അര്‍ഷാദും എനിക്ക് മകനെപ്പോലെ; നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

നീരജ് ചോപ്രയും അർഷാദ് നദീമും / ഫോട്ടോ: പി.ടി.ഐ
നീരജ് ചോപ്രയും അർഷാദ് നദീമും / ഫോട്ടോ: പി.ടി.ഐ

ഒളിമ്പിക്സ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ തന്റെ മകനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയ പാകിസ്താൻ താരം അര്‍ഷാദ് നദീമിനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ പരാമര്‍ശത്തിലൂടെ നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി പാക് ആരാധകരുടെ ഹൃദയം കവര്‍ന്നു. മത്സരത്തിന് അതീതമായി ഒരു അമ്മയുടെ വാത്സല്യമാണ് സരോജ് ദേവിയുടെ വാക്കുകളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര മത്സരത്തിൽ വെള്ളി മെഡല്‍  നേടി. 

''ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് വെള്ളിയും സ്വര്‍ണ്ണവും തുല്യമാണ്. സ്വര്‍ണ്ണം ലഭിച്ചവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കേറ്റിരുന്നു, അതുകൊണ്ട് അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്- സരോജ് ദേവി പറഞ്ഞു.

സ്വര്‍ണ മെഡല്‍ കാത്തിരുന്ന ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു അര്‍ഷാദ് നദീമീന്റെ പ്രകടനം. അര്‍ഷാദിനുതന്നെ ആ ത്രോ അദ്ഭുതമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം വ്യക്തമാക്കുന്നു. നീരജ് ചോപ്ര 89.45 എറിഞ്ഞ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ നേടി. പാരീസ് ഒളിമ്പിക്‌സില്‍ പിറന്ന ഏറ്റവും മികച്ച് അഞ്ച് ത്രോകളെടുത്താല്‍ അതില്‍ മൂന്നും പാക് താരത്തിന്റെ പേരിലാണ്. പാരിസില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരവും ഇന്ത്യന്‍ താരത്തിന്റെ പേരിലല്ല. 92.97 മീറ്ററുമായി സ്വര്‍ണമുറപ്പിച്ച അര്‍ഷാദ് നദീം, അവസാന ശ്രമത്തില്‍ എറിഞ്ഞ 91.79 മീറ്ററാണ് നീരജിന്റെ വെള്ളിമെഡല്‍ ദൂരത്തിനു മുന്നില്‍ രണ്ടാംസ്ഥാനത്തുള്ളത്. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്ററും ഫൈനലില്‍ രണ്ടാം ശ്രമത്തില്‍ 89.45 മീറ്ററും ആയിരുന്നു നീരജിന്റെ ത്രോകൾ.

 ''എല്ലാവര്‍ക്കും ഓരോ ദിവസമുണ്ട്, ഇന്ന് പാകിസ്താന്റെ ദിനമായിരുന്നു. എന്നാല്‍ നമ്മൾ വെള്ളി നേടി,  ഞരമ്പിന്റെ പരുക്കിന് നീരജിന്റെ പ്രകടനം മോശമായതില്‍ ഒരു പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും രാജ്യത്തിനായി അവന്‍ വെള്ളി നേടി. അതിൽ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനമുണ്ട്. എല്ലാ യുവാക്കള്‍ക്കും അവനിൽ നിന്ന് പ്രചോദനം ലഭിക്കും, ''- നീരജിന്റെ പിതാവ് സതീഷ് കുമാര്‍ പറഞ്ഞു.

Content Highlights: neeraj chopra's mother's comments about Pakistan's arshad nadeem