'എനിക്ക് കുട്ടികൾ വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു; അതിനുപിന്നിലെ കാരണമിതാണ്...'

വരലക്ഷ്മി ശരത്കുമാർ, നിക്കോളായ് സച്ച്‌ദേവ് | Instagram
വരലക്ഷ്മി ശരത്കുമാർ, നിക്കോളായ് സച്ച്‌ദേവ് | Instagram

നടിയും സംവിധായികയും കൂടിയായ വരലക്ഷ്മി ശരത്കുമാർ, 'പോടാ പോടി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. വിക്രം വേദ, വിസ്മയ, സത്യ, സണ്ടക്കോഴി 2, മിസ്റ്റർ ചന്ദ്രമൗലി, സർക്കാർ, ഡാനി തുടങ്ങിയവയാണ് അവരുടെ പ്രധാനചിത്രങ്ങൾ. കസബ, മാസ്റ്റർപീസ് എന്നീ മലയാളചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഈ വർഷമാണ് സംവിധാനത്തിലേക്കും അവർ കടന്നത്. 'എസ്.സരസ്വതി' എന്ന തെലുഗുചിത്രമാണ് അവർ ആദ്യമായി സംവിധാനം ചെയ്തത്. അതിൽ പ്രിയാമണി, പ്രകാശ് രാജ് എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു വരലക്ഷ്മി.

ഏത് കാര്യത്തിലാണെങ്കിലും വ്യക്തമായ അഭിപ്രായമുള്ളയാളാണ് വരലക്ഷ്മി. അത് തുറന്നുപറയാൻ അവർ മടിക്കാറുമില്ല. 2024-ലാണ് വ്യവസായിയും ആർട്ട് ഗാലറി ഉടമയുമായ നിക്കോളായ് സച്ച്‌ദേവിനെ അവർ വിവാഹം കഴിക്കുന്നത്. കുട്ടികൾ വേണ്ടെന്ന തന്റെ തീരുമാനത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് വരലക്ഷ്മി ഇപ്പോൾ. അതൊരു നല്ല പാരന്റിങ് തീരുമാനമായിട്ടാണ് താൻ കരുതുന്നതെന്നും താരം പറയുന്നു. വിവാഹം കഴിക്കുന്നവർക്കെല്ലാം കുട്ടികളുണ്ടാകണം എന്ന ധാരണയെയും അവർ ചോദ്യം ചെയ്യുന്നു.

'ബിഹൈൻഡ് വുഡ്‌സി'ന് നൽകിയ അഭിമുഖത്തിലാണ് വരലക്ഷ്മി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ''എനിക്ക് കുട്ടികൾ വേണ്ടെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കുട്ടികൾ ഉണ്ടാകില്ല എന്നതുകൊണ്ടല്ല, മറിച്ച് എനിക്ക് കുട്ടികൾ വേണ്ട എന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. അതൊരു വ്യക്തവും ഉറച്ചതുമായ തീരുമാനമാണ്''.

തന്റെ ഭർത്താവിനും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണെന്ന് വെളിപ്പെടുത്തി. രക്ഷാകർതൃത്വം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, സമൂഹം ആഗ്രഹിക്കുന്നു എന്നതുകൊണ്ട് മാത്രം അതിന് മുതിരരുത്. ''ഒരു കുഞ്ഞിനെ ലഭിക്കുന്നതിന് മുൻപ്, ആ കുട്ടിയെ വളർത്തുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ എന്ന് സ്വയം ചോദിക്കണം. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്നതാണ് നല്ലത്. അതും ഉത്തരവാദിത്തപരമായ ഒരു പാരന്റിങ് തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു'', അവർ വിശദീകരിച്ചു.

നിക്കോളായ്‌യുടെ ആദ്യവിവാഹത്തിലെ മകളെ സ്വന്തം കുട്ടിയെപ്പോലെയാണ് താൻ കാണുന്നതെന്ന് വരലക്ഷ്മി പറഞ്ഞു. ''അദ്ദേഹത്തിന്റെ മുൻ വിവാഹത്തിലുണ്ടായ ഒരു മകൾ ഞങ്ങൾക്കുണ്ട്. അവളെ ഞാൻ എപ്പോഴും അങ്ങനെ തന്നെയാണ് കാണുന്നത്. ഞങ്ങൾക്ക് രണ്ട് നായ്ക്കുട്ടികളുണ്ട്, അവരെയും സ്വന്തം കുട്ടികളെപ്പോലെയാണ് ഞങ്ങൾ വളർത്തുന്നത്'', വരലക്ഷ്മി കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Varalaxmi Sarathkumar clarified her conscious decision not to have children. Stated that parenting is a massive responsibility and societal pressure should not dictate it