കത്രീന അഭിനയിക്കാൻ ഉപദേശിക്കും, തിരിച്ച് ഉദേശിച്ചാൽ അവൾക്ക് സഹിക്കില്ല

കത്രീന കൈഫ്, വിക്കി കൗശൽ | PTI
കത്രീന കൈഫ്, വിക്കി കൗശൽ | PTI

ബോളിവുഡിലെ മാതൃകാദമ്പതിമാരാണ് വിക്കി കൗശലും കത്രീനാ കൈഫും. അടുത്തിടെ വിക്കി ഭാര്യ കത്രീനയെപ്പറ്റി പറഞ്ഞ രസകരമായ കാര്യം കേട്ട് സോഷ്യൽ മീഡിയക്ക് ചിരിയടക്കാനായില്ല. തന്റെ അഭിനയത്തെപ്പറ്റി വിശദമായി വിലയിരുത്തി അഭിപ്രായം പറയുന്ന വ്യക്തിയാണ് കത്രീനയെന്നും തിരിച്ച് അങ്ങനെ ചെയ്താൽ അവൾക്കത് സഹിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് വിക്കി പറഞ്ഞത്.

അഭിനയരംഗത്ത് പത്തുവർഷം പൂർത്തിയാക്കിയ വിക്കിയും 25 വർഷം പൂർത്തിയാക്കിയ കരീന കപൂറുമൊത്തുള്ള ഒരു ചാറ്റ് ഷോയിലായിരുന്നു സംഭവം. വിക്കി പറഞ്ഞതിങ്ങനെ, "കത്രീന വ്യക്തമായി അഭിപ്രായം പറയുന്നത് എനിക്കിഷ്ടമാണ്, അവൾ സത്യസന്ധയാണ്. കാര്യങ്ങൾ എങ്ങനെയാണോ അങ്ങനെ പറയും. ജോലിക്കുപിന്നിലെ കഠിനാധ്വാനം പരിഗണിച്ച് ചിലപ്പോഴൊന്നു ശ്രദ്ധിക്കുമെങ്കിലും മിക്കവാറും നേർക്കുനേർ സംസാരിക്കും. ഒരു സിനിമ പ്രദർശനത്തിനെത്തിയശേഷം അത്തരം അഭിപ്രായങ്ങൾ വളരെ വിരളമാണ്. ഇത് നന്നായിരുന്നു, ഇത് മോശമായിരുന്നു, ഇത് ഇതിലും നന്നായി ചെയ്യാമായിരുന്നു എന്നൊക്കെ അവൾ പറയും."

ഇതുകേട്ട് കരീന ഇടപെട്ടു, തൻ്റെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും സത്യസന്ധമായ അഭിപ്രായങ്ങൾ കേൾക്കാൻ ഇതുപോലെ തുറന്ന മനസ്സുള്ളയാളായിരുന്നെങ്കിൽ എന്ന ആഗ്രഹം തുറന്നുപറഞ്ഞു. എന്നാൽ അതുപോലെ തന്നെയാണ് ഇവിടുത്തെയും അവസ്ഥയെന്ന് വിക്കി തിരുത്തി. കത്രീനയ്ക്കും അത് ഇഷ്ടമല്ല, ആദ്യ പടി പ്രോത്സാഹനമായിരിക്കണം-അദ്ദേഹം പറഞ്ഞു.

ഈയൊരു ശീലത്തിന് കത്രീനയെ കളിയാക്കിയും വിമർശിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. "നിങ്ങൾ മറ്റുള്ളവരെ കളിയാക്കുകയാണെങ്കിൽ, തിരിച്ചും അത് കേൾക്കാൻ കഴിയണം," എന്നായിരുന്നു റെഡ്ഡിറ്റിലെ ഒരു കമന്റ്.

വിക്കിയുടെ 'ഛാവ' സിനിമ വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു, ലോകമെമ്പാടും 800 കോടി രൂപയിലധികം നേടിയ ചിത്രത്തിൽ വിക്കിയുടെ അഭിനയത്തിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പ്രശംസ ലഭിച്ചു. 2024-ലെ 'മെറി ക്രിസ്മസ്' ആണ് കത്രീനയുടെ ഒടുവിലിറങ്ങിയ സിനിമ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi