മധുരം വിളമ്പി ചിങ്ങപ്പുലരിയെ വരവേല്‍ക്കാം

പ്രതീകാത്മകചിത്രം/Photo:Shutterstock
പ്രതീകാത്മകചിത്രം/Photo:Shutterstock

ചിങ്ങം പുലര്‍ന്നാല്‍ പിന്നെ ഓണത്തിനായുള്ള കാത്തിരിപ്പാണ്. ചിങ്ങമാസത്തിന്റെ ഓര്‍മ്മകള്‍ എന്നും മധുരം നിറഞ്ഞതാണ്. ഇളവെയിലിനോടൊപ്പം ഇടയ്ക്കിടെ ചിണുങ്ങി പെയ്യുന്ന മഴയും, പച്ച പുതച്ച വയലുകളും പൂക്കളവും ഓണക്കോടിയും സദ്യയും എല്ലാം കൂടി പൊന്നിന്‍ ചിങ്ങത്തിനു പത്തര മാറ്റാണ്. സന്തോഷവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം കൂടി ഇങ്ങെത്തി. അല്പം മധുരം നുണഞ്ഞുകൊണ്ട് ചിങ്ങപ്പുലരിയെ വരവേല്‍ക്കാം.
ഡേറ്റ്‌സ് വീറ്റ് പായസം
ചേരുവകള്‍:

ഈന്തപ്പഴം - 200 ഗ്രാം
ഗോതമ്പ് നുറുക്ക് - അരക്കപ്പ്
തേങ്ങ - ഒന്ന്
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക -മൂന്ന്
ഉപ്പ് - കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം: തേങ്ങയുടെ ഒന്നാം പാലും രണ്ടു കപ്പ് വീതം രണ്ടാം പാലും മൂന്നാം പാലും എടുത്ത് വയ്ക്കുക. കുക്കറില്‍ ഗോതമ്പ് നുറുക്കും മൂന്നാം പാലും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഈന്തപ്പഴം കുരു കളഞ്ഞ് വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം പേസ്റ്റായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് അതിലേക്ക് ഡേറ്റ്‌സ് പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച ഗോതമ്പ് നുറുക്കും ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. നെയ്യില്‍ തേങ്ങാക്കൊത്ത് വറുത്തു ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

പ്രതീകാത്മകചിത്രം/Photo:Shutterstock

മാംഗോ ബനാന ഖീര്‍
ചേരുവകള്‍:

പാല്‍ - ഒരു ലിറ്റര്‍
ജീരകശാല അരി - രണ്ട് ടേബിള്‍ സ്പൂണ്‍
പഴുത്ത മാങ്ങ - രണ്ട്
ഞാലിപ്പൂവന്‍ പഴം - രണ്ട്
കണ്ടന്‍സ്ഡ് മില്‍ക്ക് - അരക്കപ്പ്
അണ്ടിപ്പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
ബദാം - ഒരു ടേബിള്‍ സ്പൂണ്‍
പിസ്ത - ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം: ബസ്മതി അരി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ കഴുകി, വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. പാല്‍ നന്നായി തിളച്ചു വരുമ്പോള്‍ ചെറുതീയില്‍ വച്ച് തുടരെ ഇളക്കി മുക്കാല്‍ ലിറ്റര്‍ ആയി വറ്റിക്കുക. കുതിര്‍ത്തുവെച്ച അരിയും നട്സും മിക്‌സി ജാറിലിട്ട് തരിതരിയായി അരച്ചെടുത്ത് പാലിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ തന്നെ വെച്ച് അരി വെന്ത് കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ക്കുക. യോജിപ്പിച്ചതിനുശേഷം അടുപ്പില്‍ നിന്ന് മാറ്റി ആറാന്‍ വയ്ക്കാം. ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയതിനു ശേഷം മിക്‌സിയില്‍ അല്പം പാലും ചേര്‍ത്ത് അരച്ച് പ്യൂരി ആക്കി വയ്ക്കുക. പഴവും അതുപോലെ തന്നെ പേസ്റ്റ് ആക്കി വയ്ക്കുക. തണുപ്പിച്ച ഖീറിലേക്ക് ഇത് രണ്ടും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ക്രഷ് ചെയ്ത പിസ്തയും തൂവി വിളമ്പാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshm

Content Highlights: a sweet start to Chingam with payasam bliss