ഭൂഗര്‍ഭ ശ്മശാനപാത, പതിനൊന്ന് നിലയുള്ള ലൈബ്രറി; അലക്‌സാണ്‍ഡ്രിയയിലെ അദ്ഭുതങ്ങള്‍

#ശ്രീജിത്ത് ഇ.എസ്‌
'അലക്‌സാണ്‍ഡ്രിയ ബിബ്ലിയോതെക്ക' എന്ന ലൈബ്രറി
'അലക്‌സാണ്‍ഡ്രിയ ബിബ്ലിയോതെക്ക' എന്ന ലൈബ്രറി

തീരം പുല്‍കുന്ന നഗരമാണ് അലക്‌സാണ്‍ഡ്രിയ. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി അടിത്തറയിട്ട ഈ നഗരം പിന്നീട് ഈജിപ്തിന്റെ പുരാതനതലസ്ഥാനമായിത്തീര്‍ന്നു. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരത്തിന് കലയുടെയും പോരാട്ടങ്ങളുടെയും വ്യാപാരങ്ങളുടെയും ചരിത്രം പറയാനുണ്ട്. 

പഴമയുടെ പ്രൗഢി നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ പുതിയ കെട്ടിടങ്ങള്‍ കുറവാണ്. പഴയ കോട്ടകളും കൊട്ടാരങ്ങളും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. മെഡിറ്ററേനിയന്‍ കടലിന്റെ തീരത്ത് താമസിച്ചാലാണ് നഗരത്തിന്റെ യഥാര്‍ഥ ഭംഗി ആസ്വദിക്കാന്‍ കഴിയുക. കടലും ഈ പൗരാണികനഗരവും തമ്മിലുള്ള പ്രണയത്തിന് കാലങ്ങളുടെ പഴക്കം കാണും. ഈജിപ്തിന്റെ തനതായ പ്രാതല്‍ കഴിച്ചാണ് യാത്രയ്ക്ക് തുടക്കമിട്ടത്. 'ഫൂല്‍' എന്നാണതിന്റെ പേര്. ഒരുതരം ബ്രെഡ്ഡും ഫവാ ബീന്‍ എന്ന വന്‍പയറും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഫൂല്‍ കൂടാതെ 'ഫലാഫെല്‍' എന്ന എണ്ണക്കടിയും ഫ്രഞ്ച് ഫ്രൈസും ചേര്‍ന്നതാണ് ഈജിപ്തിന്റെ തനതായ പ്രഭാതഭക്ഷണം. ഒട്ടകത്തിന്റെയോ പശുവിന്റെയോ പാലൊഴിച്ച ചായയുമുണ്ടാകും. 'അലക്‌സാണ്‍ഡ്രിയ ബിബ്ലിയോതെക്ക' എന്ന ലൈബ്രറിയിലേക്കാണ് പിന്നീട് പോയത്. 

ഈജിപ്തിന്റെ തനതായ പ്രഭാതഭക്ഷണം

പോകുന്നവഴി ട്രാമുകള്‍ ഓടുന്നത് കണ്ടു. ഏകദേശം ഇരുപത് ലെയ്‌നിലായി, മുപ്പത്തിരണ്ടുകിലോമീറ്റര്‍ ദൂരത്തില്‍, നൂറ്റിനാല്‍പത് സ്റ്റോപ്പോടുകൂടിയതാണ് നഗരത്തിലെ ട്രാം സര്‍വീസ്. ലോകത്തിലെത്തന്നെ ഡബിള്‍ ഡെക്കര്‍ ട്രാമോടിക്കുന്ന ചുരുക്കം നഗരങ്ങളിലൊന്നാണ് അലക്‌സാണ്‍ഡ്രിയ. ഹോങ്കോങ്, ആസ്‌ട്രേലിയയിലെ ഹോബാര്‍ട്ട്, ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂള്‍ എന്നിവിടങ്ങളിലും സര്‍വീസുകളുണ്ട്. ട്രാമിന്റെ കാഴ്ചകള്‍ കണ്ടുനടന്ന് ഒരുകിലോമീറ്ററോളം കഴിഞ്ഞപ്പോള്‍ ലൈബ്രറിയിലെത്തി. 

ലൈബ്രറിയുടെ പുറത്തുനിന്നുള്ള കാഴ്ച മനോഹരമാണ്. നൂറ്റന്‍പത് ഈജിപ്ഷ്യന്‍ പൗണ്ട് (ഏകദേശം 260 ഇന്ത്യന്‍ രൂപ) കൊടുത്താലേ ഉള്ളിലേക്ക് കയറാന്‍ പറ്റൂ. അകത്തുകയറി കുറച്ചുദൂരം നടന്നാല്‍ ലൈബ്രറിയുടെ പ്രധാന ഹാള്‍ കാണാം. പതിനൊന്ന് നിലയിലുള്ള ഈ വിജ്ഞാനകേന്ദ്രം പുരാതനകാലത്ത് ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയായിരുന്നു. പതിയെ പ്രതാപം നഷ്ടമായി. 1995-ല്‍ പുതുക്കിപ്പണിയാന്‍ തുടങ്ങിയ ലൈബ്രറി 2002-ലാണ് ഉദ്ഘാടനംചെയ്തത്. ഏകദേശം എണ്‍പതുലക്ഷം പുസ്തകമുള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ലൈബ്രറിക്ക്. വലിയ ഹാളില്‍ ഇരുന്നുവായിക്കാനുള്ള സൗകര്യമുണ്ട്. രാജ്യം, എഴുത്തുകാര്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി പുസ്തകങ്ങള്‍ തരംതിരിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ വലിയ പ്രതിമയുണ്ടിവിടെ. പതിനൊന്ന് നിലയും ഒരൊറ്റ വലിയ ഹാളായിട്ടാണ് കാണാന്‍ സാധിക്കുക. അതാണിതിന്റെ പ്രത്യേകതയും.

ലൈബ്രറിയില്‍നിന്ന് പുറത്തുകടന്ന് പുരാതന റോമന്‍ തിയേറ്ററിലെത്തി. 'ആംഫിതിയേറ്റര്‍' എന്നാണിതിന് പേര്. 'ആംഫിതിയേറ്റര്‍' എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'തുറസ്സായ സ്ഥലം' എന്നാണ്. ഗ്രീക്ക് ആംഫിതിയേറ്ററുകള്‍ സാധാരണ വൃത്താകൃതിയിലോ ഓവലാകൃതിയിലോ ആയിരിക്കും. എന്നാല്‍, ഇത് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം പോലെയായിരുന്നു.

ആംഫിതിയേറ്റര്‍

1960-ല്‍ യാദൃച്ഛികമായാണ് അലക്‌സാണ്‍ഡ്രിയയിലെ ആംഫിതിയേറ്റര്‍ കണ്ടെത്തിയത്. ഇത് നാലാം നൂറ്റാണ്ടിലെപ്പോഴോ നിര്‍മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. റോമന്‍-ബൈസന്റൈന്‍-ഇസ്ലാമിക കാലഘട്ടങ്ങളുടെ കലാപാരമ്പര്യത്തിന്റെ അവശേഷിപ്പായി ആ തിയേറ്റര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ബൈക് ടാക്‌സികള്‍ ധാരാളമുണ്ടിവിടെ. അത്തരമൊരു ടാക്‌സിയിലാണ് അടുത്തലക്ഷ്യമായ കോം എല്‍ ഷൊഖാഫയിലെ കാറ്റകോമിലേക്ക് (catacomb) പോയത്.

'കാറ്റകോമുകള്‍' എന്നാല്‍ ഭൂഗര്‍ഭ ശ്മശാന പാതകളും ശ്മശാന അറകളുമാണ്. അലക്‌സാണ്‍ഡ്രിയയില്‍ വന്നാല്‍ നിര്‍ബന്ധമായും കാണേണ്ട ഒന്നാണ് ഈ കാറ്റകോമുകള്‍. മധ്യകാലഘട്ടത്തിലെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു. കോം എല്‍ ഷോഖാഫ എന്നാല്‍ 'ചില്ലുകളുടെ കുന്നുകള്‍' എന്നാണ് അര്‍ഥം. ഉള്ളിലേക്ക് ഇറങ്ങുമ്പോള്‍ വൃത്താകൃതിയിലുള്ള വലിയൊരു കുഴിയും അതിന് വശത്തായി കോണിപ്പടിയും കാണാം. ഏറ്റവും താഴെയാണ് ശവകുടീരങ്ങള്‍.

കാറ്റകോമ്പിൽ മനുഷ്യരെ അടക്കം ചെയ്തിരുന്ന സ്ഥലം

കളിമണ്ണിലും ടെറക്കോട്ടയിലും തീര്‍ത്ത പാത്രങ്ങള്‍ മുതല്‍ റോമന്‍ കാലഘട്ടത്തിലെ പ്രതിമകള്‍വരെ ഇവിടെയുണ്ട്. ഗ്രീക്ക് പുരാണങ്ങളുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങള്‍ കാറ്റക്കോമിനെ സമ്പന്നമാക്കുന്നു. ആദ്യഘട്ടത്തില്‍ മനുഷ്യരെ മാത്രം അടക്കംചെയ്തിരുന്നെങ്കിലും പിന്നീട് രാജാക്കന്‍മാരുടെ കുതിരകളെയും ഇവിടെ അടക്കി. റോമന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെ സംഗമമാണ് ഇത്.

പോയകാലത്തിന്റെ മുദ്രകള്‍ പേറുന്ന ശവക്കല്ലറകളോട് വിടപറഞ്ഞു. വൈകുന്നേരമായിരിക്കുന്നു. മെഡിറ്ററേനിയന്‍ സമുദ്രത്തില്‍നിന്നുള്ള സായന്തനക്കാറ്റ് ആ തീരനഗരത്തെ ആഞ്ഞുപുല്‍കുകയാണ്. ഏതേതോ നാടുകളില്‍ നിന്നുള്ള സഞ്ചാരികള്‍, പല ഭാഷകള്‍, വര്‍ണങ്ങള്‍ എല്ലാം ഈ ചരിത്രവീഥിയില്‍ ഒന്നായിത്തീരുന്നു. നന്ദി അലക്‌സാണ്‍ഡ്രിയ, കാഴ്ചകളുടെ ചെപ്പ് തുറന്നുതന്നതിന്.

Content Highlights: a trip to alexandria