ഡികാപ്രിയോയുടെ രണ്ടാനമ്മ സിഖുകാരിയെന്നറിഞ്ഞ് അതിശയിച്ച് ഇന്ത്യൻ ആരാധകർ

ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോയ്ക്ക് ഇന്ത്യയുമായി ബന്ധമുണ്ടോ? ടൈം മാസികക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഡികാപ്രിയോ തൻ്റെ കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയത് ഇന്ത്യൻ ആരാധകരാണ്. തന്റെ രണ്ടാനമ്മ സിഖുകാരിയാണെന്നാണ് ഡികാപ്രിയോ തുറന്നുപറഞ്ഞത്.
"എൻ്റെ രണ്ടാനമ്മ ഒരു സിഖുകാരിയാണ്. എൻ്റെ അച്ഛൻ ഹിപ്പി പ്രതിസംസ്കാരത്തിൽപ്പെട്ടയാളാണ്. സാൻഫ്രാൻസിസ്കോയിലാണ് അദ്ദേഹം വളർന്നത്. 70-കളിൽ ലോസ് ആഞ്ജലിസിൽ വളർന്നുവന്ന കലാ പ്രസ്ഥാനത്തിൽപ്പെട്ട പലരുമായും അദ്ദേഹം കൂട്ടുകൂടിയിരുന്നു."-ഡികാപ്രിയോ പറഞ്ഞു.
പെഗ്ഗി ഡികാപ്രിയോയാണ് നടന്റെ രണ്ടാനമ്മ. 1995-ലാണ് ഡികാപ്രിയോയുടെ അച്ഛൻ ജോർജ് ഡികാപ്രിയോയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആദം ഫെരാറിനെന്നൊരു മകനുണ്ട്. ഡികാപ്രിയോയ്ക്ക് ഒരു വയസ്സുള്ളപ്പോൾ അദ്ദേഹത്തിൻ്റെ അമ്മ ഇർമെലിൻ ഇൻഡൻബിർക്കനും ജോർജും വിവാഹമോചനം നേടുകയായിരുന്നു.
അമൃത്ധാരി സിഖ് വിശ്വാസിയാണ് പെഗ്ഗി. തലപ്പാാവ് ധരിക്കാറുള്ള പെഗ്ഗി യെ പലപ്പോഴും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലും കാണാറുണ്ട്. വർഷങ്ങൾക്ക് മുമ്പാണവർ സിഖ് മതത്തിന്റെ ഭാഗമായത്. അതേസമയം, ഏതാനും വർഷങ്ങൾക്ക് മുമ്പുമാത്രമാണ് തലപ്പാവ് ധരിച്ചുതുടങ്ങിയത്.
അമ്മയെപ്പറ്റി കേട്ടപ്പോൾ ഡികാപ്രിയോയെ കൂടുതൽ സ്നേഹിക്കാൻ തോന്നിയെന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. നല്ല വ്യക്തികളാണ് അദ്ദേഹത്തെ വളർത്തിയതെന്നത് വ്യക്തമാണ്, ലോകത്തിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാൾക്ക്, മറ്റുള്ളവർ അത്രയധികം പിന്തുടരാത്ത ഒരു മതവുമായി എന്തോ ഒരു ബന്ധമുണ്ടെന്നത് അതിശയകരമാണ് എന്നിങ്ങനെ നീളുന്നു സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ആദ്യമായി തന്റെ അച്ഛനെയും രണ്ടാനമ്മയേയും കണ്ടപ്പോൾ ബോളിവുഡ് താരം ബ്രാഡ് പിറ്റ് വിശ്വസിച്ചിരുന്നില്ലെന്നും ഡികാപ്രിയോ പറഞ്ഞു.
അച്ഛനും അമ്മയും കൂടി 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണ സ്ഥലം സന്ദർശിച്ചപ്പോഴായിരുന്നു സംഭവം. എത്ര പറഞ്ഞിട്ടും അവർ തന്റെ അച്ഛനമ്മമാരാണെന്ന് വിശ്വസിക്കാൻ ബ്രാഡ് പിറ്റ് തയ്യാറായില്ല. അവർ ദിവസവും അങ്ങനെയാണ് വേഷം ധരിക്കുന്നതെന്ന കാര്യം പറഞ്ഞ് പിന്നീട് പിറ്റിനെ ബോധ്യപ്പെടുത്തുകയായിരുന്നു ഡികാപ്രിയോ. ഡികാപ്രിയോ അവസാനമായി അഭിനയിച്ചത് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിലാണ്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hollywood star Leonardo DiCaprio`s stepmother is a Sikh! Discover this surprising family connection and how Brad Pitt reacted on the `Once Upon a Time in Hollywood` set.