'അവളുടെ മരണം വിജയ്‌യെ തകർത്തു; വികൃതികളൊന്നുമില്ലാത്ത പാവം കുട്ടിയായി അവൻ'

സി.ജോസഫ് വിജയ് അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പം | ANI, Instagram
സി.ജോസഫ് വിജയ് അമ്മ ശോഭ ചന്ദ്രശേഖറിനൊപ്പം | ANI, Instagram

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ പല കാറുകളുടെയും നമ്പർ 0277 ആണ്. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഉപയോഗിച്ചിരുന്ന ബസിന്റെ നമ്പറും അതുതന്നെയായിരുന്നു. സഹോദരി വിദ്യയോടുള്ള ആദരസൂചകമായാണ് വിജയ് ആ നമ്പർ സ്വീകരിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. ചെറുപ്രായത്തിൽ തന്നെ മരിച്ച സഹോദരിയോട് വിജയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്നുവെന്നുവത്രേ. 1977 ഫെബ്രുവരി 2-നാണ് വിദ്യ മരിച്ചതെന്നും അതുകൊണ്ടാണ് ഈ നമ്പർ വിജയ് തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു.

ഇപ്പോഴിതാ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും അതിനെക്കുറിച്ച് സംസാരിക്കുന്നു. വെറും രണ്ടുവയസ്സുള്ളപ്പോഴാണ് വിദ്യ മരിക്കുന്നത്. ആ ദുരന്തത്തിനുമുമ്പ് വിജയ് സന്തോഷവാനും ഊർജസ്വലനുമായ ഒരു കുട്ടിയായിരുന്നുവെന്നും അമ്മ പറയുന്നു. ''നിരന്തരം സംസാരിക്കുകയും കളിക്കുകയും എപ്പോഴും വികൃതികളുമായി ഓടിനടന്ന് കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്ന കുട്ടിയായിരുന്നു വിജയ്. പക്ഷേ എന്റെ മകളുടെ മരണം അവനെയും കുടുംബത്തിലെ മറ്റുള്ളവരെയും മാറ്റിമറിച്ചു'', ശോഭ ഓർക്കുന്നു.

ഒരുകാലത്ത് വളരെ വാചാലനായിരുന്ന ഒരുകുട്ടി സഹോദരിയെ നഷ്ടപ്പെട്ടശേഷം നിശബ്ദനായത് എല്ലാവരും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. സഹോദരിമാരെക്കുറിച്ച് ക്ലാസിൽ ചർച്ച ചെയ്യുമ്പോഴെല്ലാം അവൻ വികാരാധീനനാകുമായിരുന്നുവെന്നും വിജയ്‌യുടെ അധ്യാപകർ പറഞ്ഞതായും അമ്മ ഓർക്കുന്നു.

''ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, ഇത്രയും ചെറുപ്പത്തിൽ ഒരു സഹോദരിയെ നഷ്ടപ്പെടുന്നത് അത്രയും പ്രയാസമേറിയ കാര്യമാണ്. ആ അനുഭവം വിജയ്‌യുടെ വ്യക്തിത്വത്തിലും വൈകാരികലോകത്തിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചതായും ശോഭ വെളിപ്പെടുത്തുന്നു.

വിജയ്‌യുടെ പിതാവും ചലച്ചിത്രകാരനുമായ എസ്.എ.ചന്ദ്രശേഖർ സിനിമയുടെ ഷൂട്ടിങ്ങിനായി പുറത്തുപോകുമ്പോഴെല്ലാം, കുടുംബത്തിന്റെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലായി. വർഷങ്ങളോളം ആ ദുഃഖം അവരിൽ നിലനിന്നിരുന്നുവെന്നും ശോഭ ചന്ദ്രശേഖർ വെളിപ്പെടുത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shoba Chandrasekhar reveals how Vidya's death changed c.joseph vijay from an active child to a silent one. The tragedy deeply impacted Vijay's personality and emotional growth during his early years