ്പൂ കിട്ടുന്നത് വലിയൊരു സ്വപ്‌നമായിരുന്നു. പുക അടുപ്പില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്നത് കൊണ്ടുതന്നെ രുചിയേക്കാള്‍ കൂടുതല്‍ കഷ്ടപ്പാടിന്റെ പുകയായിരുന്നു കേക്കിന്. വെള്ളയപ്പമായിരുന്നു മറ്റൊരു വിഭവം. പുറത്ത് പ്രത്യേകം അടുപ്പുകൂട്ടിയാണ് വെള്ളയപ്പം ഉണ്ടാക്കുന്നത്. വെള്ളയപ്പം ഉണ്ടാക്കാനാണ് അന്ന് കള്ള് വാങ്ങുന്നത്. വളര്‍ത്തുകോഴികളെ കൊല്ലാന്‍ അമ്മച്ചി സമ്മതിക്കാത്തതുകൊണ്ട് പുറത്ത് നിന്ന് ചിക്കന്‍ വാങ്ങും. ഉരുളക്കിഴങ്ങിട്ട കൊച്ചിക്കാരുടെ ചിക്കന്‍കറി, വെള്ളയപ്പവും വിന്താലുവും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മെലിഞ്ഞ ക്രിസ്മസ്. പാതിരാകുര്‍ബാന കൊച്ചിക്കാര്‍ക്ക് സ്‌പെഷ്യലാണ്. സ്ത്രീകളും കുട്ടികള്‍ക്കും അവരുടേതല്ലാത്ത ലോകം കാണുന്ന ദിവസം. നക്ഷത്രങ്ങള്‍ തൂക്കിയ വഴിയെ അമ്മവീടായ കോമ്പാറയില്‍ നിന്ന് കപ്പലുപള്ളിവരെ നടക്കും. ക്രിസ്മസ് എന്ന് പറയുമ്പോള്‍ ആ പാതിരാനടത്തമാണ് എന്റെ ഓര്‍മയില്‍ തെളിയുന്നത്.'

അമ്മച്ചി വിളമ്പി തന്ന പാലപ്പവും താറാവുകറിയും; ബീന ആന്റണി


തറവാട്ടില്‍ അമ്മച്ചി വിളമ്പിയ സ്വാദാണ് ബീന ആന്റണിയുടെ ക്രിസ്മസ് നാളുകളില്‍ ഓടിയെത്തുന്നത്. ''ക്രിസ്മസ് സന്തോഷത്തിന്റെയും ഒത്തുകൂടലിന്റെയും ദിനങ്ങളായിരുന്നു. അമ്മച്ചി വിളമ്പി തന്ന പാലപ്പവും താറാവുകറിയുമായിരുന്നു എന്റെ ഫേവറേറ്റ്. ഇന്നും നാവില്‍  കൊതിയൂറുന്ന സ്വാദ്. ക്രിസ്മസിന് എല്ലാ വിഭവങ്ങളും ഉണ്ടാകും.  ബീഫ് പോര്‍ക്ക്, വിന്താലു... അത് അപ്പച്ചന് നിര്‍ബന്ധമായിരുന്നു. തറവാട്ടില്‍ എപ്പോഴും ആളുകളുണ്ടാകും. അപ്പച്ചന്റെ പെങ്ങന്മാരും അവരുടെ മക്കളും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അമ്മച്ചിയുടെ ആ കൈപ്പുണ്യത്തിന്റെ സ്വാദ് കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്.''

Content Highlights: christmas food memory