‘വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ആ വാക്ക് ഒരിക്കലും തെറ്റിച്ചിട്ടില്ല’

പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് | AFP
പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് | AFP

അടുത്തിടെ ജയ് ഷെട്ടിയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയ്ക്ക് ഒരു സർപ്രൈസായെത്തിയ കത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഭർത്താവ് നിക്ക് ജോനാസാണ് ആ കത്തിന്റെ ഉറവിടം. തന്റെ പുതിയ ചിത്രമായ 'ദ ബ്ലഫിന്റെ' (The Bluff) പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു പ്രിയങ്ക.

"My jaan" എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിച്ചത്. ലോകം കാണുന്ന ഗ്ലോബൽ ഐക്കണിനെക്കാൾ ഉപരിയായി, ഒരു അമ്മയായും മകളായും സഹോദരിയായും ഭാര്യയായും പ്രിയങ്ക കാണിക്കുന്ന കരുതലും ശ്രദ്ധയുമാണ് തന്നെ ഏറ്റവും കൂടുതൽ അദ്ഭുതപ്പെടുത്തുന്നതെന്ന് നിക്ക് കുറിച്ചു. എല്ലാവർക്കും കാണാൻ കഴിയാത്ത പ്രിയങ്കയുടെ ശാന്തമായ മുഖമാണ് തന്നെ ഏറ്റവും ആകർഷിക്കുന്നത്. മറ്റുള്ളവരെ ഒരിക്കലും വിലയിരുത്താതെ, അവർക്ക് ആശ്വാസം പകരാനും കേൾക്കാനും പ്രിയങ്കയ്ക്ക് അസാമാന്യമായ കഴിവുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജീവിതത്തിൽ, വലിയ മാറ്റങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുമ്പോൾ പ്രിയങ്ക കാണിക്കുന്ന ധൈര്യം പ്രചോദനമാണെന്നും, തന്നെ എപ്പോഴും ചേർത്തുപിടിക്കുന്ന അവരുടെ ടീം വർക്കിൽ വലിയ സമാധാനം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം എഴുതി.

കത്ത് വായിച്ചു കേട്ടപ്പോൾ പ്രിയങ്ക വികാരാധീനയായി. തുടർന്ന് അവർ വിവാഹത്തിന് തൊട്ടുമുൻപ് താൻ നിക്കിനോട് സംസാരിച്ചതിനെക്കുറിച്ച് ഓർത്തു. വിവാഹത്തിന് മുൻപ് നിക്കിനോട് തന്റെ അമ്മ ഡോ. മധു ചോപ്രയ്ക്ക് ഒരു വാഗ്ദാനം നൽകാൻ നൽകാൻ പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. "എന്നെ എപ്പോഴും സന്തോഷവതിയായി നിലനിർത്തുമെന്ന്" നിക്ക് അന്ന് അമ്മയ്ക്ക് ഉറപ്പു നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും, ചെറിയ കാര്യങ്ങളിൽ പോലും ആ വാക്ക് നിക്ക് ഇപ്പോഴും പാലിക്കുന്നുണ്ടെന്ന് പ്രിയങ്ക അഭിമാനത്തോടെ പറഞ്ഞു.

2018-ൽ വിവാഹിതരായ ഇവർക്ക് 2022-ൽ മകൾ മാൾടി മേരി ചോപ്ര ജോനാസ് ജനിച്ചു. ഈ ദമ്പതികളുടെ പരസ്പര പിന്തുണയും സ്നേഹവും ആരാധകർക്കും വലിയ പ്രചോദനമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priyanka Chopra received a surprise letter from husband Nick Jonas on Jay Shetty's podcast., The letter praised her personal qualities as a mother, wife, and daughter beyond her global icon status., Priyanka recalled a promise Nick made to her mother to always keep her happy., The moment highlighted the couple's strong bond and mutual support.