'ലിവ് ഇന്‍ റിലേഷന്‍ഷിപ്പും രജിസ്റ്റര്‍ ചെയ്യണം, ഇല്ലെങ്കില്‍ തടവും പിഴയും'-ഉത്തരാഖണ്ഡ് സിവില്‍ കോഡ്

ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇനിമുതല്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടിവന്നേക്കും. ഉത്തരാഖണ്ഡില്‍ നടപ്പാക്കാനൊരുങ്ങുന്ന യൂണിഫോം സിവില്‍ കോഡ് (യു.സി.സി.) നിയമമാകുന്നതോടെയാണ് ഇങ്ങനെയൊരു വ്യവസ്ഥ സംസ്ഥാനത്ത് വരിക. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം ആറുമാസം വരെ തടവോ 25000 രൂപ വരെ പിഴയോ അല്ലെങ്കിലും രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമസഭയില്‍ യു.സി.സി. ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസായാല്‍ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നിയമമനുസരിച്ച് 21 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്, അവര്‍ ഉത്തരാഖണ്ഡിലെ താമസക്കാരാണോ അല്ലയോ എന്ന് രജിസ്ട്രാര്‍ക്ക് മുമ്പാകെ രേഖപ്പെടുത്തണം.
ഒരുമിച്ച് താമസം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് മൂന്നുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്യുന്ന പങ്കാളികളുടെ വിവരങ്ങള്‍ പ്രാദേശികസ്റ്റേഷനിലെ ബന്ധപ്പെട്ട ചുമതലയുള്ള പോലീസ് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്യും. അതേസമയം, ഉത്തരാഖണ്ഡ് യു.സി.സി പ്രകാരം, ലിവ്-ഇന്‍ റിലേഷനില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് കോടതിയെ സമീപിക്കാനും ജീവനാംശം ആവശ്യപ്പെടാനും അര്‍ഹതയുണ്ട്. ആ ബന്ധത്തിലുള്ള കുട്ടിയെ ദമ്പതികളുടെ നിയമാനുസൃതമായുള്ള കുട്ടിയായി കണക്കാക്കുകയും ചെയ്യും.
പങ്കാളികളില്‍ ഒരാളെങ്കിലും മറ്റൊരു വൈവാഹികബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലോ പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലോ ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്യാനാവില്ല. ഇരുവരുടെയും സമ്മതവും നിര്‍ബന്ധമാണ്. അതേപോലെത്തന്നെ, ഒരു ലിവ്-ഇന്‍ ബന്ധം അവസാനിപ്പിക്കുമ്പോഴും പങ്കാളികള്‍ ഇരുവരും രജിസ്ട്രാര്‍ക്ക് അവസാനിപ്പിക്കല്‍ പ്രസ്താവന സമര്‍പ്പിക്കണം. അതിന്റെ പകര്‍പ്പ് പങ്കാളിക്കും കൈമാറണം. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂര്‍ണ്ണമായ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടി തുടങ്ങിയ കാര്യങ്ങളും യു.സി.സി.യില്‍ ഉള്‍പ്പെടുന്നു.
Content Highlights: declare live in relationship or face up to 6 months jail, uttarakhand civil code