ലോകത്തിലെ ഏറ്റവും വരൾച്ചയുള്ള മരുഭൂമി; ചില പ്രത്യേകസമയങ്ങളിൽ ഇവിടം പൂപ്പാടങ്ങളാവും

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് അറ്റക്കാമ. 1600 കിലോമീറ്ററോളം വിസ്തീർണതയിലാണിതുള്ളത്. 20 ദശലക്ഷത്തിലേറെ വർഷത്തെ പഴക്കമാണ് ഈ മരുഭൂമിക്കുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരുഭൂമിയും ഇതുതന്നെയാകാം.
ഇവിടെ മഴ തീരെ കുറവാണ്. ചില ഭാഗങ്ങളിൽ വർഷത്തിൽ ഒരുമില്ലിമീറ്റർ മഴ മാത്രമാണ് ലഭിക്കുന്നത്. സാധാരണയായി ഒരു വർഷം 15 മില്ലിമീറ്ററിൽ കുറവ് മഴയാണ് ഈ പ്രദേശത്ത് പെയ്യുക. ചില വർഷങ്ങളിൽ മഴ തീരെ ഉണ്ടാവുകയുമില്ല. മണലും പാറക്കൂട്ടങ്ങളും മാത്രമാണ് ഇവിടമാകെ.
എന്നാൽ, ചില വർഷങ്ങളിൽ സ്ഥിതി മാറും. അപ്രതീക്ഷിതമായി നല്ല മഴ ലഭിക്കും. അതോടെ ഭ്രാന്തുപിടിച്ചപോലെ ഇവിടമാകെ പൂത്തുലയുകയും ചെയ്യും. അതോടെ വരണ്ട പ്രദേശത്ത് പല നിറത്തിലും തരത്തിലുമുള്ള പൂക്കൾ വിരിയും. അങ്ങനെ മരുഭൂമി നിറങ്ങളിൽ നീരാടും. ഈ പ്രതിഭാസത്തെ മരുഭൂമിയിലെ വസന്തം എന്നാണ് വിളിക്കുന്നത്. പ്രാദേശികഭാഷയിൽ ഇത് 'ദെസ്യേർട്ടോ ഫ്‌ളോറിഡോ' എന്നാണ് അറിയപ്പെടുന്നത്.
ആറോ ഏഴോ വർഷം കൂടുമ്പോഴാണ് ഈ കൗതുകക്കാഴ്ച കാണാനാവുക. ചിലപ്പോൾ അതിലും നീളും കാത്തിരിപ്പ്. എൽ നിനോ എന്ന പ്രതിഭാസമാണത്രേ അറ്റക്കാമയിൽ മഴ പെയ്യിക്കുന്നത്. അതോടെ പിങ്കും വെള്ളയും മഞ്ഞയും നിറമുള്ള പൂക്കളാൽ മരുഭൂമി മൂടും. ചില അപൂർവമായ കള്ളിമുൾച്ചെടികളും ഇവിടെ കാണാം.
ആ സമയത്ത് കാഴ്ച കാണാനായി സഞ്ചാരികളുടെ തിരക്കായിരിക്കും. 200-ലേറെ ഇനം പൂക്കളാണ് ഇവിടെ ആ സമയത്ത് കാണപ്പെടുക. അതിലേറെയും ഇവിടെ മാത്രം വിരിയുന്നതും. ജൂലായ് അവസാനം അല്ലെങ്കിൽ ആഗസ്ത് ആദ്യവാരത്തിലാണ് പൂക്കൾ വിരിയുന്നത്. ഇത് സെപ്റ്റംബർ വരെ നീണ്ടുനിൽക്കുകയും ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: disover atacama desert and its rare desert blooms and the blooming desert phenomenon