ചിക്കന്‍ ടിക്ക ബിരിയാണി, മട്ടണ്‍ ചട്ഖാര; കൊതിപ്പിക്കും പെരുന്നാള്‍ വിരുന്ന്

#ഫാത്തിമ ഇക്ബാല്‍
പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

പ്രവാചകനായ ഇബ്രാഹിം ദൈവകല്പനയ്ക്ക് വിധേയനായിക്കൊണ്ട് തന്റെ മകന്‍ ഇസ്മായീലിനെ ബലി നല്‍കാന്‍ തയ്യാറായതിന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്ന വലിയ പെരുന്നാള്‍. മഹാനായ ഇബ്രാഹിം നബിയെ 'ഖലീലുല്ലാഹ്' (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ് ഖുര്‍ - ആന്‍ വിശേഷിപ്പിക്കുന്നത്. പരീക്ഷണത്തില്‍ വിജയിച്ച ഇബ്രാഹിം നബിയോട് മകനെ ബലി നല്‍കേണ്ടതില്ലെന്നും പകരമായി ഒരു ആടിനെ ബലി നല്‍കാന്‍ അല്ലാഹു കല്പിച്ചുവെന്നുമാണ് ചരിത്രം.

ത്യാഗത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും മാത്രമല്ല, പങ്കുവെക്കലിന്റെയും കൂടി പ്രാധാന്യം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഓരോ പെരുന്നാളും കടന്നുപോകുന്നത്. എല്ലാ വര്‍ഷവും വിശുദ്ധ ഹജ്ജിനു ശേഷം ആഘോഷിക്കപ്പെടുന്ന വലിയ പെരുന്നാളിന് ബലി നല്‍കുന്ന മൃഗത്തിന്റെ ഇറച്ചി കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ദരിദ്രര്‍ക്കുമായി പങ്കുവെക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാ വീടുകളിലും പള്ളിയില്‍ നിന്നു കിട്ടിയ ഇറച്ചിയുടെ പലതരം രുചിഭേദങ്ങളാവും അടുക്കളകളില്‍ ഒരുങ്ങുക. ചെറിയ പെരുന്നാള്‍ ഒരു ദിവസമാണെങ്കില്‍ വലിയ പെരുന്നാള്‍ മൂന്നു ദിവസമാണ് ആഘോഷം.

ബിരിയാണിയും ഇറച്ചി പൊരിച്ചതുമൊക്കെ, മൈലാഞ്ചി ചുവപ്പിട്ട കൈകള്‍ കൊണ്ട് തയ്യാറാക്കുന്നത് കാണാന്‍ തന്നെ എന്തൊരു ചേലാണ്. ഇനിയുള്ള മൂന്നു ദിവസങ്ങള്‍ വീടുകളില്‍ നിറയെ കൊതിപ്പിക്കുന്ന മണമാകും. ഇത്തവണത്തെ പെരുന്നാള്‍ പാചകം അങ്ങ് വടക്കേ ഇന്ത്യന്‍ രീതിയില്‍ ആയാലോ? ഒപ്പം ഏവര്‍ക്കും സമാധാനവും സ്‌നേഹവും സന്തോഷവും നിറഞ്ഞ ഈദ് ആശംസകള്‍...

ചിക്കന്‍ ടിക്ക ബിരിയാണി
ചേരുവകള്‍:

ബോണ്‍ലെസ്സ് ചിക്കന്‍ - അരക്കിലോ
ബസ്മതി അരി - മൂന്ന് കപ്പ്
ചിക്കന്‍ സ്റ്റോക്ക് - നാലര കപ്പ്
സവാള വറുത്തത്- രണ്ട് കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - മൂന്ന് ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ പ്യുരി - കാല്‍ കപ്പ്
തൈര് - മൂന്ന് ടേബിള്‍ സ്പൂണ്‍
നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ - ഒന്ന്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല - രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
സൺഫ്‌ളവർ ഓയില്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- അര കപ്പ്
പുതിനയില - കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിന്
ചാര്‍ക്കോള്‍

തയ്യാറാക്കുന്നവിധം: തൈരിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഒന്നര ടീസ്പൂണ്‍ ഗരം മസാല, ജീരകപ്പൊടി, കുരുമുളകുപൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കഴുകി വെച്ച ചിക്കന്‍ ചേര്‍ത്ത് യോജിപ്പിച്ച് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അരി കഴുകി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ നിരത്തി ചെറുതീയില്‍ വച്ച് ഗ്രില്‍ ചെയ്യുക. തിരിച്ചും മറിച്ചുമിട്ട് രണ്ടു വശവും ഗ്രില്‍ ചെയ്ത് ചിക്കന്‍ മാറ്റി വയ്ക്കുക.

അതേ പാനിലേക്ക് നെയ്യ് ചേര്‍ത്ത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി പച്ച മണം മാറുമ്പോള്‍ ടൊമാറ്റോ പ്യുരിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരക്കപ്പ് സവാള വറുത്തതും അര ടീസ്പൂണ്‍ ഗരം മസാലയും ചിക്കന്‍ സ്റ്റോക്കും ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. തിളച്ചു വരുമ്പോള്‍ കുതിര്‍ത്തു വച്ച അരിയും അല്പം മല്ലിയിലയും ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ വെള്ളം വറ്റുന്നത് വരെ വേവിക്കുക.

ബിരിയാണി ലെയര്‍ ചെയ്യാനായി വേവിച്ച ചോറ് പകുതി നിരത്തുക. അതിനു മുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് തൂവി, ഗ്രില്‍ ചെയ്ത ചിക്കന്‍ നിരത്തുക. അതിനുമുകളില്‍ വറുത്ത സവാളയും മല്ലിയിലയും പുതിനയിലയും തൂവുക. ഇതിനു മുകളിലേക്ക് ബാക്കിയുള്ള ചോറ് കൂടി നിരത്തി ബാക്കി വറുത്ത സവാളയും മല്ലിയിലയും തൂവുക. ഒരു അലുമിനിയം ഫോയിലില്‍ ചാര്‍ക്കോള്‍ ചൂടാക്കിവെച്ച് ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് ചോറിനുമുകളില്‍ വച്ച് മൂടി, സ്‌മോക്കി ഫ്‌ളേവർ കൊടുത്തതിനു ശേഷം വിളമ്പാം.

മട്ടണ്‍ ചട്ഖാര

മട്ടണ്‍ ചട്ഖാര
ചേരുവകള്‍:

ബോണ്‍ലെസ്സ് മട്ടണ്‍ - അര കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് പേസ്റ്റ് - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍
തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍
കോൺഫ്‌ളോർ - രണ്ട് ടേബിള്‍ സ്പൂണ്‍
ചില്ലിഫ്‌ളേക്‌സ് - ഒരു ടേബിള്‍ സ്പൂണ്‍
മല്ലി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
കസൂരി മേത്തി - ഒരു ടീസ്പൂണ്‍
നാരങ്ങനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: മട്ടണ്‍ ചെറിയ ക്യൂബ് ആയി മുറിക്കുക. ഇതിലേക്ക് തൈര്, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് കുക്കറില്‍ പതിനഞ്ചു മിനിറ്റ് വേവിച്ചതിനു ശേഷം കുക്കര്‍ തുറന്നുവെച്ച് വെള്ളം വറ്റിച്ചെടുക്കുക. വേവിച്ച മട്ടണ്‍ ആറിയതിനു ശേഷം അതിലേക്ക് ചില്ലിഫ്‌ളേക്‌സ്, ചതച്ച മല്ലി, കസൂരി മേത്തി, കോണ്‍ഫ്‌ളോർ, നാരങ്ങനീര്, ആവശ്യമെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ചൂടായ എണ്ണയില്‍ ഓരോ കഷ്ണങ്ങളായി ചേര്‍ത്ത് മൊരിയുന്നത് വരെ വറുത്തുകോരുക. ബീഫ് കൊണ്ടും ഇതുപോലെ ചട്ഖാര തയ്യാറാക്കാവുന്നതാണ്.

Content Highlights: a-festive-feast-to-celebrate-eid