'നടിയെ ഭാര്യയാക്കാൻ ആഗ്രഹിച്ചില്ല' കുറേക്കാലത്തെ പ്രണയത്തിനൊടുവിൽ രവി ശാസ്ത്രി പറഞ്ഞു

അമൃത സിങ്, രവി ശാസ്ത്രിയും അമൃത സിങ്ങും
അമൃത സിങ്, രവി ശാസ്ത്രിയും അമൃത സിങ്ങും

ബോളിവുഡ്-ഇന്ത്യൻ ക്രിക്കറ്റ് പ്രണയകഥ എക്കാലത്തെയും ചൂടുള്ള ചർച്ചാവിഷയങ്ങളിലൊന്നാണ്. ചില പ്രണയങ്ങൾ പാതിവഴിയിൽ കൊഴിയുമ്പോൾ, ചിലത് വിവാഹബന്ധത്തിലെത്തുകയും ചെയ്യും. 80-കളിൽ ബോളിവുഡിനെയും ഇന്ത്യൻ ക്രിക്കറ്റിനെയും ഇളക്കിമറിച്ച അത്തരമൊരു കഥയാണ് രവി ശാസ്ത്രിയുടെയും നടി അമൃത സിങ്ങിന്റെയും. 

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായ രവി ശാസ്ത്രിയും, അക്കാലത്തെ ഏറ്റവും മനോഹരിയായ നടിയെന്ന് പരക്കെ അറിയപ്പെട്ട അമൃത സിങ്ങും. ഒരു പാർട്ടിക്കിടെയാണ് രവി, അമൃതയെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ അമൃതയോട് പ്രണയം തോന്നി. പരസ്പരമുള്ള ഫോൺവിളികൾ, അധികം വൈകാതെ കോഫി ഡേറ്റുകളിലേക്കെത്തി. ഒടുവിൽ രവി പ്രണയം തുറന്നുപറഞ്ഞു. ന്യൂയോർക്കിലെ ഒരു റസ്‌റ്റോറന്റിൽവെച്ച്, രവി അമൃതയ്ക്ക് മോതിരമണിയിച്ചു. അധികം വൈകാതെ ഇരുവരും തമ്മിലുള്ള പ്രണയം ഏറെ ചർച്ചയായി. 

വിദേശത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യാത്രയിൽ, അമൃതയും ഭാഗമായി. അമൃതയുടെ സിനിമാസെറ്റുകളിൽ രവിയും സ്ഥിരമായെത്തി. ആ ബന്ധത്തെക്കുറിച്ച് ഇരുവരും എപ്പോഴും സന്തോഷത്തോടെ തുറന്നുപറയുകയും ചെയ്തു. 1986-ൽ 'സിനി ബ്ലിറ്റ്‌സ്' മാസികയുടെ കവറിൽ ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. 'Amrita-Ravi engaged! The lovers reveal their future plans' എന്നായിരുന്നു കവറിനുപുറത്ത് കുറിച്ചത്. അതോടെ ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന് ആരാധകർ ഉറപ്പിച്ചു. 

ഇരുവരും പിരിഞ്ഞെന്ന് അധികം വൈകാതെ വാർത്തകൾ വന്നു. അമൃത സിനിമയിൽ തുടരുന്നത് രവിക്ക് ഇഷ്ടമായിരുന്നില്ലെന്നും അതാണ് ബന്ധം തകരാൻ കാരണമെന്നും പറയപ്പെട്ടു. അന്ന് രവി ശാസ്ത്രി പറഞ്ഞതിങ്ങനെ, ''ഒരു ആക്ട്രസ് വൈഫിനെ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ ഭാര്യയുടെ ആദ്യ മുൻഗണന കുടുംബവും വീടുമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.''

മറ്റൊരു അഭിമുഖത്തിൽ അമൃത പറഞ്ഞതിങ്ങനെ, ''ആ സമയത്ത് കരിയർ ഒഴിവാക്കാൻ എനിക്ക് തീരെ കഴിയുമായിരുന്നില്ല. കുറച്ചുകാലം കഴിഞ്ഞിട്ടായിരുന്നുവെങ്കിൽ, ഞാനതിന് തയ്യാറായേനെ.''  ഇരുവരും പിരിഞ്ഞതോടെ 1990-ൽ രവി ശാസ്ത്രി, റിതു സിങ്ങിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം അമൃത സിങ്ങും സെയ്ഫ് അലി ഖാനും വിവാഹിതരായി. 



 

Content Highlights: ravi shastri almost tied the knot with amrita singh