അടിയൊഴുക്കുകളുള്ള ഗംഗാവലി നദി; അര്‍ജുന്റെ ലോറി വീണത് ഈ നദിയിലേക്ക്

ദിവസങ്ങള്‍ക്കുമുമ്പ് വരെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പേരായിരുന്നു ഗംഗാവലി. എന്നാലിപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആ നദീതീരത്തേക്കാണ്. ജൂലായ് 16-നാണ് ഷിരൂരില്‍ ഗംഗാവലി നദിയോട് ചേര്‍ന്നുള്ള സ്ഥലത്ത് വന്‍ മണ്ണിടിച്ചിലുണ്ടായത്. മഴ കനത്തതോടെ, അംഗോള ദേശീയപാതയുടെ ഒരു വശത്തായുള്ള വലിയ കുന്നിടിയുകയായിരുന്നു. മണ്ണിടിഞ്ഞ് ദേശീയപാതയിലേക്കും നദിയിലേക്കുമാണ് പതിച്ചത്. കോഴിക്കോട് സ്വദേശിയായ അര്‍ജുനെ ആ മണ്ണിടിച്ചിലിലാണ് കാണാതായത്. ഇത്രയും ദിവസങ്ങള്‍ക്കുശേഷവും അര്‍ജുനെ കുറിച്ച് യാതൊരു വിവരവുമില്ല.
കര്‍ണാടകയിലെ പ്രധാനനദികളിലൊന്നാണ് ഗംഗാവലി. ധാര്‍വാഡിന് തെക്കുനിന്ന്, പശ്ചിമഘട്ടത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. പിന്നീട് നിബിഡവനത്തിലൂടെയൊഴുകുന്നു. ഷാല്‍മാല എന്നാണ് അപ്പോള്‍ നദിയുടെ പേര്. പിന്നെയും കുറച്ചുദൂരം പോകുമ്പോള്‍ നദിയുടെ പേര് ഗംഗാവലി എന്നാവും. ഉത്തര കന്നഡ, ധാര്‍വാഡ്, ഹവേരി ജില്ലകളിലൂടെയാണ് ഈ നദിയൊഴുകുന്നത്. 161 കിലോമീറ്ററാണ് ആകെയുള്ള ദൈര്‍ഘ്യം.
പലയിടങ്ങളിലും 25 അടിയിലേറെ താഴ്ചയാണിതിനുള്ളത്. ഗോകര്‍ണത്തിന് സമീപത്തുവെച്ച് നദി അറബിക്കടലില്‍ ചേരുന്നു. മഴക്കാലത്താണ് നദി കൂടുതല്‍ ശക്തി പ്രാപിക്കുന്നത്. 300 മീറ്റര്‍ മുതല്‍ 600 മീറ്റര്‍ വരെയാണ് നദിയുടെ വീതി.
ഗംഗാവലിയോട് ചേര്‍ന്ന് ഗംഗാവലി ഗ്രാമവുമുണ്ട്. അങ്കോള ടൗണില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരത്തിലാണിത്. ഗംഗാവാലി റോഡില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരമേയുള്ളൂ പ്രശസ്തമായ ഗോകര്‍ണത്തേക്ക്.
Content Highlights: about gangavali river