ചിക്കന്‍ ക്ലിയര്‍ സൂപ്പ് കര്‍ക്കിടകത്തിലും കുടിക്കാം

പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

കര്‍ക്കിടക മാസത്തില്‍ മാത്രം ശീലിച്ചുവരുന്ന ചില പ്രത്യേക ഭക്ഷണ രീതികളുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണത്രേ ഇത്. അതുകൊണ്ടുതന്നെ ലഘുവായ, എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഈ മാസത്തില്‍ കഴിക്കേണ്ടത്. എന്തു ചികിത്സകള്‍ ചെയ്താലും പെട്ടെന്ന് പ്രതിഫലിക്കുന്ന മാസം കൂടിയാണ് കര്‍ക്കിടകം എന്നാണ് പറയാറ്. സുഖ ചികിത്സകള്‍ക്കും ശരീരസംരക്ഷണത്തിനുമൊക്കെ പറ്റിയ സമയം. മരുന്നു കഞ്ഞി, പത്തില തോരന്‍, സൂപ്പ് ഇവയെല്ലാം ദഹനശേഷി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായകമാണ്. മഞ്ഞള്‍, ജീരകം, ഉലുവ, കുരുമുളക്, ഇലക്കറികള്‍ എന്നിവയൊക്കെ ഭക്ഷണത്തില്‍ കൂടുതലായി ചേര്‍ക്കാം. മാത്രമല്ല തണുത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാനും ശ്രമിക്കുക. ഈ കര്‍ക്കിടക മഴയില്‍ ചൂടോടെ കുടിക്കാന്‍ വെജിറ്റബിള്‍ സൂപ്പിനൊപ്പം ഒരു ചിക്കന്‍ ക്ലിയര്‍ സൂപ്പും പരീക്ഷിക്കുന്നത് നല്ലതാണ്.
ചിക്കന്‍ ക്ലിയര്‍ സൂപ്പ്
ചേരുവകള്‍:

ചിക്കന്‍ - കാല്‍ കിലോ
കാരറ്റ് - ഒന്ന്
കാബേജ് അരിഞ്ഞത് - അരക്കപ്പ്
സവാള - ഒന്ന്
ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
വെള്ളം - നാല് കപ്പ്
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില - അരക്കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: നെയ്യ് ചൂടാക്കി അതിലേക്ക് ചെറുതായരിഞ്ഞ സവാളയും ഇഞ്ചി-വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി കൊത്തിയരിഞ്ഞ ചിക്കനും ഉപ്പും കുരുമുളക് പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് വഴറ്റുക. വട്ടത്തില്‍ അരിഞ്ഞ കാരറ്റും കാബേജ് അരിഞ്ഞതും ചേര്‍ത്ത് വഴറ്റി, വെള്ളമൊഴിച്ച് തിളക്കുമ്പോള്‍ ചെറുതീയില്‍ വെച്ച് ഇരുപതുമിനിറ്റ് വേവിക്കുക. ഒന്ന് വറ്റി വരുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണയ്ക്കാം. ചിക്കനു പകരം മഷ്റൂം ചേർത്തും സൂപ്പ് തയ്യാറാക്കാം.
ചില നുറുങ്ങുകളിതാ…

  • പച്ചക്കറിക്കും നോണ്‍വെജിനും പ്രത്യേകം കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുക. ഇത് രോഗാണുവ്യാപനം (ക്രോസ്സ് കണ്‍ടാമിനേഷന്‍) തടയും.
  • നോണ്‍വെജ് മുറിച്ചതിനുശേഷം കത്തി, കട്ടിങ് ബോര്‍ഡ് എന്നിവ വിനീഗര്‍-വെള്ളം മിശ്രിതത്തില്‍ കഴുകി വൃത്തിയാക്കാം.
  • വെളുത്തുള്ളി വാങ്ങുമ്പോള്‍ തന്നെ അല്ലികള്‍ വിടര്‍ത്തിയിട്ടാല്‍ പെട്ടെന്നു കേടാവുന്നത് തടയാം.
  • പാചകം ലോ അല്ലെങ്കില്‍ മീഡിയം ഫ്‌ളെയിമിൽ തന്നെ ചെയ്താല്‍ ഗ്യാസ് ലാഭം മാത്രമല്ല, കറികള്‍ കരിഞ്ഞു പോകുന്നതും പരമാവധി ഒഴിവാക്കാം.
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ തൊലി കളഞ്ഞ്, ഒരു എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ ടിഷ്യൂ പേപ്പര്‍ നിരത്തി അതിലിട്ട് ഫ്രിഡ്ജില്‍ വെച്ചാല്‍ കുറേനാള്‍ കേടാവാതെ സൂക്ഷിക്കാം.
  • അരിപ്പൊടി, ഗോതമ്പുപൊടി, മൈദ, കടലമാവ് എന്നിവ വാങ്ങിയ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പ്രാണികള്‍ വരുന്നത് ഒഴിവാക്കാം.
  • തോരന്‍ തയ്യാറാക്കുമ്പോള്‍ അവസാനം തേങ്ങ ചേര്‍ത്ത ഉടനെ സ്റ്റവ് ഓഫ് ചെയ്യാതെ, അല്‍പ നേരം ലോ ഫ്‌ളെയിമിൽ വച്ച് മൊരിയിച്ചെടുത്താല്‍ കൂടുതല്‍ രുചികരമാകും.
  • ഇറച്ചിക്കറി വെക്കുമ്പോള്‍ ഗരംമസാല, കുരുമുളക് പൊടി എന്നിവ അവസാനം മാത്രം ചേര്‍ത്താല്‍ അവയുടെ ഫ്‌ളേവർ കറിയില്‍ നിലനിര്‍ത്താം.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: chicken clear soup for a healthy karkkidakam