യുസ്‌വേന്ദ്ര ചാഹലിനെ നൃത്തം പഠിപ്പിക്കാന്‍ വന്ന ധനശ്രീ; അധികം വൈകാതെ പ്രണയവും

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും / AFP, PTI
യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും / AFP, PTI

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ട് അധികനാളുകളായിട്ടില്ല. അതിനിടെ ചാഹലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്. 'നിങ്ങളുടെ യാത്രയും അതിലെ വേദനകളും നിങ്ങള്‍ക്കാണ് അറിയുക. അവിടെയെത്താന്‍ എന്തൊക്കെ ചെയ്തുവെന്നും നിങ്ങള്‍ക്കാണ് അറിയുക', ചാഹല്‍ കുറിച്ചു.

ധനശ്രീ വര്‍മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഈയിടെയാണ് ചാഹല്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കിയത്. അതോടെ അവര്‍ വിവാഹമോചിതരാവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പരന്നു. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ചാഹലും ധനശ്രീയും അണ്‍ഫോളോ ചെയ്തു. 

കൊറിയോഗ്രഫറും ഡെന്റിസ്റ്റുമായ ധനശ്രീ വര്‍മയും ചാഹലും ലോക്ഡൗണ്‍ കാലത്താണ് പരിചയപ്പെടുന്നത്. അന്ന് ക്രിക്കറ്റ് മാച്ചുകളൊന്നുമില്ല. കളിക്കാരെല്ലാം വീട്ടിലൊതുങ്ങിയ സമയം. പെട്ടെന്നൊരു ദിവസം ചാഹല്‍ തീരുമാനിക്കുന്നു, തനിക്കും നൃത്തം പഠിക്കണം. അതിനിടയ്ക്കാണ് ധനശ്രീയുടെ നൃത്തവീഡിയോകള്‍ കാണുന്നത്. വൈകാതെ  ധനശ്രീക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജയച്ചു. നൃത്തം പഠിപ്പിക്കുമോ എന്ന ചാഹലിന്റെ അന്വേഷണത്തിന്, ധനശ്രീ മറുപടിയും കൊടുത്തു. അങ്ങനെ ഓണ്‍ലൈനിലൂടെ നൃത്തപഠനവും തുടങ്ങി. അവിടുന്നാണ് ആ ബന്ധത്തിന്റെ തുടക്കവും.

''ആദ്യത്തെ രണ്ടുമാസം നൃത്തത്തെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പോലുമായിരുന്നില്ല'', ചാഹല്‍ ഒരഭിമുഖത്തില്‍ ഓര്‍ത്തു. രണ്ടുമാസത്തെ പരിശീലനം കൊണ്ട് ചാഹല്‍ മനോഹരമായി നൃത്തം ചെയ്യാന്‍ പഠിച്ചു. എപ്പോഴും പ്രസന്നതയോടിരിക്കുന്ന ധനശ്രീയെ ചാഹലിന് നന്നായി ഇഷ്ടപ്പെട്ടു. ''ഞാനൊരിക്കല്‍ അവളോട് ചോദിച്ചു, ഈ ലോക്ഡൗണ്‍ കാലത്തും എങ്ങനെയാണ് ഇത്ര സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നതെന്ന്. അന്നുമുതല്‍ നൃത്തമല്ലാത്ത കാര്യങ്ങള്‍ സംസാരിച്ചുതുടങ്ങി. ഞാന്‍ അമ്മയോട് അവളെക്കുറിച്ച് പറഞ്ഞു''.

ചാഹല്‍ തന്നെയാണ് പ്രൊപോസ് ചെയ്തത്. ''എനിക്ക് ഡേറ്റിങ്ങില്‍ താത്പര്യമില്ല. എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്നാണ് ഞാന്‍ ധനശ്രീയോട് പറഞ്ഞത്''. ധനശ്രീക്ക് പെട്ടെന്നൊരു മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ ധനശ്രീ അമ്മയോട് കാര്യം പറഞ്ഞു. അധികം വൈകാതെ ധനശ്രീ 'യെസ്' പറഞ്ഞു. 2020-ലായിരുന്നു അവരുടെ വിവാഹം. 

എന്നാല്‍, 2023-ല്‍ തന്നെ വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍നിന്ന് 'ചാഹല്‍' എന്ന പേര് ധനശ്രീ മാറ്റിയത്, അതിന് ആക്കം കൂട്ടി.  

Content Highlights: yuzvendra chahal and dhanashree verma love story