'കരീന മറ്റുള്ളവർക്കൊപ്പം അഭിനയിക്കുമ്പോൾ അസൂയ, എന്റെ എതിരാളികൾ അവളുടെ സുഹൃത്തുക്കൾ എന്നതും എന്നെ ബാധിച്ചു'

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതിമാരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012-ലാണ് അവർ വിവാഹിതരാവുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനുശേഷം ബാന്ദ്രയിൽവെച്ചായിരുന്നു രജിസ്റ്റർ വിവാഹം. അതിനുശേഷം മുംബൈയിലെ താജ് മഹൽ പാലസ് ഹോട്ടൽ, ഡൽഹിയിലെ ലൂട്ടിൻസ് ബംഗ്ലാവ് സോൺ എന്നിവിടങ്ങളിൽ ഗ്രാന്റ് റിസപ്ഷനും. ഇരുവർക്കും രണ്ടുകുട്ടികളുണ്ട് ഇപ്പോൾ. ഒമ്പതുവയസ്സുള്ള തൈമുർ, നാലുവയസ്സുകാരനായ ജേ.
പരസ്പരമുള്ള ആരാധനയും ബഹുമാനവും ഇരുവരും തുറന്നുപ്രകടിപ്പിക്കുന്നതിൽ ഒരിക്കലും മടിക്കാറില്ല. പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സെയ്ഫ്. അന്ന് കരീന മറ്റ് അഭിനേതാക്കൾക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് അസൂയയും കുശുമ്പും തോന്നിയിരുന്നതായി പറയുകയാണ് സെയ്ഫ്. 'ദ ഹോളിവുഡ് റിപ്പോർട്ടറി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എല്ലാം മറികടന്ന് കാലക്രമേണ തങ്ങളുടെ ബന്ധം ശക്തമായെന്നും താരം പറയുന്നു.
''ഞാനാദ്യമായി ഡേറ്റ് ചെയ്യുന്ന 'വർക്കിങ് ആക്ടർ' കരീനയാണ്. അവളെ പ്രണയിക്കുന്ന സമയത്ത് എനിക്ക് റാണി മുഖർജി നൽകിയൊരു ഉപദേശമുണ്ട്. 'ഒരു ഹീറോയെ ഡേറ്റ് ചെയ്യുന്നതുപോലെ തോന്നണം' എന്നാണത്'', അദ്ദേഹം ഓർക്കുന്നു. കരീന ഏറെ പ്രത്യേകതകളുള്ളവളാണെന്നും ഒരു താരമെന്നതിലുപരി അമ്മ, ഭാര്യ, ഹോംമേക്കർ എന്നീ സ്ഥാനങ്ങളെയും സ്വാഭാവികമായി ഉൾക്കൊള്ളുന്ന ഒരുവശം കൂടി കരീനയ്ക്കുണ്ടെന്ന് സെയ്ഫ് അഭിപ്രായപ്പെടുന്നു.
കരീനയോടൊപ്പമുള്ള ബന്ധം മറ്റാരുമായും ഉള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ''അവർ ശരിക്കും ഒരു അവിശ്വസനീയ സ്ത്രീയാണ്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ഷമയും സ്‌നേഹവുമുള്ള ആളുകളിലൊരാൾ. അവൾക്കൊപ്പം ജീവിക്കാൻ കഴിയുന്നുവെന്നത് എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവളെക്കുറിച്ച് എനിക്ക് എത്ര പറഞ്ഞാലും മതിയാവില്ല'', സെയ്ഫിന്റെ വാക്കുകൾ. ''അവൾ ക്യാമറയ്ക്ക് മുന്നിൽ വളരെ സർഗ്ഗാത്മകതയുള്ള വ്യക്തിയാണ്, അതേപോലെ തന്നെയാണ് വീട്ടിലും''.
പ്രണയകാലത്ത് കരീന മറ്റ് അഭിനേതാക്കളോടൊപ്പം ജോലി ചെയ്യുമ്പോൾ അരക്ഷിതാവസ്ഥയും അസൂയയും തോന്നിയതായി സെയ്ഫ് സമ്മതിക്കുന്നു. ''തുടക്കത്തിൽ എനിക്ക് അവയെ കൈകാര്യം ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. മറ്റ് പുരുഷന്മാരുമായി അവൾ പ്രവർത്തിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നു. നിങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യേണ്ട വികാരങ്ങളാണിവ, പരസ്പരം വളരെയധികം വിശ്വാസം ആവശ്യമാണ്. സിനിമകളുമായി ഒരു ബന്ധവുമില്ലാത്ത പെൺകുട്ടികളുമായി ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. അതുപോലെയല്ലല്ലോ ഇത്. സിനിമയിലെ എന്റെ എതിരാളികൾ അവളുടെ സുഹൃത്തുക്കൾ അല്ലെങ്കിൽ നായകൻമാർ ആയിരിക്കുമെന്നതാണ് എന്നെ ബാധിച്ചത്. പ്രണയത്തിൽ ഇതെല്ലാം മറികടക്കാനാവും എന്ന് പിന്നീടെനിക്ക് മനസ്സിലായി''. തനിക്ക് ഇപ്പോൾ മറ്റെല്ലാറ്റിനുമുപരി കരീനയുടെ സന്തോഷം തന്നെയാണെന്നും സെയ്ഫ് പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saif Ali Khan opens up about his past insecurities and jealousy regarding Kareena Kapoor`s co-stars