'തുള്ളാത മനവും തുള്ളും' ജോഡിയുടെ റീയൂണിയൻ എന്ന് ആരാധകർ; വിജയ്‌യും സിമ്രാനും ഒരുമിച്ചപ്പോൾ

ഒരുകാലത്തെ സിനിമാപ്രേക്ഷകരെ കോരിത്തരിപ്പിച്ച സിനിമയാണ് 'തുള്ളാത മനവും തുള്ളും'. എവർഗ്രീൻ റൊമാന്റിക് സിനിമ എന്നാണിത് അറിയപ്പെടുന്നത്. ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും സിമ്രാനും ഒരുമിച്ച ചിത്രം ഇന്നും കാണികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വൺസ് മോർ എന്ന സിനിമയിലാണ് താരങ്ങൾ ആദ്യമായി ഒരുമിക്കുന്നത്. അതുകഴിഞ്ഞ് പ്രിയമാനവളെ, ഉദയ തുടങ്ങിയ ചിത്രങ്ങളിലും ഈ ജോഡി ഒരുമിച്ചു. എന്നാൽ സിമ്രാൻ-വിജയ് ജോഡിയുടെ ബ്ലോക്ബസ്റ്റർ എന്നു പറയുന്നത് 'തുള്ളാത മനവും തുള്ളും' തന്നെയാണ്. തൊട തൊടു എനവെ, ഇന്നിസൈ പാടിവരും, ഇരുപതുകോടി, മേഘമൈ വന്ത്...ഇങ്ങനെ സിനിമയിലെ ഓരോ പാട്ടുകളും ഹിറ്റായി. ആ ജോഡിയും ഏറെ പ്രിയങ്കരമാണ്.
ഇപ്പോൾ വർഷങ്ങൾക്കുശേഷം വിജയ്‌യും സിമ്രാനും ഒരുമിച്ചിരിക്കുകയാണ്, സ്‌ക്രീനിൽ അല്ലെന്നുമാത്രം. വിജയ്‌യുടെ ഔദ്യോഗികവസതിയിലെത്തിയതായിരുന്നു സിമ്രാൻ. ഒപ്പം ഭർത്താവ് ദീപക് ബഗ്ഗയും മക്കൾ അദീപ്, ആദിത് എന്നിവരുമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സിമ്രാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ''വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്‌ക്രീൻ സ്പേസ് പങ്കിട്ടപ്പോൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയധികം ആളുകൾക്ക് പ്രിയങ്കരനാക്കിയ ഊഷ്മളതയും, വിനയവും, ആത്മാർത്ഥതയും അതേപടി തുടരുന്നു! സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടും പ്രചോദനകരമാണ്. തമിഴ്നാടിനെ മുന്നോട്ട് നയിക്കുമ്പോൾ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''.
ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ കമന്റുകളുമായെത്തി. 'ഫേവറൈറ്റ് ഓൺസ്‌ക്രീൻ പെയർ, The OG Pair, ഗോൾഡൻ പെയർ...' കമന്റുകൾ നീളുന്നു. 'തുള്ളാത മനവും തുള്ളും ജോഡിയുടെ റീയൂണിയൻ' എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.
സിനിമാരംഗത്തെ വിജയ്‌യുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായിട്ടാണ് സിമ്രാൻ അറിയപ്പെടുന്നത്. മുമ്പ് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു വേദിയിൽവെച്ച് വിജയ് അപമാനിക്കപ്പെട്ടിരുന്നു. 2013-ൽ ഇന്ത്യൻസിനിമയുടെ സെന്റിനറി ആഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു സംഭവം. ക്ഷണിക്കപ്പെട്ട് പരിപാടിയിലേക്കെത്തിയ വിജയ്ക്ക് ലഭിച്ചത് മോശം സ്വീകരണമാണ്. വളരെ പിന്നിലായിട്ടാണ് അദ്ദേഹത്തിന് ഇരിപ്പിടമൊരുക്കിയതും. അത്ര വലിയ പ്രശ്‌നങ്ങളുണ്ടായപ്പോൾ, അധികമാരും വിജയ്‌ക്കൊപ്പം നിന്നില്ല. അന്ന് അദ്ദേഹത്തിനെ പിന്തുണച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് സിമ്രാൻ. പിന്നീട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌പ്പോഴും, 'എന്റെ പ്രിയപ്പെട്ട സുഹൃത്ത്' എന്നു വിശേഷിപ്പിച്ചാണ് സിമ്രാൻ അഭിനന്ദിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tamil Nadu CM Vijay and actress Simran reunited at the CM's official residence in 2026. Simran visited with her family, sharing photos and praising Vijay's leadership and vision for the state.