‘പുറത്ത് ഓണപ്പൂവിളിയുണ്ടെങ്കിലും, ആ നീണ്ട വാർഡിനുള്ളിൽ മരുന്നിന്റെ മണമുള്ള ഇരുട്ടായിരുന്നു’

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

കഴിഞ്ഞ നാലുവര്‍ഷമായി ഓണക്കാലം വരുമ്പോഴൊക്കെ ഈ ചോദ്യം എനിക്കോര്‍മ്മ വരും. നാല് കൊല്ലം മുന്‍പ് മെഡിക്കല്‍ കോളേജിന്റെ വരാന്തയില്‍ വച്ച് കേട്ട ചോദ്യം. ഓണപ്പൂവും ഓണത്തുമ്പിയുമൊക്കെ കളം നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു. പക്ഷേ, ഈ കൊല്ലം ഇവര്‍ക്ക് ഓണം ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ മരുന്ന് മണക്കുന്ന മുറിയിലാവട്ടെ എന്ന് മഹാബലി തീരുമാനിച്ചു കാണും.

ഓണാഘോഷം ഈ വട്ടമെങ്കിലും അല്പം നല്ല രീതിയില്‍ നടത്തിയേക്കാമെന്നുള്ള ചിന്തകളൊക്കെ തകിടംമറിച്ചാണ് ചിത്തിര ദിവസം അച്ഛനൊരു അപകടം പറ്റുന്നതും ഒരുമാസത്തേക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതും. ഗവണ്‍മെന്റ് ആശുപത്രിയാണ്. നിറയെ രോഗികള്‍ ഉണ്ടായിരുന്നു, മുറി കിട്ടാത്തതിനാല്‍ വാര്‍ഡിലാണ് ബെഡ് കിട്ടിയത്.

അഡ്മിറ്റ് ആയതിന്റെ രണ്ടാം ദിവസത്തില്‍ അടുത്തുള്ള ബെഡിലേക്ക് ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നു. കാഴ്ചയില്‍ നന്നേ മെലിഞ്ഞ തീരെ ആരോഗ്യം തോന്നിക്കാത്ത ഒരുവള്‍. കൂടെയുണ്ടായിരുന്നത് പ്രായം കൂടിയ ഒരു അമ്മാമയായിരുന്നു. അവളെ ബെഡിലേക്ക് കിടത്താന്‍ സഹായിച്ചയുടനെ ഞാന്‍ വൈകീട്ട് വരുമെന്നും പറഞ്ഞ് അവര്‍ മടങ്ങി. ആ പെണ്‍കുട്ടി മരുന്നിന്റെ ക്ഷീണത്തിലായിരിക്കണം അപ്പോള്‍ത്തന്നെ മയങ്ങാനും തുടങ്ങി. വൈകീട്ട് നഴ്‌സ് എന്തോ സംസാരിക്കാന്‍ വന്നപ്പോഴാണ് അവളെ വിളിച്ചുണര്‍ത്തിയത്. അപ്പോഴും മുഖത്ത് ഉറക്കക്ഷീണം ഉണ്ടായിരുന്നു.

അവള്‍ക്ക് ഒന്നു രണ്ട് മരുന്ന് വാങ്ങാനുണ്ടെന്നും കൂടെ ആരെയും കാണുന്നില്ലാലോ എന്നുമൊക്കെ നഴ്‌സ് ആരോടെന്നില്ലാതെ പറഞ്ഞുതുടങ്ങി. അച്ഛന്റെ അടുത്ത് ഞാനും അമ്മയും ഉണ്ടായിരുന്നു. ഇതെല്ലാം കേട്ട അമ്മ 'നീ പോയിട്ട് വാങ്ങിക്കൊടുക്ക്' എന്ന് പറഞ്ഞു. നഴ്‌സിന്റെ കൈയില്‍ നിന്ന് മരുന്നിന്റെ കുറിപ്പ് വാങ്ങി ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ അവളുടെ മുഖത്ത് ചിരി പോലെയെന്തോ വരുന്നുണ്ടായിരുന്നു.

മരുന്ന് കൈയില്‍ കൊടുക്കുമ്പോള്‍ അമ്മാമ വരില്ലേ എന്ന് ഞാന്‍ ചോദിച്ചു. വരുമെന്ന് ചെറുതായി അവള്‍ മൂളി. അവള്‍ക്ക് അച്ഛനും അമ്മയുമൊന്നുമില്ലെന്ന് അതിനുള്ളില്‍ വാര്‍ഡില്‍ കിടക്കുന്ന പലരും പരസ്പരം ചോദിച്ചു തുടങ്ങിയിരുന്നു. വൈകീട്ട് അച്ഛന് ചായ വാങ്ങുന്ന കൂട്ടത്തില്‍ ഞാന്‍ അവള്‍ക്കും വാങ്ങി. അപ്പോഴേക്കും വാര്‍ഡിലെ പലരും പഴങ്ങളും മറ്റും അവള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു. എല്ലാം വാങ്ങുമ്പോള്‍ അവള്‍ ചിരി പോലെയെന്തോ ഭാവം മാത്രം പ്രകടിപ്പിച്ചു.

നേരം നന്നേ ഇരുട്ടായപ്പോഴാണ് ആ അമ്മാമ വന്നത്. അവരാണെങ്കില്‍ ആരോടും ഒന്നും സംസാരിക്കാതെ കുറച്ച് നേരം അവളുടെ അരികില്‍ ഇരുന്നു. പിന്നെ കൈയില്‍ കരുതിയ പായ നിലത്തിട്ട് അതില്‍ കിടന്ന് ഉറക്കം പിടിക്കുകയും ചെയ്തു. രാത്രിയില്‍ കഴിക്കേണ്ട ഗുളിക അവള്‍ തനിയെ എഴുന്നേറ്റ് കഴിക്കാന്‍ ശ്രമിക്കുമ്പോഴാണ് ‘ഭക്ഷണം കഴിക്കാതെ അത് കഴിക്കരുതേ മോളേ’ എന്നും പറഞ്ഞ് അപ്പുറത്തുള്ള ബെഡിലെ ചേട്ടന്‍ അവള്‍ക്ക് ചപ്പാത്തി കൊടുത്തത്.

ആരോടും ഒന്നും മിണ്ടിയില്ലെങ്കിലും വാര്‍ഡിലുള്ള എല്ലാവര്‍ക്കും അപ്പോഴേക്കും അവള്‍ ആരൊക്കെയോ ആയി മാറിയിരുന്നു. ടോയ്ലറ്റില്‍ കൊണ്ടുപോകാനും ഭക്ഷണം കൊടുക്കാനുമൊക്കെ പിറ്റേന്ന് എല്ലാവരും സഹകരിച്ചു. ആ അമ്മാമയാകട്ടെ ആരോടും മിണ്ടാതെ ഇതൊക്കെ നോക്കി നിന്നതേയുള്ളൂ. പുറത്ത് ഓണപ്പൂവിളിയും ഓണത്തുമ്പിയുമൊക്കെ ഉണ്ടെങ്കിലും ആശുപത്രിയുടെ നാലാം നിലയിലെ നീണ്ട വാര്‍ഡിനുള്ളില്‍ ഞങ്ങള്‍ക്ക് മരുന്നിന്റെ മണമുള്ള ഇരുട്ടായിരുന്നു. പക്ഷേ, അവിടെയുള്ള എല്ലാവരുടെയും മനസ്സില്‍ വല്ലാത്ത തെളിച്ചമുണ്ടായിരുന്നു. ശരിക്കും ഇതാണ് ഓണനിലാവ് എന്ന് തോന്നിക്കുന്നത്ര തെളിച്ചം. ആ തെളിച്ചത്തിലാണ് ഞങ്ങളെല്ലാരും സന്തോഷിച്ചത്.

'നമ്മക്ക് ഓണം ആഘോഷിക്കണ്ടേ' എന്ന് ചോദിച്ചത് കാല് പൊട്ടി ഒരാഴ്ചയായി കിടക്കുന്ന കാസര്‍കോടുള്ള ഒരു ഉമ്മയായിരുന്നു. ആ ചോദ്യം കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. പൂക്കളം ഇടാം, സദ്യ ഒരുക്കാം എന്നൊക്കെ എല്ലാവരും വിളിച്ചു പറയാന്‍ തുടങ്ങി. അവളും അമ്മാമയും ഒഴികെയുള്ള രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ഓണം ആഘോഷിക്കാന്‍ സജ്ജരായി.
'നിനക്ക് ഓണം കൂടണ്ടേ...?' ഞാന്‍ അവളോട് ചോദിച്ചു.
'കൂടാം...' കിളിനാദത്തില്‍ അവള്‍ മറുപടി പറഞ്ഞു.

കൂട്ടിരിപ്പുകാരാണ് വീട്ടില്‍നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് പങ്കിട്ട് കഴിക്കാമെന്ന് പറഞ്ഞത്. അങ്ങനെ നാലഞ്ചുദിവസം കൊണ്ട് 'കുടുംബമായി' മാറിയ ഞങ്ങള്‍ ഒന്നിച്ച് ഓണം കൊണ്ടാടാന്‍ തീരുമാനിച്ചു. പൂക്കളമൊന്നും ഇട്ടില്ലെങ്കിലും ചോറും കറികളുമൊക്കെ പങ്കുവച്ചു. ചിലരൊക്കെ പാട്ട് പാടി. കുട്ടികള്‍ ചിലര്‍ ഡാന്‍സ് കളിച്ചു. അങ്ങനെയൊക്കെ ഓണം ഞങ്ങള്‍ ഓണമാക്കി. അപ്പോഴും അവര്‍ രണ്ടുപേരും ഇതിലൊന്നും പങ്കു ചേര്‍ന്നതേയില്ല. വെറുതെ നോക്കിയിരിക്കുക മാത്രം ചെയ്തു.

എവിടെയാണ് വീട്, എന്ത് ചെയ്യുവാണ് എന്നൊക്കെ ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ക്കതിന് താല്പര്യമില്ലായിരുന്നു. ഓണത്തിന്റെ തലേന്ന് അവള്‍ ഡിസ്ചാര്‍ജ് ആയി. പോകാന്‍ നേരം ഒന്നു രണ്ടുപേര്‍ വന്നിരുന്നു. ബന്ധുക്കള്‍ ആണെന്ന് ആ കുട്ടി പറഞ്ഞു. വാര്‍ഡിലെ ഓരോരുത്തരോടും അവള്‍ യാത്ര പറഞ്ഞു. 'പോയി വരട്ടെ ചേച്ചി' എന്ന് പറഞ്ഞ് കൈയില്‍ തൊട്ടപ്പോള്‍ 'നിന്റെ നമ്പര്‍ തരുമോ' എന്ന് ഞാന്‍ ചോദിച്ചു. അവളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. 'അതൊന്നും വേണ്ട ചേച്ചി' എന്ന് അവള്‍ പൊടുന്നനെ ഉത്തരം പറഞ്ഞു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ് വാതിലിന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. 'അട്ത്ത ഓണത്തിന് എന്നെ ഓര്‍മിക്ക്യോ? എന്ന് ചോദിച്ചു. ഓര്‍മിക്കും എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അതുവരെയില്ലാത്ത തെളിച്ചത്തില്‍ അവള്‍ ചിരിച്ചു. അതിന് ശേഷം കുറേ ഓണം കഴിഞ്ഞു. അവരൊക്കെ അവളെ ഓര്‍മിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഞാന്‍ എല്ലായ്പ്പോഴും അവളെ ഓര്‍ക്കാറുണ്ട്. പേരും ഊരും ഒന്നും അറിയില്ലെങ്കിലും എന്റെ ഓണം ഓര്‍മ്മകളില്‍ ആ മെലിഞ്ഞ ഓണത്തുമ്പി എപ്പോഴും കയറിവരാറുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: A heartwarming Onam story about shared kindness and unexpected celebrations in a hospital ward. Experience the true spirit of Onam