'എന്റെ കുഞ്ഞു സിമി ഇപ്പോള്‍ അത്ര ചെറുതല്ല'; അക്ഷയ് കുമാറിന്റെ ആരാണ് 'ഇക്കിസ്'ലെ ഈ നായിക

അമിതാഭ് ബച്ചന്റെ കൊച്ചുമകനായ നടന്‍ അഗസ്ത്യ നന്ദ 'ഇക്കിസ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തോടൊപ്പം സിമര്‍ ഭാട്ടിയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഭാട്ടിയയുടെ മകളാണ് സിമര്‍. അക്ഷയ് തന്റെ അനന്തരവളായ സിമറിനെ പലതവണ പ്രശംസിച്ചിട്ടുണ്ട്. ബുധനാഴ്ച 'ഇക്കിസി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം, അക്ഷയ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചു. അതിനൊപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്; 'എന്റെ കുഞ്ഞു സിമി ഇപ്പോള്‍ അത്ര ചെറുതല്ല... നിന്റെ സ്വീകരണമുറിയിലെ പ്രകടനങ്ങളില്‍ നിന്ന് 'ഇക്കിസി'ലെ വലിയ സ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ അഭിമാനം കൊണ്ട് എന്റെ ഹൃദയം നിറയുന്നു! ടീമിന് വലിയ വിജയം ആശംസിക്കുന്നു.'
'എന്നും നിങ്ങളുടെ കുഞ്ഞു സിമി. എല്ലാത്തിനും നന്ദി. ലവ് യു.' എന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് സിമര്‍ കുറിച്ചു. അക്ഷയ് കുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയും സിമറിനായി ഒരു കുറിപ്പ് പങ്കുവെച്ചു. 'നമ്മുടെ സിമര്‍ ഇപ്പോള്‍ ലോകത്തിന്റേതാണ്. എത്ര സ്വാഭാവികമായ അഭിനയം...' ഇതിനോട് പ്രതികരിച്ചുകൊണ്ട് സിമര്‍ പറഞ്ഞത്, 'ഇതിന് ഒരുപാട് നന്ദി. ഞാന്‍ അനുഗ്രഹിക്കപ്പെട്ടു.' എന്നാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍, അക്ഷയ് സിമറിനൊപ്പം എച്ച്ടി ഇന്ത്യയുടെ മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് 2025-ല്‍ പങ്കെടുത്തു. ജനുവരിയില്‍, അക്ഷയ് അവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സിമറിന്റെ ചിത്രം വന്ന ഒരു പത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുറിച്ചത് ഇങ്ങനെയാണ്, 'പത്രത്തിന്റെ ഒന്നാം പേജില്‍ എന്റെ ഫോട്ടോ ആദ്യമായി കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഞാന്‍ കരുതി. എന്നാല്‍ ഇന്ന്, സ്വന്തം കുഞ്ഞിന്റെ ഫോട്ടോ ഇവിടെ കാണുന്നതിന്റെ സന്തോഷം മറ്റെല്ലാത്തിനെയും മറികടക്കുന്നു. എന്റെ അമ്മ ഇന്നുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ പറയുമായിരുന്നു ‘പ്രിയപ്പെട്ട സിമര്‍, നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു' എന്ന്. നിനക്ക് എന്റെ അനുഗ്രഹങ്ങള്‍ കുഞ്ഞേ, ഈ ആകാശം നിനക്കുള്ളതാണ്.'
ചിത്രത്തില്‍, അഗസ്ത്യയുടെ കഥാപാത്രമായ അരുണ്‍ ഖേതര്‍പാലിന്റെ പ്രണയിനിയുടെ വേഷമാണ് സിമര്‍ അവതരിപ്പിക്കുന്നത്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന 'ഇക്കിസ്' ഈ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങും. ഏറ്റവും പ്രായം കുറഞ്ഞ പരം വീര്‍ ചക്ര ജേതാവായ അരുണ്‍ ഖേതര്‍പാലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ യുദ്ധ ചിത്രം. ധര്‍മേന്ദ്ര, ജയ്ദീപ് അഹ്ലാവത്, സിക്കന്ദര്‍ ഖേര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi