തൊഴിലിടങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകുന്ന സ്ത്രീകള്‍

ഒന്ന്
വലിയ കമ്പനിയിലെ സി.ഇ.ഒ. പഠിച്ച സ്ഥലങ്ങളിലെല്ലാം ഒന്നാം സ്ഥാനം. ജോലിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത, കമ്പനിയുടെ മുതല്‍ക്കൂട്ടായി കരുതപ്പെടുന്നയൊരാള്‍. വിവാഹം കഴിയുന്നു. കുഞ്ഞുപിറക്കുന്നു. ജോലിയും കുടുംബവും...രണ്ടും കൂടി തൂക്കി നോക്കുമ്പോള്‍... ഒടുവില്‍ ജോലിവിടുന്നു. കുഞ്ഞിനും കുടുംബത്തിനുമൊപ്പം സന്തേഷത്തോടെയാണോ ഇപ്പോള്‍ എന്ന ചോദ്യത്തിന് അവള്‍ക്ക് മറുപടിയൊന്നുമുണ്ടായില്ല...
രണ്ട്
സ്‌കൂള്‍ ടീച്ചറാണ്. പഠിച്ചിറങ്ങിയപ്പോഴെ കിട്ടിയ ജോലി. സ്ഥിരമല്ലെങ്കിലും അച്ഛനും അമ്മയ്ക്കും ഒരു താങ്ങാണ്. അങ്ങനെയിരിക്കെ വിവാഹം കഴിയുന്നു. ആ നാട്ടുകാരന്‍ തന്നെ. ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരന്‍. പെട്ടെന്ന് ഒരു ദിവസം ഭര്‍ത്താവിന് ജോലിസ്ഥലം മാറേണ്ടി വരുന്നു. നാട്ടില്‍നിന്ന് അകലെയാണ്. നീ ജോലി രാജിവെച്ച് കൂടെപ്പോയിക്കോളൂ എന്ന് എല്ലാവരും ഒരേസ്വരത്തില്‍. ഇപ്പോള്‍ ജോലിക്കായുള്ള ശ്രമത്തിലാണ് അവള്‍. കുഞ്ഞുപിറന്നതും വളര്‍ന്നതുമെല്ലാമായി വലിയൊരു കരിയര്‍ ഗ്യാപ്പുണ്ട്. എന്താകുമെന്ന് അറിയില്ല.
മൂന്ന്
കോവിഡ് കാലമായപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആയി. വീട്ടിലെ കാര്യങ്ങളും ജോലിയും ഒന്നിച്ചുകൊണ്ടുപോകാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. മക്കള്‍ക്ക് ഫുള്‍ടൈം അമ്മയെ വീട്ടില്‍ കിട്ടിയതോടെ അവരുടെ ആവശ്യങ്ങളും കൂടി. എല്ലാംകൂടി മാനേജ് ചെയ്ത് ജോലിയില്‍ ശ്രദ്ധ കുറഞ്ഞു. കോവിഡിന് ശേഷം ജീവനക്കാരെ കുറച്ചപ്പോള്‍ എന്റെ ജോലി പോയി. ഞാന്‍ അവിടെ സീനിയറായിരുന്നു. ഇപ്പോള്‍ മറ്റൊരു ജോലിക്ക് ശ്രമിച്ചിട്ട് കിട്ടുന്നുമില്ല.
നമ്മുടെ കൊച്ചുകേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയും തൊഴില്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയും പിന്നീടങ്ങോട്ട് തൊഴില്‍രഹിതരാകുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുകയാണെന്നാണ് പഠനങ്ങള്‍. ഇതിനുപിന്നിലെ കാരണങ്ങളും കണക്കുകളും ഞെട്ടിക്കുന്നവ തന്നെയാണ്.
കോവിഡ് തല്ലിക്കെടുത്തിയ സ്വപ്‌നങ്ങള്‍
കോവിഡിന് ശേഷം ലോകത്ത് ജോലി നഷ്ടപ്പെട്ടവരില്‍ വലിയൊരു ശതമാനം സ്ത്രീകളാണ്, അതും യുവജനങ്ങള്‍ (15- 24 വയസ്സുവരെ പ്രായമുള്ളവര്‍). ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ കോവിഡിന് ശേഷം നടത്തിയ പഠനത്തില്‍ ലോകമെങ്ങും 54 മില്യണ്‍ ജോലികളാണ് സ്ത്രീകള്‍ക്ക് നഷ്ടമായത്. മാത്രമല്ല ജോലിയില്‍ തിരിച്ചെത്തുന്നവരുടെ എണ്ണവും പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ്. ജനസംഖ്യയുടെ വളര്‍ച്ചയനുസരിച്ച് തൊഴിലിടങ്ങളിലേക്കെത്തുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നില്ല. 2019-ല്‍ 44.8 ശതമാനം സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് എത്തിയപ്പോള്‍ കോവിഡിന് ശേഷമുള്ള 2021-ല്‍ 42.3 ആയി അത് ചുരുങ്ങിയെന്നും പഠനം പറയുന്നു.
അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയിമെന്റ് നടത്തിയ മറ്റൊരു പഠനം ഇന്ത്യയിലെ മാത്രം സ്ത്രീകളുടെ ദയനീയ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. 2020-ല്‍ ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം ഏഴ് ശതമാനം പുരുഷന്മാര്‍ക്കാണ് ജോലി നഷ്ടമായത്, സ്ത്രീകളുടെ എണ്ണം 47 ശതമാനവും. 2021-ല്‍ അസംഘടിത മേഖലയില്‍ മാത്രം 80 ശതമാനത്തോളം സ്ത്രീകള്‍ക്കും ജോലി നഷ്ടമായി. കോവിഡിന് ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹകപീഡനങ്ങളില്‍ 2.5 ഇരട്ടി വര്‍ധനവാണ് ഉണ്ടായതെന്നും യു.എന്‍ വിമന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ടീച്ചറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. കോവിഡ് കാലമായതോടെ ഓണ്‍ലൈന്‍ ക്ലാസുകളായി. ഈ സമയത്ത് ഗര്‍ഭിണിയായി. പ്ലാന്‍ഡ് ആയിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ കോവിഡ് കഴിഞ്ഞ് ജോലിക്ക് പോകുന്നതിനെപ്പറ്റി സംസാരമുണ്ടായപ്പോള്‍ എല്ലാവര്‍ക്കും എതിര്‍പ്പായി. കുഞ്ഞ് വളരട്ടെയെന്ന അഭിപ്രായത്തില്‍ ബാക്കിയെല്ലാവരും ഉറച്ചുനിന്നു. മോന് അഞ്ച് വയസ്സാകുമ്പോഴേക്ക് എനിക്ക് മുപ്പതാവും. പിന്നെ ഇത്രയും കരിയര്‍ ഗ്യാപ്പില്‍ എങ്ങനെ ജോലി കിട്ടുമെന്ന് അറിയില്ല. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാനാണ് ഭര്‍ത്താവിന്റെ പോലും നിര്‍ദേശം. നിനക്ക് വീട്ടിലിരുന്ന് പഠിച്ചുകൂടെ ഇവിടെയെന്താ പണിയെന്ന ചോദ്യം കേട്ട് മടുത്തുതുടങ്ങി.' അധ്യാപികയായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിനി അനീഷ ജോസിന്റെ അനുഭവമാണ്.
കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോമെന്ന രീതി സ്ത്രീകളില്‍ പലര്‍ക്കും ഡബിള്‍ഡ്യൂട്ടി തന്നെയായിരുന്നു. മറ്റാരും അത് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് മാത്രം. എന്നാല്‍ കോവിഡ് കഴിഞ്ഞ് സ്ത്രീകള്‍ ഓഫീസിലേക്ക് തിരിച്ചുപോകേണ്ടി വന്നപ്പോള്‍ കുടുംബത്തിലെ ബാക്കിയുള്ളവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന പേടി സ്ത്രീകളെ വീട്ടില്‍ തളച്ചിടാന്‍ കാരണമാകുന്നുണ്ട്. വീണ്ടും ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുമ്പോള്‍ കോവിഡിന് മുമ്പ് തുല്യമായി ചെയ്തിരുന്ന വീട്ടുജോലികളെ ഏറ്റെടുക്കാന്‍ പുരുഷന്മാര്‍ മടികാണിക്കുന്നുണ്ടെന്നാണ് പലരുടെയും അനുഭവം.
പുരുഷന്മാര്‍ ചെയ്യുന്നത് പകുതിജോലി
സ്ത്രീകള്‍ക്ക് ദിവസേന ഏഴു മണിക്കൂറിലേറെ വീട്ടുജോലികള്‍, കുട്ടികളുടെ പരിചരണം, പ്രായമായവരെ പരിപാലിക്കല്‍ എന്നിവയ്ക്കായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് 2019-ലെ എന്‍.എസ്.ഒ. (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്) കണക്കുകള്‍. വേതനം കൈപ്പറ്റുന്ന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ഇക്കാരണംകൊണ്ട് സ്ത്രീകള്‍ക്കാവുന്നില്ല. ഇനി ജോലിക്കു കൂടി പോകുന്നുണ്ടെങ്കില്‍ അതിനൊപ്പം ഈ ഏഴ് മണിക്കൂര്‍ അധികജോലി അവര്‍ ചെയ്യണം. ആവശ്യത്തിന് ഉറക്കം, വിശ്രമം, ഭക്ഷണം എന്നിവയൊക്കെ ലഭിക്കുന്നവരുടെയെണ്ണവും കുറവാണ്. ഏറ്റവും കുറച്ച് സമയമുറങ്ങുന്നവരാണ് സ്ത്രീകള്‍ എന്നാണ് ഗവേഷണഫലങ്ങള്‍. സ്ത്രീകള്‍ ചെലവഴിക്കുന്നതിന്റെ പകുതിയില്‍ത്താഴെ സമയം മാത്രമേ ഇത്തരം ജോലികള്‍ക്ക് പുരുഷന്മാര്‍ ചെലവഴിക്കുന്നുള്ളൂ. മാത്രമല്ല വിശ്രമസമയവും ഭൂരിപക്ഷം പുരുഷന്മാര്‍ക്കും കൃത്യമായി ലഭിക്കുന്നുണ്ട്.
കേരളം മുന്നോട്ടോ പിന്നോട്ടോ?
2015 ല്‍ ചേമ്പര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ഒരു പഠനത്തില്‍ നഗരപ്രദേശങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകളില്‍ കുഞ്ഞുങ്ങള്‍ പിറക്കുന്നതോടെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ 10 പ്രധാനപ്പെട്ട നഗരങ്ങളില്‍ 400-ലേറെ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തില്‍ കുഞ്ഞുപിറന്നാല്‍ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് പറഞ്ഞവര്‍ ഏറെയാണ്. അവരിലേറെയും 25-30 വയസ്സിനിടയിലുള്ളവരാണ് എന്നതാണ് സങ്കടകരമായ കാര്യം. അതിനര്‍ത്ഥം ഇവരൊന്നും ഒരു പണിയുമെടുക്കാതെ ഇരിക്കുകയാണെന്നല്ല. പലരും ശമ്പളമില്ലാത്ത വീട്ടമ്മ ജോലിക്കാരാണ്. വീട്ടുജോലിയുടെ ഭാരം മൂലം കേരളത്തില്‍ മാത്രം തൊഴിലിടങ്ങളോട് വിടപറഞ്ഞ സ്ത്രീകള്‍ 57 ശതമാനമാണ്. കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ ഇരുത്തിചിന്തിപ്പിക്കുന്നവയാണ്. ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക എന്നത് മാത്രമല്ല വീട്ടുജോലി. പ്രായമായവരുടെ പരിചരണം, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയെല്ലാം സ്ത്രീകളുടെ ജോലിമാത്രമാണെന്ന് കരുതുന്ന സമൂഹമാണ് ഇന്നും നമ്മുടേത്.
വിവാഹവും വിവാഹത്തെത്തുടര്‍ന്നുള്ള സ്ഥലംമാറ്റവുംവഴി 20 ശതമാനം പേര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കുറഞ്ഞ വേതനം കാരണം ജോലിവിട്ടവര്‍ 10.31 ശതമാനം. ജോലിക്ക് പോകാന്‍ അനുവാദമില്ലാത്ത 3.92 ശതമാനം പേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നെങ്കിലുമൊരിക്കല്‍ ജോലിയില്‍ തിരികെ കയറണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരില്‍ 96.5 ശതമാനവും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍ കേരളമാണെന്ന് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ സര്‍വേയിലും കണ്ടെത്തിയിരുന്നു. തമിഴ്‌നാട്: 38.3 ശതമാനം, കര്‍ണാടക: 31.7 ശതമാനം, തെലുങ്കാന: 41.8 ശതമാനം എന്നിങ്ങനെ കണക്കുകള്‍ പോകുമ്പോള്‍ 27 ശതമാനം മാത്രമാണ് കേരളത്തില്‍.
കേരളാ സ്‌റ്റേറ്റ് പ്ലാനിങ് ബോര്‍ഡിന്റെ 2022- 27-ലെ പ്ലാനിങ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ തൊഴിലിടങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകുന്ന സ്ത്രീകളെപ്പറ്റി കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ശരാശരിയെ വെച്ച് കേരളം സ്ത്രീ ജോലിക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണെങ്കിലും സംസ്ഥാനത്തെ കണക്കുകള്‍ മാത്രം നോക്കുമ്പോള്‍ മോശമാണ് അവസ്ഥ. നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം 23.8 ശതമാനം മാത്രമാണ്.
കേരളത്തില്‍ പത്താംക്ലാസ് പാസാകാത്തവര്‍ വളരെചുരുക്കമായിരിക്കും. എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവരിലേറെയും പെണ്‍കുട്ടികള്‍. പ്ലസ്ടു പാസാകുന്നവരുടെയും എണ്ണം ഇങ്ങനെ തന്നെ. കുറഞ്ഞത് ഒരു ബിരുദമെങ്കിലും കൈയിലില്ലാത്തവര്‍ വളരെ വിരളമായിരിക്കും. എന്നിട്ടും ജോലിചെയ്യുന്ന സ്ത്രീകള്‍ ഇത്ര കുറവോ എന്ന് ചോദിക്കാതെ വയ്യ. 28.6 ശതമാനത്തോളം സ്ത്രീകള്‍ വീട്ടമ്മമാരാണെന്നാണ് കണക്കുകള്‍.
രാജ്യത്തെ മൊത്തം കണക്കുകള്‍ നോക്കുമ്പോള്‍ ഉയര്‍ന്നവിദ്യാഭ്യാസമുണ്ടാകുകയും എന്നാല്‍ തൊഴില്‍രഹിതരായിരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണമേറെയുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ബിരുദമെങ്കിലും ഉണ്ടാവുകയും തൊഴില്‍ രഹിതരായിരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 40 ശതമാനത്തോളമാണ്. ബിരുദാനന്തരബിരുദമുള്ള തൊഴില്‍ രഹിതര്‍ 37 ശതമാനവും. തൊഴില്‍രഹിതരായ സ്ത്രീകളില്‍ പകുതിയോളം അവരുടെ ഏറ്റവും നല്ല പ്രായത്തിലുള്ളവരാണെന്ന് പറയേണ്ടിവരും. 18 മുതല്‍ 24 വയസ്സുവരെയും 25 മുതല്‍ 30 വയസ്സുവരെയും പ്രായമായ സ്ത്രീകളിലേറെയും തൊഴില്‍രഹിതരാണ്.
അംഗീകരിക്കണം അവരെ
നേച്ചര്‍ ന്യൂറോസയന്‍സ് പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ പ്രസവത്തിനുശേഷം സ്ത്രീകളുടെ തലച്ചോറില്‍ വലിയമാറ്റങ്ങള്‍ സംഭവിക്കുന്നതായി പറയുന്നുണ്ട്. അവരുടെ തലച്ചോര്‍ പഴയപോലെയാവണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പഠനം. പ്രസവം കഴിഞ്ഞ 25 സ്ത്രീകളുടെ തലച്ചോറിന്റെ എം.ആര്‍.ഐ സ്‌കാന്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പോസ്റ്റ്പാര്‍ട്ടം സമയത്ത് ശാരീരികമായ മാറ്റങ്ങള്‍ക്കൊപ്പം മാനസികമായ മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അവരുടെ ചിന്താശേഷിയെപ്പോലും ബാധിക്കും വിധമാണ് ആ മാറ്റങ്ങള്‍. പല സ്ത്രീകള്‍ക്കും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുക, ആലോചിച്ചെടുക്കുക എന്നിവയില്‍ താമസം നേരിടാറുണ്ട്. പലര്‍ക്കും സംസാരിക്കുമ്പോള്‍ പൊതുവായി ഉപയോഗിച്ചിരുന്ന വാക്കുകള്‍ മറന്നുപോകുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ടെന്നും പഠനം പറയുന്നു.
അമ്മയെന്ന ജോലിയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കേണ്ട തൊഴിലെന്ന് 2017-ലെ മിസ് വേള്‍ഡ് മാനുഷി ചില്ലര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. വീട്ടുജോലികള്‍, കുഞ്ഞിനെ നോക്കല്‍, പ്രായമായവരുടെ പരിചരണമൊക്കെ ഉത്തരവാദിത്തം, കടമ എന്നീ വാക്കുകളാല്‍ സ്ത്രീയുടെ തലയില്‍ വച്ചു കൊടുക്കുന്ന സമൂഹമാണ് ഇന്നും. ഈ ത്യാഗങ്ങള്‍ കൊണ്ടുമാത്രമാണ് അമ്മ എന്ന വാക്കിനെ സമൂഹം അളക്കുക. ജോലിക്കു പോകുന്ന അമ്മ അമ്മയേയല്ല എന്ന് കരുതുന്ന സമൂഹത്തിന് ഇന്നും വ്യത്യാസമൊന്നും വന്നിട്ടില്ല.
'ഒരു കടയില്‍ സെയില്‍സിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞും തുടര്‍ന്നിരുന്നു. കുഞ്ഞുപിറന്നതോടെ ജോലിക്ക് പോകാന്‍ പറ്റാതെയായി. മോള്‍ക്ക് ഒരു വയസ്സായപ്പോള്‍ വീണ്ടും അവിടെ പരസ്യം കണ്ട് ഇന്‍ര്‍വ്യൂവിന് ചെന്നു. ജോലി കിട്ടിയില്ല, കിട്ടിയത് ഒരു ഉപദേശമാണ്. ഈ പിള്ളേരൊക്കെയായ പെണ്ണുങ്ങളെ ജോലിക്ക് വെച്ചാല്‍ വലിയ തലവേദനയാണ്. കൊച്ചിന് പനി, മൂക്കൊലിപ്പ് എന്നൊക്കെ പറഞ്ഞ് ലീവെടുത്തുകൊണ്ടിരിക്കും എന്ന്.' തൊടുപുഴസ്വദേശിനിയായ സ്വാതി സത്യന്‍ വേദനയോടെ പറയുന്നു.
സൗകര്യങ്ങളുടെ അഭാവമോ, കണ്ണടച്ച് ഇരുട്ടാക്കലോ?
കേരളത്തില്‍ ധാരാളം സ്ത്രീകള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കെല്ലാം തന്നെ പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ടെക്‌സ്റ്റൈല്‍സ് പോലുള്ള കടകളിലെ സെയില്‍സ് സെക്ഷന്‍, പെട്രോള്‍ പമ്പുകള്‍ എന്നിങ്ങനെ... മിനിമം വേജസ്, ഓവര്‍ടൈം വേജസ്, ഫിക്‌സഡ് വര്‍ക്കിങ് ടൈം, വിശ്രമസമയം എന്നിങ്ങനെയൊന്നും തന്നെ മിക്കയിടങ്ങളിലുമില്ല. ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള ഇടം പോലും ഇവര്‍ക്കില്ല.
കേരളത്തില്‍ തിരുവനന്തപുരം ജില്ല അടിസ്ഥാനമാക്കി പ്ലാനിങ് ബോര്‍ഡ് നടത്തിയ ഒരു സര്‍വേയില്‍ 300 സ്ത്രീ ജീവനക്കാരുള്ള ഒരു സ്ഥാപനത്തില്‍ പതിനാല് ടോയിലറ്റുകള്‍ മാത്രമാണ് ഉള്ളത് എന്ന് കണ്ടെത്തിയിരുന്നു. അപ്പോള്‍ ചെറിയ സ്ഥാപനങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മറ്റൊരു സ്ഥാപനത്തില്‍ ഇടുങ്ങിയ സ്റ്റോക്ക് റൂമാണ് സ്ത്രീകളുടെ റെസ്റ്റ് റൂം. ചൂടുകാലത്ത് കൃത്യമായ വായുസഞ്ചാരം പോലുമില്ലാത്ത ആ മുറി പേരിന് മാത്രമുള്ള റെസ്റ്റ് റൂമാണെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൃത്യമായ ട്രാന്‍സ്പോര്‍ട്ടേഷന്‍ പോലും പല സ്ഥാപനങ്ങളും നല്‍കുന്നില്ല. ഇതിനേപ്പറ്റിയൊക്കെ പരാതിപ്പെട്ടാല്‍ പെണ്ണുങ്ങളെ ജോലിക്കെടുക്കുന്നത് വലിയ തലവേദനയാണെന്നു പറഞ്ഞ് കൈയൊഴിയും പലരും.
കുഞ്ഞുങ്ങള്‍ പിറന്നാല്‍ ആറ് മാസം മെറ്റേര്‍ണിറ്റി ലീവ് എന്നതും പലസ്ഥാപനങ്ങളിലുമില്ല. പ്രസവാവധി എന്നാല്‍ വെക്കേഷന്‍ ആണെന്നുകരുതുന്ന പുരുഷന്മാരാണ് ഏറെ. കുഞ്ഞുപിറന്നുകഴിഞ്ഞ് തിരികെ ജോലിയിലെത്താന്‍ പല സ്ത്രീകളും മടിക്കുന്നതിന് മറ്റൊരു കാരണം തന്നെ കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഇടമില്ല എന്നതാണ്. വിദേശരാജ്യങ്ങളില്‍ സ്ത്രീജീവനക്കാരുടെ എണ്ണമനുസരിച്ച് സ്ഥാപനങ്ങളില്‍ ക്രഷുകള്‍ ഏര്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ പൊതു ക്രഷുകള്‍ പോലും ആവശ്യത്തിനില്ലാത്ത നമ്മുടെ നാട്ടില്‍ സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ക്രഷുകള്‍ ചിന്തിക്കാനാവില്ലല്ലോ.
നമ്മുടെ നാട്ടില്‍ ക്രഷുകള്‍ പരിമിതമായെങ്കിലും ഉണ്ടെങ്കിലും അവയൊക്കെ വലിയ ഫീസില്‍ സ്വകാര്യമേഖലയിലുള്ളവയാണ്. ഗവണ്‍മെന്റ് തലത്തില്‍ അങ്ങനെയൊന്ന് നിലവിലില്ല. അങ്കണവാടികളില്‍ അയക്കണമെങ്കില്‍ കുട്ടികള്‍ക്ക് മൂന്ന് വയസ്സെങ്കിലും ആവണം. അതുവരെ അമ്മ എന്ത് ചെയ്യും. ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ചുരുക്കം.
വിഷലിപ്തമായ തൊഴിലിടം
ജോലി സ്ഥലത്തെ ടോക്‌സിസിറ്റി മൂലം തൊഴില്‍ ഉപേക്ഷിക്കുന്നവരിലേറെയും സ്ത്രീകളാണെന്ന് LeanIn.Org എന്ന വെബ്‌സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും കോര്‍പ്പറേറ്റീവ് മേഖലയില്‍. ടൈംസ്‌ജോബ്‌സ് നടത്തിയ മറ്റൊരു സര്‍വേയില്‍ നമ്മുടെ തൊഴിലിടങ്ങള്‍ ഒട്ടും സ്ത്രീസൗഹൃദമല്ല എന്ന ഞെട്ടിക്കുന്ന ഉത്തരമാണ് കിട്ടിയത്. ലോകമെങ്ങുമുള്ള 2500 സ്ത്രീകളെ മുന്‍നിര്‍ത്തിയായിരുന്നു ഈ പഠനം. 90 ശതമാനത്തോളം പേര്‍ തങ്ങളുടെ തൊഴിലിടത്തില്‍ അസമത്വം അനുഭവിക്കുന്നതായി അഭിപ്രായപ്പെട്ടു, പ്രത്യേകിച്ചും സ്ഥാനക്കയറ്റം പോലുള്ളവ പരിഗണിക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്നും കുറവല്ല. ക്യാമ്പുകള്‍, ട്രെയിനിങ്ങുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയ്ക്ക് കമ്പനിയെ പ്രതിനിധീകരിച്ച് പോകേണ്ടിവരുമ്പോള്‍ സ്ത്രീകള്‍ സെക്കന്‍ഡ് ഓപ്ഷന്‍മാത്രമാകുന്നുവെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.
കുടുംബവും തൊഴിലും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ജോലിയില്‍ കൂടുതല്‍ പഠിക്കാനുള്ള അപ്പ്‌സ്‌കില്ലിങ് പ്രോഗ്രാമുകളിലും സ്ത്രീകള്‍ പിന്നിലാകാറുണ്ട്, മാറ്റിനിര്‍ത്തപ്പെടാറുണ്ട് എന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രമാത്രം തൊഴില്‍നിഷേധിക്കപ്പെടാന്‍ സ്ത്രീകള്‍ ചെയ്ത കുറ്റമെന്തായിരുന്നു എന്ന ചോദ്യമാണ് ബാക്കി?
Content Highlights: in india and kerala workplace not friendly for women