ധർമേന്ദ്രയുടെ ആദ്യഭാര്യയുമായി ഹേമാമാലിനി സൗഹൃദത്തിലായിരുന്നു, അവിവാഹിതനെങ്കിൽ വിവാഹം ചെയ്യുമെന്നും പറഞ്ഞു

ധർമേന്ദ്ര, ഹേമാമാലിനി | ANI
ധർമേന്ദ്ര, ഹേമാമാലിനി | ANI

ശക്തമായ ഓൺ-സ്ക്രീൻ ജോഡികളായി പേരെടുത്തശേഷമാണ് യഥാർഥജീവിതത്തിലും ഹേമാമാലിനിയും ധർമേന്ദ്രയും ഒന്നിക്കുന്നത്. ധർമേന്ദ്ര നേരത്തേ വിവാഹിതനായിരുന്നതിനാൽ തന്നെ ഇരുവരും തമ്മിലുള്ള പ്രണയം തുടക്കംമുതലേ ബോളിവുഡിൽ വലിയ ചർച്ചയായി.

1976-ലെ അഭിമുഖത്തിൽ, സിനിമ ലോകത്ത് തൻ്റെ 'ഒരേയൊരു യഥാർഥ സുഹൃത്ത്' ധർമേന്ദ്രയാണെന്നും ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാനാഗ്രഹിക്കാത്ത ഒരാളാണ് അദ്ദേഹമെന്നും നടി തുറന്നുപറഞ്ഞു. പ്രണയത്തെപ്പറ്റിയള്ള അഭ്യൂഹങ്ങളോടും അവർ പ്രതികരിച്ചു. "ഞാനൊരു പുരുഷനുമായി സൗഹൃദത്തിലായതുകൊണ്ട് ഞങ്ങൾ പ്രണയത്തിലാണെന്ന് ആളുകൾ പറയുന്നു. എന്നാൽ ഒരു കാര്യം ഉറപ്പാണ്. അദ്ദേഹത്തിന് എല്ലാ വിഷമങ്ങളും പങ്കുവെക്കാനാവുന്ന ഒരേയൊരു വ്യക്തി ഞാനാണ്. എനിക്കും എൻ്റെ പ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിക്കാൻ ഒരു മടിയുമില്ല. കരിയറിനെയും കഥാപാത്രങ്ങളെയും കുറിച്ച് ഞങ്ങളൊരുപാട് ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമാണ്, അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെക്കുറിച്ച് എന്നോട് അഭിപ്രായം തേടാറുണ്ട്.”-ഹേമാമാലിനി പറഞ്ഞു.

അക്കാലത്ത് സഹതാരങ്ങൾ എന്ന നിലയിൽ തങ്ങളുടെ വിവാഹ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ഹേമാമാലിനിയുടെ മറുപടി ഇങ്ങനെയായിരുന്നു. “അദ്ദേഹം അവിവാഹിതനെങ്കിൽ വിവാഹം കഴിക്കുമായിരുന്നോ എന്ന് ആളുകൾ ചോദിക്കാറുണ്ട്. തീർച്ചയായും, അദ്ദേഹം ഒരു ബാച്ച്ലർ ആയിരുന്നെങ്കിൽ ഞാൻ വിവാഹം കഴിക്കുമായിരുന്നു. എല്ലാത്തിനുമുപരി, ഞങ്ങൾക്കിടയിൽ ഒരുപാട് കാര്യങ്ങളിൽ സാമ്യമുണ്ട്. അങ്ങനെയുള്ളപ്പോൾ ഞങ്ങൾ വിവാഹം കഴിക്കേണ്ടതല്ലേ?”

ധർമേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗറുമായി ഹേമാമാലിനിക്ക് സൗഹൃദമുണ്ടായിരുന്നു. “അദ്ദേഹത്തിൻ്റെ ഭാര്യ എന്നെ ഇടയ്ക്കിടെ ഫോൺ വിളിക്കുകയും വീട്ടിൽ വരികയും ചെയ്യാറുണ്ട്. പക്ഷേ ഞാൻ തിരക്കുള്ള കലാകാരിയാണ്, മിക്കപ്പോഴും വീട്ടിലുണ്ടാകാറില്ല. സ്വാഭാവികമായും അദ്ദേഹത്തിൻ്റെ ഭാര്യയും ഞാനും ഒരുമിച്ചുള്ളതിനേക്കാൾ കൂടുതൽ സമയം ഞാനും ധർമയും ഒരുമിച്ചായിരിക്കും.”

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ധർമേന്ദ്രയോട് ഹേമാമാലിനിക്ക് ആകർഷണം തോന്നിയിരുന്നു. "പുതുമുഖമായിരുന്നു ഞാൻ. ധർമ അപ്പോഴേക്കും പ്രശസ്തനായ നായകനായിരുന്നു. അദ്ദേഹത്തിൻ്റെ ആകർഷകമായ ശരീരവും സൗന്ദര്യവും, എല്ലാത്തിനുമുപരി വിനയവും സൗഹൃദവും കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.”-അവർ പറഞ്ഞു.

1980 മെയ് 2-ന് ഇരുവരും വിവാഹിതരായി. ഇഷാ ഡിയോളും അഹാന ഡിയോളുമാണ് മക്കൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Hema Malini`s candid thoughts on her deep connection with Dharmendra, their romance, and why she always wanted to marry him.