രശ്മിക വീട്ടിൽ വഴക്കുണ്ടാക്കി, വിജയ്ക്കൊപ്പം ഇനി അഭിനയിക്കരുതെന്ന് വീട്ടുകാർ പറഞ്ഞു

ഫോട്ടോ: PTI
ഫോട്ടോ: PTI

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ആഴ്ചകൾക്കു മുമ്പാണ് ഉദയ്പൂരിൽ വെച്ച് വിവാഹിതരായത്. രശ്മികയുടെ മുൻ കാമുകൻ രക്ഷിത് ഷെട്ടിയുമായി ബന്ധപ്പെട്ട് അമ്മ സുമൻ്റേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വിവാദമായിരുന്നു. അതിനെതിരേ താരം പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ, രണ്ടാം തവണ വിജയ്‌യോടൊപ്പം അഭിനയിക്കാൻ താൻ നടത്തിയ പോരാട്ടത്തെക്കുറിച്ച് രശ്മിക മുമ്പ് സംസാരിക്കുന്ന വീഡിയോയും വൈറലാവുകയാണ്.

2019-ൽ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൻ്റെ പ്രീ-റിലീസ് ചടങ്ങിലാണ് രശ്മിക ഇക്കാര്യം സംസാരിക്കുന്നത്. "ഞാൻ എൻ്റെ മാതാപിതാക്കളോടും കുടുംബത്തോടും കൂട്ടുകാരോടും പോരാടിയാണ് സിനിമാരംഗത്തേക്ക് വന്നത്. പെൺകുട്ടികൾക്ക് സുരക്ഷിതമല്ലാത്ത മേഖലയാണ് ഇതെന്ന് ഒരു ധാരണയുണ്ട്. സിനിമ പശ്ചാത്തലമില്ലാഞ്ഞിട്ടും ഞാൻ മുന്നോട്ട് പോയി." അവർ പറയുന്നു.

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിൽ വിജയ്‌യോടൊപ്പം അഭിനയിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിൽ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നെന്നും രശ്മിക പറഞ്ഞു. "ഭരത് കമ്മ (സംവിധായകൻ) സാർ തിരക്കഥ അയച്ചു തന്നപ്പോൾ എനിക്കത് ചെയ്യണമെന്ന് തോന്നി. പക്ഷെ എൻ്റെ കുടുംബത്തെ സമ്മതിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടി. വീട്ടിൽ വലിയ വഴക്കായിരുന്നു. വിജയ്‌യോടൊപ്പം രണ്ടാമതൊരു സിനിമ ചെയ്യരുത് എന്നവർ പറഞ്ഞു, ഞാൻ ആർക്കൊപ്പം അഭിനയിക്കുന്നു എന്നത് പ്രധാനമല്ലെന്ന് ഞാൻ പറഞ്ഞു." രശ്മിക പറയുന്നു. ചിത്രത്തിന് ശേഷം വിജയ്‌യുമായുള്ള ലിപ് ലോക്ക് (lip lock) രംഗത്തിന്റെ പേരിൽ രശ്മികയ്ക്ക് ആഴ്ചകളോളം ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു.

ഈ വിഷയത്തെപ്പറ്റി വിജയ്‌യും തുറന്നുപറഞ്ഞിട്ടുണ്ട്. "നമ്മുടെ പ്രിയപ്പെട്ട ലില്ലി (രശ്മികയുടെ കഥാപാത്രം). അവൾ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്, സിനിമയുടെ ആത്മാവാണ്, ഓരോ സ്ത്രീയെയും പ്രതിനിധീകരിക്കുന്നു, ഈ സിനിമ കണ്ടതിന് ശേഷം ഓർമ്മിക്കപ്പെടുന്നതും ലില്ലിയായിരിക്കും. ഈ കഥാപാത്രത്തിനായി ഞങ്ങൾ ഒരുപാട് തിരഞ്ഞു, രശ്മിക ഇത് ചെയ്യാൻ സമ്മതിച്ചപ്പോൾ, അതെത്രത്തോളം ബുദ്ധിമുട്ടായിരുന്നെന്ന് എനിക്കറിയാം. വ്യക്തി ജീവിതത്തെ ബാധിച്ചിട്ടും അവളിത് ചെയ്തു. ആളുകൾ അവർക്ക് തോന്നിയതെല്ലാം പറഞ്ഞു. പക്ഷെ ലില്ലിക്ക് വേണ്ടി അവൾ ജീവൻ തന്നെ നൽകി. രശ്മിക, നന്ദി. നീ വളരെ മനോഹരമായി ചെയ്തു." വിജയ് അന്ന് പറഞ്ഞു.

രശ്മിക-വിജയ് ജോഡി വലിയ വിജയമായിരുന്നിട്ടും 'ഡിയർ കോമ്രേഡി'നുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇപ്പോൾ 'റാണബലി' എന്ന ചിത്രത്തിൽ അവർ വീണ്ടും ഒന്നിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika faced intense family opposition to sign a second film with Vijay Deverakonda., The actor revealed the personal toll of public trolling and media scrutiny., Vijay Deverakonda publicly praised Rashmika's dedication to the role of Lilly., Rashmika is currently taking legal action against the circulation of private audio clips.