ജ്യോതികയുമായുള്ള 20 വർഷത്തെ ദാമ്പത്യം; ‘കാലത്തിനനുസരിച്ച് മനുഷ്യരും അവരുടെ കാഴ്ചപ്പാടുകളും മാറും’

സൂര്യ, ജ്യോതിക / PTI
സൂര്യ, ജ്യോതിക / PTI

സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് 20 വർഷമായി. ആരാധകരെന്നും അത്ഭുതത്തോടെ നോക്കുന്ന താരദമ്പതികളാണവർ. തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് സൂര്യ ഇപ്പോൾ. കോയമ്പത്തൂരിൽ നടന്ന 'വിശ്വനാഥ് ആൻഡ് സൺസ്' (Vishwanath and Sons) സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയിലാണ് താരം തന്റെ പ്രണയത്തെക്കുറിച്ച് ആരാധകരുമായി സംസാരിച്ചത്.

എന്നെന്നും പ്രണയം

ഇന്നത്തെ കാലത്ത് ബെഞ്ചിങ്, ഗോസ്റ്റിങ്, സിറ്റുവേഷൻഷിപ്പ് എന്നിങ്ങനെ പ്രണയബന്ധങ്ങളുടെ രീതികൾ ലോകത്ത് മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സൂര്യ പറഞ്ഞു. എന്നാൽ ഏത് കാലഘട്ടത്തിലെ ബന്ധങ്ങൾക്കായാലും തനിക്ക് നൽകാനുള്ള ഉപദേശം ഒന്നുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

"പ്രണയം എന്നെന്നും നിലനിൽക്കുന്ന ഒന്നായിരിക്കണം. വിവാഹം വരെ മാത്രമോ അല്ലെങ്കിൽ വിവാഹം കഴിക്കുന്ന നിമിഷം വരെ മാത്രമോ ഉള്ളതല്ല അത്. നമ്മൾ ദിവസവും സ്നേഹിക്കണം. 20 വർഷങ്ങൾക്ക് ശേഷവും ആ സ്നേഹം നിലനിർത്തണം. പങ്കാളിക്ക് അർഹമായ ബഹുമാനം നൽകിക്കൊണ്ടേയിരിക്കണം."

കാലത്തിനനുസരിച്ച് മനുഷ്യരും അവരുടെ കാഴ്ചപ്പാടുകളും മാറുമെന്നും അതിനെ ഉൾക്കൊള്ളണമെന്നും താരം ഓർമ്മിപ്പിച്ചു.

20 വയസ്സുള്ളപ്പോഴുള്ള നമ്മളല്ല 25 വയസ്സിൽ, 30 വയസ്സിൽ നമ്മുടെ മുൻഗണനകളും ചിന്തകളും പൂർണ്ണമായും മാറിയിട്ടുണ്ടാകും. ജീവിതത്തിൽ പല കാര്യങ്ങളും ലക്ഷ്യങ്ങളും മാറിമറിഞ്ഞേക്കാം. എന്നാൽ പങ്കാളിയോട് നമ്മൾക്കുള്ള സ്നേഹവും കരുതലും ഒരിക്കലും മാറാൻ പാടില്ല.

സ്നേഹവും ബഹുമാനവും

വിവാഹത്തിനു ശേഷം സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും അവർ കുടുംബത്തിനായി നൽകുന്ന സംഭാവനകളെയും കുറിച്ച് സംസാരിച്ച സൂര്യ, സ്ത്രീകൾക്ക് സ്നേഹത്തിനപ്പുറം അർഹമായ ബഹുമാനവും നൽകണമെന്നും പറഞ്ഞു.

"ഒരു പുരുഷന് എവിടെയെങ്കിലും പോകാൻ ഒരു മണിക്കൂർ മതിയെങ്കിൽ, ഒരു സ്ത്രീക്ക് ചിലപ്പോൾ 10 മണിക്കൂർ വേണ്ടി വന്നേക്കാം. അവർ വിവാഹിതരായി, അമ്മമാരായി, വീട്ടിലെ ഉത്തരവാദിത്തങ്ങളേറ്റെടുക്കുമ്പോൾ വലിയ വിട്ടുവീഴ്ചകളാണ് ചെയ്യുന്നത്. അതിനാൽ അവരുടെ വിജയം ഉണ്ടാകുമ്പോൾ നമ്മൾ 100 ശതമാനവും അവരെ സല്ല്യൂട്ട് ചെയ്യണം. കഴിയുന്നത്ര അവർക്കൊപ്പം നിൽക്കുക. സ്നേഹത്തേക്കാൾ ഉപരി അവർക്ക് ബഹുമാനം നൽകുക" സൂര്യ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയയിലും വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

2006 സെപ്റ്റംബർ 11-നാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 1999-ലെ 'പൂവെല്ലാം കേട്ടുപാർ' എന്ന സിനിമയിലാണ് ഇവർ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് പല സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതോടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ദേവ്, ദിയ എന്നിവരാണ് താരദമ്പതികളുടെ മക്കൾ. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ആഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Suriya celebrates 20 years of marriage to Jyothika., Emphasizes that love and respect should last a lifetime, not just until marriage., Highlights the sacrifices women make in families and the need for honoring them., Encourages adapting to life changes while maintaining core values with one's partner., Suriya's upcoming film 'Vishwanath and Sons' releases on August 14.