അമ്മയ്ക്ക് പാട്ടുപാടിക്കൊടുത്ത് മരണത്തിലേക്ക് പോയ ദേവദത്ത്

''ദേവുവിനെ തിരിച്ചുകൊണ്ടുവരണ്ടേ,'' ആ ഒരൊറ്റവാക്കിന്റെ ബലത്തിലായിരുന്നു അധ്യാപകദമ്പതിമാരായ രേഖയുടെയും പ്രദീപിന്റെയും പിന്നെയുള്ള ജീവിതം. ഏകമകനായ ദേവു എന്ന ദേവദത്തിനെ നഷ്ടപ്പെട്ടപ്പോഴും അവരെ മുന്നോട്ടുനടത്തിയതും ആ ആഗ്രഹം തന്നെയാണ്. വൈക്കത്തെ ഹയര്‍ സെക്കന്‍ഡറിയില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചയാളാണ് പ്രദീപ്. രേഖ ഞീഴൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപികയും. കോട്ടയം തലയോലപ്പറമ്പില്‍, ബേപ്പൂര്‍ സുല്‍ത്താന്റെ തറവാടിനോട് ചേര്‍ന്നുള്ള ദേവദത്തം എന്ന വീട്. മുറ്റത്തെത്തിയപ്പോള്‍ ഒരു പന്ത് പറന്നുവന്നു. അതിനുപിന്നാലെ കൊച്ചുപൂമ്പാറ്റകള്‍പോലെ രണ്ട് കുഞ്ഞുങ്ങളും. ദേവദത്തും ദേവദത്തയും.
ദേവദത്തിന്റെ ഓര്‍മയില്‍
മോള്‍ഡോവയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു പൊലിഞ്ഞുപോയ മകന്‍ ദേവദത്ത്. ''കോവിഡ് സമയത്തായിരുന്നു ദേവൂന്റെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവും മറ്റും. അതെല്ലാം കഴിഞ്ഞ് 2021 ഏപ്രില്‍ 24-നായിരുന്നു അവന്‍ പോയത്. കേരളത്തില്‍നിന്ന് ദുബായ്, അവിടന്ന് ഈസ്താംബൂള്‍, പിന്നെ മോള്‍ഡോവ... കൂടെ വേറെയും പിള്ളേരുണ്ടായിരുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ വിസയുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങളുണ്ടായി. അതെല്ലാം ഒരുവിധത്തില്‍ പരിഹരിച്ചാണ് അടുത്ത ഫ്‌ളൈറ്റില്‍ കേറുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ എന്നോടൊരു വാക്ക് പറഞ്ഞു, 'എന്റമ്മേ, ഇനി ഞാന്‍ ജീവനുണ്ടെങ്കില്‍ ദുബായ് എയര്‍പോര്‍ട്ട് വഴി വരൂല്ല'. ഏത് നേരത്താണോ എന്റെ കൊച്ചിന്റെ വായില്‍നിന്ന് അങ്ങനെയൊരു വാചകം വീണത്. അവന്‍ പറഞ്ഞത് അതേപോലെ സംഭവിച്ചു,'' ഉള്ളിലെ വിങ്ങലെല്ലാമടക്കി രേഖ സംസാരിച്ചുതുടങ്ങി.
''മിടുമിടുക്കനായിരുന്നു അവന്‍. കരാട്ടെ അറിയാം, ഗിറ്റാര്‍ വായിക്കും. മനോഹരമായി വരയ്ക്കും. നല്ല വായനശീലവുമുണ്ട്. പക്ഷേ, നീന്തല്‍ മാത്രം പഠിപ്പിച്ചില്ല... ഇതൊന്നും നമ്മള് ചിന്തിക്കുന്നില്ലല്ലോ. ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെയായിരുന്നു പ്ലസ് വണ്ണിന് ചേര്‍ന്നത്. ഞങ്ങളൊരുമിച്ചായിരുന്നു പോക്കും വരവുമെല്ലാം. ശരിക്കും അടിച്ചുപൊളിച്ച് രണ്ടുവര്‍ഷം. ടീച്ചര്‍മാരെല്ലാം പറയും, ഇതുപോലൊരു കൊച്ചിനെ കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണം. എന്തുപറഞ്ഞാലും ചിരിച്ചോണ്ടിരിക്കും,'' സംസാരമൊന്ന് നിര്‍ത്തി മൊബൈലില്‍ ദേവദത്തിന്റെ ഫോട്ടോ കാണിച്ചു, ''ഇതാ, ഇതേ ചിരിയായിരുന്നു എപ്പോഴും.''
പാട്ടുംപാടി ഉറക്കത്തിലേക്ക്...
''മോള്‍ഡോവയില്‍ റൊമാനിയ ഭാഷയാണ് സംസാരിക്കുന്നത്. ദേവു രണ്ടാഴ്ച കൊണ്ടത് പഠിച്ചെടുത്തു. ബാക്കി പിള്ളേര്‍ പുറത്തുപോവുമ്പോഴെല്ലാം കൂട്ടിന് ഇവനെ വിളിച്ചുതുടങ്ങി. എല്ലാവര്‍ക്കും സഹായമായിരുന്നു. ജൂലായ് ആയപ്പോഴേക്കും ആദ്യത്തെ സെമസ്റ്റര്‍ കഴിഞ്ഞു. പോവുന്നതിനുമുന്‍പുതന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു, 'കോഴ്സ് കഴിഞ്ഞിട്ട് ഇങ്ങോട്ടുവന്നാല്‍ മതി. നിന്റെ വെക്കേഷനാകുമ്പോ ഞങ്ങള്‍ അങ്ങോട്ടുവരാം'. അതുകൊണ്ട് സെമസ്റ്റര്‍ ബ്രേക്ക് ആയെങ്കിലും അവിടെത്തന്നെ നിന്നു. ഇടയ്ക്ക് കൂട്ടുകാരുമൊന്നിച്ച് കറങ്ങാന്‍പോവും.
ജൂലായ് ഒമ്പതിന് അവിടത്തെ വൈകുന്നേരം നാലുമണിയായപ്പോള്‍ അവനെന്നെ വീഡിയോ കോള്‍ ചെയ്തു. അമ്മേ ഞങ്ങളൊരു പാര്‍ക്കില്‍ ഇരിക്കുവാണെന്ന് പറഞ്ഞു. അവന്റെ കൂട്ടുകാരുമുണ്ട്. ഒരു തടാകത്തിലേക്ക് കാലുമിട്ടാണ് ഇരിക്കുന്നത്. വെള്ളം കുറവാണ്, അതെനിക്ക് വീഡിയോയില്‍ കാണാം. എങ്കിലും ഞാന്‍ പറഞ്ഞു, 'ദേവൂ, കാല് പൊക്കിവെക്കൂ. വല്ല മുതലയോ ചീങ്കണ്ണിയോ ഒക്കെയുണ്ടാവും'. വേഗം കാല്‍ കേറ്റിവെച്ചു. ഇച്ചിരി കഴിഞ്ഞ് വീണ്ടും വിളിച്ചു, 'അമ്മേ, ആ പാട്ടൊന്ന് പാടിയേ. താമരക്കണ്ണനുറങ്ങേണം, കണ്ണും പൂട്ടിയുറങ്ങേണം'. അവനേറ്റവും ഇഷ്ടമുള്ള പാട്ടാണത്. ഇവിടെ രാത്രി പത്തര കഴിഞ്ഞിട്ടുണ്ട്. എനിക്കാണെങ്കില്‍ ഉറക്കംവന്നിട്ട് വയ്യ. 'ഒന്ന് ഫോണ്‍ വെക്കുന്നുണ്ടോ ദേവൂ, വേഗം ഹോസ്റ്റലില്‍ പോവാന്‍ നോക്ക്' എന്നും പറഞ്ഞ് ഫോണ്‍വെച്ചു. 'ഞങ്ങള്‍ പോവാന്‍ നോക്കുവാ അമ്മേ'ന്ന് അവനും പറഞ്ഞു. എന്റെ കൊച്ചിനോട് അവസാനമായി സംസാരിക്കുകയാണെന്നൊന്നും അറിയുന്നില്ലല്ലോ. കുറച്ചുകഴിഞ്ഞ് ആ പാട്ട് അവന്‍ തന്നെ പാടി അയച്ചുതന്നു. പതിനൊന്ന് മണി ആവാറായപ്പോള്‍ ഞാനൊരു മെസേജിട്ടു, 'ഹോസ്റ്റലില്‍ എത്തിയോ'. പിന്നെ ഞാനുറങ്ങിപ്പോയി.
ഏകദേശം പന്ത്രണ്ട് മണിയായിക്കാണും. അപ്പോഴാണ് ദേവൂനെ കൊണ്ടുപോയ ഏജന്റ് വിളിക്കുന്നത്. ഫോണ്‍ എടുത്തയുടനെ പറഞ്ഞു, 'ടീച്ചറേ, സാറിനൊന്ന് ഫോണ്‍ കൊടുക്കാമോ?' പുറകെ പുള്ളി സാറിനോട് പറയുന്നത് എനിക്കും കേള്‍ക്കാം, 'മോനൊരു അപകടമുണ്ടായി, വെള്ളത്തില്‍ വീണു. ഇപ്പോള്‍ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.' സാറാകെ പേടിച്ചുപോയി. അപ്പോഴും ഞാന്‍ സമാധാനിച്ചു, 'തെന്നിവീണതായിരിക്കും, എന്തായാലും ആസ്പത്രിയിലാണല്ലോ.' അവന്റെ കൂടെയുള്ള കുട്ടികളെയൊക്കെ ഞാന്‍ വിളിക്കാന്‍ തുടങ്ങി. ആരും ഫോണെടുക്കുന്നില്ല. ചെറുതായി പേടി കയറിത്തുടങ്ങി. സാറിന്റെ ബന്ധു ഇവിടെ അടുത്തുതന്നെയാണ് താമസിക്കുന്നത്. വേഗം അവരെ വിളിച്ചു. അവരും പിന്നെയും വേറാരൊക്കെയോ വീട്ടിലെത്തി. പുലര്‍ച്ചെയാവാറായി. അതിനിടയില്‍ ചേട്ടായി എന്നോട് പറഞ്ഞു, 'ദേവൂന് കുറച്ച് സീരിയസാണ്.'
'എന്നോട് നുണ പറയണ്ട. അവന്‍ പോയിക്കാണുമല്ലേ' ഞാന്‍ ചോദിച്ചു. പിന്നെ ഒരാഴ്ചത്തെ കാത്തിരിപ്പായിരുന്നു. അവനെ കൊണ്ടുവന്നപ്പോള്‍ ഞാന്‍ തൊട്ടുനോക്കി. മാസ്‌കിട്ട മുഖത്തുതൊടില്ലേ. അതുപോലെയായിരുന്നു. മുഖംമൂടി വല്ലതും വെച്ചേക്കുവാണോ എന്ന് സംശയം തോന്നി. അവനൊരു മറുകുണ്ടായിരുന്നു. നോക്കിയപ്പോള്‍ അതും കണ്ടില്ല. ഒരു കുട്ടി വെറുതെ കളിപ്പിക്കാനായി വെള്ളത്തിലേക്ക് ചാടിയതാണെന്നാ പിന്നീട് പലരും പറഞ്ഞത്. അതുകണ്ടപ്പോള്‍ അവളെ രക്ഷിക്കാനായി ദേവുവും ചാടി. എന്നിട്ട് ആ കുട്ടിയെ രക്ഷിച്ചു. അപ്പോഴേക്കും തടാകത്തിലുള്ള പടി ഇടിഞ്ഞ്, അവന്‍ താഴ്ചയിലേക്ക് വീണു...'' കണ്ണുനിറയുമ്പോഴും രേഖ അത് നിയന്ത്രിച്ചു. ''എന്റെ വിഷമം പുറത്തുകാണിക്കാറില്ല. കാരണം സാര്‍ അത്രയും തകര്‍ന്നുപോയിരുന്നു. ഞാനൊന്ന് പൊട്ടിപ്പോയാല്‍ സാറിന്റെ അവസ്ഥ മോശമാവും.''
''ഇവിടന്ന് കുറച്ചുമാറി മൂവാറ്റുപുഴയാറാണ്. എന്നിട്ടും ദേവൂനെ നീന്തല്‍ പഠിപ്പിച്ചില്ല. എനിക്ക് പേടിയായിരുന്നു. അതിന് പിന്നിലൊരു കാര്യമുണ്ട്. ഞാന്‍ മോന്റെ ജാതകമെഴുതാന്‍ രണ്ടുമൂന്ന് സ്ഥലത്തുപോയി. നടക്കുന്നില്ല. ഓരോ തടസ്സങ്ങള്‍. ഒടുവില്‍ ഒരാളെന്നോട് പറഞ്ഞു, 'വല്യമ്മാവന്റെ ജാതകമാണ്'. പിന്നെയാണ് അറിയുന്നത് അമ്മയ്ക്ക് മൂത്ത ഒരാങ്ങളയുണ്ടായിരുന്നു. അമ്മയുമായി പത്തുമുപ്പത് വയസ്സ് വ്യത്യാസമുണ്ട്. ആ അമ്മാവന് പേരിട്ടത് ശ്രീനാരായണഗുരുസ്വാമിയാണ്. ആ സമയത്ത് അപ്പൂപ്പനും അമ്മൂമ്മയും 'ജാതകംകൂടി കുറിച്ചുതരാമോയെ'ന്ന് ചോദിച്ചു. 'പതിമ്മൂന്ന് വയസ്സ് കഴിഞ്ഞിട്ട് എഴുതിയാല്‍ മതി'യെന്ന് ഗുരു പറഞ്ഞു. കൃത്യം പതിമ്മൂന്നാം വയസ്സില്‍ അമ്മാവന്‍ മരിച്ചു. ഇതൊക്കെ കേട്ടതുമുതല്‍ എന്റെയുള്ളില്‍ നല്ല പേടിയുണ്ടായിരുന്നു.
തൃശ്ശൂര് സോമയാഗം നടത്തിയ കൊല്ലമാണ് മോനുണ്ടായത്. അന്നെന്റെ സഹോദരന്‍ അരുണിന് അവിടന്ന് മൂന്ന് ലോക്കറ്റ് കിട്ടി. അതിലൊന്ന് ദേവൂന്റെ കഴുത്തില്‍ ചരടില്‍ കോര്‍ത്തിട്ടിരുന്നു. രണ്ടുതവണ അത് പുറത്തുവെച്ച് കാണാതെ പോയി. പക്ഷേ, തിരിച്ചുകിട്ടി. ഈ ലോക്കറ്റില്‍ ഭയങ്കര വിശ്വാസമായിരുന്നു എനിക്ക്. അന്ന് വെള്ളത്തില്‍ വീഴുന്നതുവരെ അത് കഴുത്തില്‍തന്നെയുണ്ടായിരുന്നു. രക്ഷിക്കാനായി കോളറില്‍ പിടിച്ചപ്പോള്‍ പൊട്ടിപ്പോയത്രേ. പിന്നീടത് കിട്ടിയില്ല. എന്റെ കൊച്ചിന്റെ രക്ഷയായിരുന്നുവത്,'' തടസ്സമില്ലാതെ ഒഴുകുന്ന പുഴപോലെ സുന്ദരമായിരുന്നു അവരുടെ ജീവിതം. ഏകമകന്‍ പോയതോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും തുരുത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ.
''ദേവുപോയി ഒരുമാസം കഴിഞ്ഞപ്പോള്‍ എന്റെ സഹോദരനും വിനോദ് ചേട്ടനും കൂടി വീട്ടില്‍വന്നു. അവരാണ് പറയുന്നത്, ദേവൂനെ തിരിച്ചുകൊണ്ടുവരണമെന്ന്. അത് ഞങ്ങള്‍ക്കൊരു പ്രതീക്ഷയായി. മൂവാറ്റുപുഴ സബൈനിലായിരുന്നു ചികിത്സ. പരിശോധനകളെല്ലാം നടത്തി. ഒക്ടോബറിലാണ് ഐ.വി.എഫ്. ചെയ്യുന്നത്. മൂന്ന് സൈഗോട്ട് ആണ് ഇന്‍സേര്‍ട്ട് ചെയ്തത്. മൂന്നും വിജയിച്ചു. ആരോടും പറഞ്ഞിരുന്നില്ല ഞങ്ങള്‍, കാരണം വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ പതിവുപോലെ സ്‌കൂളില്‍ പോയിത്തുടങ്ങി. അതുവരെ ഞങ്ങളുടെ ഇടവും വലവുമായി സാറിന്റെ ബന്ധുക്കളായ വിനോദ് ചേട്ടനും ശ്രീപ്രസാദ് ചേട്ടനുമുണ്ടായിരുന്നു. സാറും ഞാനും മാത്രമല്ലേയുള്ളൂ, ഞങ്ങള്‍ എന്തെങ്കിലും ചെയ്യുമോയെന്ന പേടി. ഗര്‍ഭിണിയായശേഷമാണ് ഞങ്ങളെ ഒറ്റയ്ക്ക് വിടാനുള്ള ധൈര്യം വന്നത്.
കഷ്ടപ്പാടുകള്‍ സഹിച്ച്
മൂന്നുമാസമായപ്പോള്‍ എനിക്ക് ക്ഷീണമായിത്തുടങ്ങി. ഒരുതവണ ആസ്പത്രിയില്‍ പോയപ്പോള്‍ പറഞ്ഞു, ഒരാളെ റിമൂവ് ചെയ്യണം. അല്ലെങ്കില്‍ മൂന്നുപേരെയും കിട്ടില്ല. വേറെ വഴിയൊന്നുമില്ലെന്ന് ഉറപ്പായപ്പോള്‍, ഒരാളെ റിമൂവ് ചെയ്തു. അതോടെ ബ്ലീഡിങ് തുടങ്ങി. പിന്നെ നിന്നിട്ടേയില്ല. മുഴുവന്‍ സമയവും കട്ടിലില്‍തന്നെ. എന്റെ ചേച്ചിമാരായ ലേഖയും താരയും മായയും രണ്ടാഴ്ച കൂടുമ്പോള്‍ ചോറും കറിയുമായി വരും. പിന്നെ അനിയനും ഭാര്യയും. എല്ലാ കാര്യത്തിനും സഹായവുമായി അയല്‍ക്കാരുമുണ്ടായിരുന്നു. കോവിഡായതുകൊണ്ട് ദിവസവും പോയിവരുന്നവരെ സഹായത്തിന് നിര്‍ത്തരുതെന്ന് ആസ്പത്രിയില്‍നിന്ന് പറഞ്ഞിരുന്നു.
സാര്‍ ശരിക്കും ബുദ്ധിമുട്ടി. ഏഴുമാസമായപ്പോ എനിക്ക് തീരേ വയ്യാതായി. വീണ്ടും ആസ്പത്രിയിലെത്തിയപ്പോ അവര് പറഞ്ഞു, 'ഇനി തിരിച്ചുപോവേണ്ട, ഒരു വാര്‍ഡ് തരാം'. വാര്‍ഡില്‍ പത്തുനാല്‍പ്പത് പേരുണ്ട്. രണ്ട് ടോയ്ലെറ്റും. ആസ്പത്രിയുടെ തൊട്ടുമുമ്പിലെ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്തു. ആറുമണിക്കൂര്‍ കൂടുമ്പോ ഡ്രിപ്പും ഇഞ്ചക്ഷനുമുണ്ട്. ആ സമയത്തെല്ലാം ആസ്പത്രിയില്‍ ചെല്ലണം,'' മറ്റാരുടെയോ കഥ പറയുന്നതുപോലെ നീന്തിക്കടന്ന കഷ്ടപ്പാടുകള്‍ രേഖ വിവരിച്ചു. അതിനിടയിലും സമൂഹത്തിന്റെ കുത്തുവാക്കുകളും അവരെ പിന്തുടര്‍ന്നു.
''ഞാന്‍ രക്ഷപ്പെടുമോ എന്നുപോലും എനിക്ക് സംശയമായിരുന്നു. അത്രയും ബ്ലീഡിങ്. അവിടെയുള്ള നഴ്സുമാരോട് ഞാനെപ്പോഴും പറയും, 'ഞങ്ങള്‍ രണ്ടുപേരും മാത്രമേയുള്ളൂ. എനിക്ക് എന്തെങ്കിലും പറ്റിയാല്‍, ആരെങ്കിലും വരുന്നതുവരെ സാറിനെ നിങ്ങള്‍ നോക്കണം കേട്ടോ'. അതിനിടയ്ക്ക് സാറും ഞാനും കൂടി പുറത്തുപോയി കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളെല്ലാം വാങ്ങി. എന്നിട്ട് എല്ലാം രണ്ട് ബാഗുകളിലാക്കി. ഒന്നെനിക്ക് ആവശ്യമായതും ഒന്ന് കുട്ടികള്‍ക്കുള്ളതും. ഓരോന്നിന്റെയും മുകളില്‍ പേരും എഴുതിവെച്ചു. തീരേ വയ്യെങ്കിലും ഇതൊക്കെ ചെയ്തു. ഒരുദിവസം രാത്രിയായപ്പോഴേക്കും ബ്ലീഡിങ് കൂടി. ഓരോ മിനിറ്റ് കൂടുമ്പോഴും പാഡ് മാറ്റേണ്ട അവസ്ഥ. എങ്ങനെയൊക്കെയോ രാത്രി വെളുപ്പിച്ചു.
ആസ്പത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, 'ആരെയെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അറിയിച്ചോളൂ. ഇന്നുതന്നെ പ്രസവം ഉണ്ടാവും.' ആരെങ്കിലും വരാതെ ലേബര്‍റൂമിലേക്ക് കയറില്ലെന്ന് ഞാനുറപ്പിച്ച് പറഞ്ഞു. അതിനിടയ്ക്ക് തൊട്ടടുത്തുള്ള തട്ടുകടയില്‍ പോയി ചായ കുടിച്ചു. ബണ്‍ പൊതിഞ്ഞുവാങ്ങി. ഫ്‌ളാസ്‌കില്‍ ചായയും. കാരണം പ്രസവം കഴിഞ്ഞാല്‍ എന്തായാലും ചായയും ബണ്ണുമൊക്കെ ചോദിക്കും. സാറിന് ആ സമയത്ത് വാങ്ങാന്‍പറ്റിയെന്നുവരില്ല. ഇതൊക്കെ സാറിനെ ഏല്‍പ്പിച്ചു. എന്നിട്ടാണ് ലേബര്‍റൂമില്‍ കയറുന്നത്. പ്രസവത്തിന് മുന്‍പുതന്നെ ബന്ധുക്കളെല്ലാം എത്തിയിരുന്നു.
ദേവൂനെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് അവനെപ്പോലെയുള്ള രണ്ട് കുഞ്ഞുങ്ങള്‍... ഒരാള്‍ 1400 ഗ്രാം, മറ്റെയാള്‍ 1500 ഗ്രാം... അത്രയേ ഉണ്ടായിരുന്നുള്ളൂ. അവരെ വേഗംതന്നെ നിയോ നേറ്റല്‍ നഴ്സറിയിലേക്ക് മാറ്റി. എനിക്കും വേറെ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്നാമത്തെ ദിവസമായപ്പോഴേക്കും എല്ലാവരും തിരിച്ചുപോയി. അപ്പോഴാണ് തലവേദന തുടങ്ങുന്നത്. ആദ്യം ഒരു ആസ്പത്രിയില്‍ കാണിച്ചെങ്കിലും അത് മാറിയില്ല. ഒടുവില്‍ കോട്ടയത്തുള്ള ആസ്പത്രിയിലേക്ക് പോവാന്‍ തീരുമാനിച്ചു. നിയോ നേറ്റല്‍ ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സിലേ കുഞ്ഞുങ്ങളെ കൊണ്ടുപോവാന്‍പറ്റൂ. അവരുടൊപ്പം ഒരാള്‍ എന്തായാലും വേണം. അങ്ങനെ ഞാന്‍ ആംബുലന്‍സില്‍ കയറി, സാര്‍ കാറെടുത്ത് പുറകേയും. രണ്ട് മെയില്‍ നഴ്സുമാരാണ് അതിലുണ്ടായിരുന്നത്. ഒരു പയ്യന്‍ എന്റെ കാലെടുത്ത് അവന്റെ മടിയിലേക്ക് വെച്ചു. കാരണം സിസേറിയന്‍ കഴിഞ്ഞ് അഞ്ചുദിവസമേ ആയിട്ടുള്ളൂ. അതിലാണെങ്കില്‍ കിടക്കാനൊന്നുംപറ്റില്ല. ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. ആ യാത്ര ഒരിക്കലും മറക്കില്ല,'' സിസേറിയന്റെ വേദനയൊന്നും അന്നറിഞ്ഞതേയില്ലെന്ന് രേഖ പറയുമ്പോള്‍, അതിലും എത്രയോ വലിയ വേദനകള്‍ അനുഭവിച്ചതിന്റെ കരുത്ത് മുഖത്ത് കാണാം.
ദേവുവിന്റെ അനിയനും അനിയത്തിയും
''ദേവൂന്റെ പേരുതന്നെയാണ് മോനിട്ടത്, ദേവദത്ത്, മോള്‍ ദേവദത്തയും. രണ്ട് കുട്ടികള്‍ക്കും അവന്റെ സ്വഭാവങ്ങളുണ്ട്. ചില കാര്യങ്ങളില്‍ മോന്‍ ദേവൂനെപ്പോലെതന്നെയാണ്. ഞാനൊന്ന് സങ്കടപ്പെട്ടാല്‍ എന്റടുത്ത് വന്ന് കൈയിലും പുറത്തുമൊക്കെ ഇങ്ങനെ തട്ടും. ദേവൂനിഷ്ടമുള്ള താമരക്കണ്ണനുറങ്ങേണം എന്ന പാട്ട് കേട്ടാല്‍ രണ്ടുപേരും എവിടുന്നാണെങ്കിലും പറന്നുവരും.'' ഓരോ ദിവസവും ദേവദത്ത് എന്ന മൂത്തമകന്റെ ഓര്‍മയിലാണ് ഇവരിപ്പോഴും ജീവിക്കുന്നത്.
''സാറിപ്പോഴും പൂര്‍ണമായി ശരിയായിട്ടില്ല. എങ്കിലും കവിതയും നോവലുമൊക്കെയായി തിരക്കിലാണ്. ദേവൂന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അച്ഛന്റെ കവിതാസമാഹാരം പ്രസിദ്ധീകരിക്കണമെന്നത്. ആ ആഗ്രഹത്തിനുപിന്നാലെയായിരുന്നു സാര്‍. അങ്ങനെ പുസ്തകം പുറത്തിറക്കി. തിരക്കില്‍ വിഷമങ്ങളെല്ലാം മറക്കാന്‍ ശ്രമിക്കുന്നു. ദേവു ഒരിക്കലും ഞങ്ങളെ വിട്ടുപോവില്ല. ഞാനിപ്പോഴും കരുതുന്നത് അവന്‍ മോള്‍ഡോവയിലുണ്ടെന്നാണ്. നമ്മള്‍ പഠിക്കാനയച്ചതല്ലേ. അങ്ങനെയൊക്കെ ഓരോ തോന്നലുകള്‍. അവനവിടെയുണ്ട്...''
Content Highlights: story of a couple who lost their son