ഹെയ്‌ലി ബീബറും ജസ്റ്റിൻ ബീബറും രണ്ടാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിൽ?

പോപ് ഗായകൻ ജസ്റ്റിൻ ബീബറും സംരംഭകയും മോഡലുമായ ഹെയ്ലി ബീബറും കഴിഞ്ഞവർഷമാണ് തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേറ്റത്. മറ്റൊരു കുഞ്ഞിനായി താൻ കൂടുതൽ തയ്യാറെടുത്തുവെന്ന് പറയുകയാണ് ഹെയ്ലിയിപ്പോൾ. മാതൃത്വത്തെക്കുറിച്ച് തൻ്റെ മാറുന്ന കാഴ്ചപ്പാടിപ്പറ്റിയും ജസ്റ്റിൻ ബീബറിനൊപ്പം കുടുംബം വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും ജിക്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തനിക്ക് കുട്ടികളുണ്ടാകുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ലെന്ന് ഹെയ്ലി സമ്മതിച്ചു.
27-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത് ഭയപ്പെടുത്തുന്ന ഒന്നായിരുന്നുവെന്ന് ഹെയ്ലി വിശേഷിപ്പിച്ചു. എന്ത് പ്രതീക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. കുഞ്ഞ് വന്നുകഴിഞ്ഞാൽ, നിങ്ങളോരോ ദിവസവും അത് കണ്ടെത്തും. എല്ലാ ദിവസവും എങ്ങനെ ഒരു അമ്മയാകാമെന്നും എൻ്റെ മകന് എന്താണ് നല്ലതെന്നും പഠിക്കുകയാണെന്നും ഹെയ്ലി പറഞ്ഞു.
ഒരാൾ സ്വയം അമ്മയാകുന്നതുവരെ ആർക്കും ഇതിനെപ്പറ്റി പറഞ്ഞുതരാനും നമ്മളെ തയ്യാറാക്കാനും സാധിച്ചേക്കില്ലെന്നാണ് ഹെയ്ലിയുടെ അഭിപ്രായം. ആദ്യകുഞ്ഞുണ്ടായപ്പോഴത്തെ അവസ്ഥയല്ല, വീണ്ടും ഇത് ചെയ്യാൻ ഞാൻ കൂടുതൽ തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. കുട്ടികളെ പരിപാലിക്കുന്നതിൽ തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും അവർ സംസാരിച്ചു. "എനിക്ക് സഹായമുണ്ട്. എനിക്ക് മുഴുവൻ സമയ സഹായമുണ്ട്, അത് പറയുന്നതിൽ ഒട്ടും ലജ്ജയില്ല, അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഞാൻ ഒരിക്കലും ഒഴിഞ്ഞുമാറുകയുമില്ല, കാരണം സഹായമില്ലാതെ എൻ്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാനോ ഞാൻ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനോ കഴിയില്ല, അതിൽ ഞാൻ ശരിക്കും നന്ദിയുള്ളവളാണ്. മകൻ എൻ്റെ കൂടെയല്ലെങ്കിൽ, അവൻ്റെ അച്ഛൻ്റെ കൂടെയായിരിക്കും. അവൻ എപ്പോഴും അവൻ്റെ കുടുംബത്തോടൊപ്പമാണ്, എപ്പോഴും ഞങ്ങളിൽ ഒരാളുടെ കൂടെയായിരിക്കും. എനിക്ക് ഒന്നിൽ കൂടുതൽ കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്ന് ഞാൻ തിരിച്ചറിയുന്നു"-ഹെയ്ലി പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hailey Bieber opens up about motherhood, feeling more prepared for a second child, and her evolving perspective on family expansion with Justin Bieber.