അമൃതയോടുള്ള സംസാരം മിക്കപ്പോഴും ഞാൻ ആശുപത്രിയിൽ കിടക്കുമ്പോഴായിരിക്കും- സെയ്ഫ് അലി ഖാൻ

അമൃത സിങ്ങും സെയ്ഫ് അലി ഖാനും
അമൃത സിങ്ങും സെയ്ഫ് അലി ഖാനും

വളരെ അപൂർവമായേ മുൻഭാര്യ അമൃത സിങ്ങിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ തുറന്നുപറഞ്ഞിട്ടുള്ളൂ. ഇപ്പോൾ 'ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ' ടോക് ഷോയിൽ അമൃതയെപ്പറ്റി മനസ്സുതുറക്കുകയാണ് സെയ്ഫ്. കരിയറിൻ്റെ തുടക്കകാലത്ത് അമൃതയുടെ സ്വാധീനം സെയ്ഫിന് വിലമതിക്കാനാവാത്തതായിരുന്നു. ദാമ്പത്യത്തിൽ കാര്യങ്ങൾ ശരിയാവാഞ്ഞത് ഖേദകരമാണെന്ന് സമ്മതിക്കുമ്പോഴും അവരുമായി സൗഹൃദം തുടരുന്നുണ്ടെന്ന് സെയ്ഫ് പറയുന്നു.

"21 വയസ്സ് ഒരു ചെറിയ പ്രായമാണ്, കാര്യങ്ങൾ മാറാം. ഞങ്ങളുടെ ബന്ധം മുന്നോട്ട് പോയില്ല എന്നത് ശരിതന്നെ, പക്ഷേ, കഴിവുറ്റ രണ്ട് മക്കളെ കിട്ടിയതിനപ്പുറം സിനിമാലോകത്ത് എൻ്റേതായ ഒരു ഇടം കണ്ടെത്താനും ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനും അമൃത എൻ്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടവളായിരുന്നു എന്നത് ഞാനിതുവരെ തുറന്നുപറഞ്ഞിട്ടില്ല. അവർ വളരെ വിലപ്പെട്ടതായിരുന്നു. കാര്യങ്ങൾ ശരിയായില്ല എന്നത് ഖേദകരമാണ്"-സെയ്ഫ് പറഞ്ഞു.

ഇതിനിടെ "പക്ഷേ അവർ നിങ്ങളെ നന്നായി വളർത്തി" എന്ന് കജോൾ തമാശയായി പറഞ്ഞു. ഇതുകേട്ട് സെയ്ഫ് പുഞ്ചിരിച്ചു. "അതൊക്കെ വളരെ പ്രധാനപ്പെട്ട, പലതും പഠിച്ച വർഷങ്ങളായിരുന്നു. അവരൊരു മികച്ച അമ്മയാണ്. ഞാൻ ഭാഗ്യവാനാണ്, മുൻഭാര്യയുമായി നല്ല ബന്ധത്തിലാണ്. ഞങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റിയെല്ലാം സംസാരിക്കാറുണ്ട്, മിക്കപ്പോഴും ഞാൻ ആശുപത്രിയിൽ കിടക്കുമ്പോഴായിരിക്കുമത്. അത് പലപ്പോഴും സംഭവിക്കാറുണ്ട്. അതൊരു പതിവ് സംസാരമാണ്."- സെയ്ഫ് കൂട്ടിച്ചേർത്തു.

സെയ്ഫിൻ്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന 'ബേഖുദി'യുടെ സെറ്റിൽ വെച്ചാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. ഇരുവരും പെട്ടെന്ന് അടുത്തു. പ്രായവ്യത്യാസവും കുടുംബങ്ങളുടെ എതിർപ്പും അവഗണിച്ച്, സെയ്ഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, 1991-ൽ അവർ രഹസ്യമായി വിവാഹിതരായി. വിവാഹം കഴിയുന്നതുവരെ ഇരു കുടുംബങ്ങളും ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ചടങ്ങിന് സാക്ഷികളായ ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും പിന്നീട് വെളിപ്പെടുത്തിയത്. വൈകാതെ, സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും പിറന്നു. പിന്നീട് ഇരുവരും വിവാഹമോചിതരുമായി. 2012-ൽ സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Saif Ali Khan reflects on Amrita Singh`s invaluable role in his early career and life, calling it a `pity` their marriage didn`t last. He speaks fondly of their cordial relationship.